അടൂർ: വയോധികയായ മാതാവിനെ മകൻ റോഡരികിൽ ഉപേക്ഷിച്ച മക്കൾക്കെതിരേ പൊലീസ് കേസെടുത്തു. ഇളമണ്ണുർ സ്വദേശി പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഫാരീസ് ബീവി(87)യെയാണ് മക്കൾ ഉപേക്ഷിച്ചത്.

ഞായറാഴ്ച ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുവന്നാണ് മകൻ സവാദ് വയോധികയായ അമ്മയെ ഇളമണ്ണൂർ 23 ജങ്ഷനിൽ ഉപേക്ഷിച്ചു മടങ്ങിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അടൂർ എസ്.ഐ. മനോജിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം അവരെ കൂട്ടിക്കൊണ്ടുവന്ന് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അതിനു ശേഷം ഹോളിക്രോസ് ജങ്ഷനിലുള്ള വയോധികസദനത്തിൽ എത്തിച്ചു.

ആറു മക്കളുടെ അമ്മയാണ് ഫാരീസ് ബീവി. ഭർത്താവ് ഇളമണ്ണൂരിലെ പലചരക്ക് വ്യാപാരിയായിരുന്ന അലിയാരുകുഞ്ഞ് മരിച്ചിട്ട് 36 വർഷമായി. ഭർത്താവിന്റെ മരണശേഷം പലചരക്ക് വ്യാപാരം ഏറ്റെടുത്തു. കുറച്ചുനാൾ മുമ്പ് കട വിറ്റ് പണം ബാങ്കിലിട്ടു. ഈ പണം മൂത്ത മകൻ ഹാലിലുകുട്ടി കൈക്കലാക്കിയത്രേ. കോന്നിയിലുള്ള ഹാലിലുകുട്ടിയുടെ വീട്ടിൽ രണ്ടു മാസം താമസിച്ചെങ്കിലും പിന്നീട് അമ്മയെ ഇറക്കിവിട്ടു.

മകൾ സുലൈഖ ബീവിയുടെ വീട്ടിൽ അഞ്ചു മാസമേ താമസിപ്പിച്ചുള്ളൂ. അതിനു ശേഷം മറ്റൊരു മകനായ സവാദിന്റെ വീട്ടിലെത്തി. രണ്ടു മാസം താമസിപ്പിച്ചശേഷം 14ന് സവാദ് അമ്മയെ ഓട്ടോറിക്ഷയിൽ കയറ്റി കുറുമ്പകരയിലുള്ള ഷെറീഫയുടെ വീട്ടിലെത്തിയെങ്കിലും അമ്മയെ താമസിപ്പിക്കാൻ തയാറാകാതെ ഷെറീഫ കതകടച്ചു. അമ്മയുമായി സവാദ് ഇളമണ്ണുർ തീയറ്റർ ജങ്ഷനിൽ സഹോദരൻ കബീറിന്റെയും താമരക്കുളത്തു സഹോദരി സുഹ്‌റയുടെയും വീടുകളിൽ എത്തിയെങ്കിലും അമ്മയെ കൊണ്ടുവരുന്നതറിഞ്ഞ് അവർ വീട് പൂട്ടിപ്പോയി.

ഇതോടെ സവാദ് അമ്മയെ വഴിയിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. കട വിറ്റ് പണം മൂത്ത മകൻ ഹാലിലുകുട്ടിക്ക് നൽകിയതാണ് മറ്റ് മക്കൾക്ക് പ്രശ്‌നമായത്. പണം കിട്ടാത്തതിനാൽ അമ്മയോട് മറ്റ് മക്കൾക്ക് വൈരാഗ്യം ഉണ്ടാവുകയായിരുന്നു