കണ്ണൂർ: സ്വന്തം ചരമ വാർത്തയും പരസ്യവും നൽകി മുങ്ങിയ 75 കാരനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. 1960 കളിൽ കോട്ടയത്തു നിന്നും കുടിയേറി കണ്ണൂർ ജില്ലയിലെത്തിയ തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേലാണ് മുഖ്യധാരാ പത്രങ്ങളിൽ ചരമ വാർത്തയും ചരമ പരസ്യവും നൽകി കഴിഞ്ഞ ദിവസം മുങ്ങിയത്. കോട്ടയം മുട്ടുചിറ മേലുകുന്നേൽ പരേതരായ എം.സി. മാത്യുവിന്റേയും ത്രേ്യസ്യാമ്മയുടേയും മകനാണ് ജോസഫ്. തടിക്കടവ്, വായാട്ടു പറമ്പ്, കേളകം മേഖലകളിൽ കൃഷി നടത്തിയിരുന്നു. മികച്ച കർഷകനുള്ള ബഹുമതിയുൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിരുന്നു. തളിപ്പറമ്പ്കാരനായ ഇദ്ദേഹം പയ്യന്നൂരിലെത്തിയാണ് പത്രമാഫീസുകളിൽ നേരിട്ട് ചെന്ന് സ്വന്തം ചരമവാർത്തയും പരസ്യവും നൽകിയത്.

പരസ്യ ഇനത്തിൽ വൻ തുകയും കയ്യോടെ ഇയാൾ നൽകുകയും ചെയ്തിരുന്നു. ഇത്രയും തുക ചിലവഴിച്ച് എന്തിനാണ് ഇങ്ങിനെ പരസ്യം നൽകി ചരമവാർത്ത നൽകിയതെന്ന് ഇപ്പോഴും ദുരൂഹമാണ്. ജോസഫിനെ കണ്ടെത്തിയാൽ മാത്രമേ ഇതിലെ ദുരൂഹത വ്യക്തമാവൂ. പൊലീസിന്റെ അന്വേഷണ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ ഒരു കേസാണിത്. ചരമ പരസ്യവും വാർത്തയും വന്നപ്പോഴാണ് നാട്ടുകാരും ബന്ധുക്കളും ഞെട്ടിയത്. ഭർത്താവിനെ കാണാനില്ലെന്നും ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും കാണിച്ച് ഭാര്യ മേരിക്കുട്ടി പൊലീസിൽ പരാതി നൽകിയിരിക്കയാണ്. പയ്യന്നൂർ സെൻട്രൽ ബസാറിലെ ലോഡ്ജിൽ കഴിഞ്ഞ 25 ന് താമസിച്ചശേഷം മറ്റൊരു ലോഡ്ജിലേക്ക് മാറി. 30 ാം തീയ്യതി രാവിലെ പത്രങ്ങളിൽ വാർത്തയും ചരമ പരസ്യവും വരുന്നതുവരെ ഇയാൾ അവിടെ കഴിഞ്ഞതായാണ് വിവരം.

ലോഡ്ജിൽ എം.എ. ജോസഫ് മേലുകുന്നേൽ, പി.ഒ. കടുതുരുത്തി, . കോട്ടയം എന്ന വിലാസമാണ് കൊടുത്തത്. കോട്ടയത്ത് മരിച്ച ഒരു ബന്ധുവിനെ കാണാൻ പോകേണ്ട്തിനാൽ വ്യാഴാഴ്ച മുറി ഒഴിയുമെന്ന് തലേ ദിവസം തന്നെ പറഞ്ഞിരുന്നു. പൊലീസും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ജോസഫിനെ കണ്ടെത്താൻ ആയില്ല. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കഴിഞ്ഞ 21 ാം തീയ്യതി മുതൽ ഭർത്താവിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതി. ജോസഫിന്റെ ചെവിക്ക് പിറകിൽ ഒരു മുഴയുണ്ടായിരുന്നു. ഇത് കാൻസറാണെന്ന് അയാൾ സംശയിക്കുകയും ചെയ്തു. തിരുവനന്തപുരം ആർ.സി.സി.യിൽ പോയി ഡോക്ടറെ കാണിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു.

ചരമ വാർത്ത പ്രസിദ്ധീകരിച്ച പത്രം ഓഫീസിലെ ജീവനക്കാരിൽ നിന്നും താമസിച്ച ഹോട്ടലിൽ നിന്നും അധികാരികളിൽ നിന്നും പൊലീസ് മൊഴിയെടുക്കുന്നുണ്ട്. സി.സി. ടി.വി. ദൃശ്യങ്ങളും പരിശോധിക്കും. അന്വേഷണം കർണ്ണാടകത്തിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ജോസഫ് നൽകിയ ചരമ പരസ്യത്തിൽ ഇങ്ങിനെ പറയുന്നു. കലാ-സാംസ്കാരിക രാഷ്ട്രീയ രംഗത്ത് ഇടതു പക്ഷ സഹയാത്രികനായി. ശാസ്ത്ര സാഹിത്യ പരഷത്ത് പ്രവർത്തകനായിരുന്നു.

തിരുവനന്തപുരം ആർ.സി.സി.യിൽ ചികിത്സയിൽ കഴിയവേ ഹൃദ്രോഗ ബാധയെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം ജഗതി ശ്രീകൃഷ്ണ റോഡിലെ മകൻ ഷിജു ജോസഫിന്റെ വസതിയിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ 3 വരെ പൊതു ദർശനത്തിന് വച്ച് ശ്രുശ്രൂഷകൾക്കു ശേഷം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ സംസ്‌ക്കരിക്കും.