- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമം പാസാക്കിയത് 2019 ഡിസംബർ 20ന്; ലക്ഷ്യം കർഷക ക്ഷേമം; എംഎൽഎമാർക്കും മന്ത്രിമാർക്കും ശമ്പളം കൂട്ടുമ്പോഴും പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ പോകാതിരിക്കാൻ എടുക്കുന്ന കരുതലും ഇവിടെ ആരും കാണുന്നില്ല! കർഷകർക്ക് 5000 രൂപ പെൻഷൻ നൽകുന്നതുൾപ്പെടെ ലക്ഷ്യമിട്ട് രൂപവത്കരിച്ച കർഷക ക്ഷേമനിധി ബോർഡിന് ധനവകുപ്പ് പാര; കൃഷി മന്ത്രി പ്രസാദ് പ്രതിഷേധത്തിൽ; ആ ഇടതു സ്വപ്നം ഫയലിൽ ഉറങ്ങുമ്പോൾ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ഇതിനിടെയിലും എംഎൽഎമാർക്കും മന്ത്രിമാർക്കും ശമ്പളം കൂട്ടുന്നു. സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവച്ചപ്പോൾ ജോലി പോയ പേഴ്‌സണൽ സ്റ്റാഫിന് ജോലി നൽകുന്ന മറ്റൊരു കരുതൽ. ഇവർക്ക് പെൻഷൻ ഉറപ്പിക്കാനാണ് ഇത്. എന്നാൽ കർഷകരുടെ കാര്യത്തിൽ ഈ കരുതൽ സർക്കാരിനില്ല. കർഷകർക്ക് 5000 രൂപ പെൻഷൻ നൽകുന്നതുൾപ്പെടെ ലക്ഷ്യമിട്ട് രൂപവത്കരിച്ച കർഷകക്ഷേമനിധി ബോർഡ് വകുപ്പുകളുടെ തർക്കക്കുരുക്കിൽ പെട്ടുഴലുന്നുവെന്നാണ് റിപ്പോർട്ട്.
ധന, കൃഷി വകുപ്പുകൾ തമ്മിൽ പെൻഷൻ തുകയെച്ചൊല്ലിയുണ്ടായ ശീതസമരത്തിൽ പദ്ധതി തന്നെ പ്രതിസന്ധിയിലാകുന്നു. ആരോടു ചർച്ചചെയ്താണ് പരമാവധി പെൻഷൻ തുകയായ 5000 രൂപ നിശ്ചയിച്ചതെന്നാണ് ധനവകുപ്പിന്റെ ചോദ്യം. പദ്ധതിക്ക് അംഗീകാരംതേടി ഫയൽ കഴിഞ്ഞ ഒൻപതുമാസമായി ധനമന്ത്രിയുടെ ഓഫീസിൽനിന്ന് അനങ്ങിയിട്ടില്ല. ഒന്നാം പിണറായി സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതിയാണ് ഇതെന്നതാണ് വസ്തുത. സംഘടനകളിൽ രജിസ്റ്റർചെയ്ത 50 ലക്ഷത്തോളം കർഷകർ സംസ്ഥാനത്തുണ്ട്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കർഷകസംഘത്തിൽ മാത്രം 39 ലക്ഷംപേരുണ്ട്. ബോർഡിന്റെ പ്രവർത്തനം സജീവമാകാത്തതിനാൽ കർഷകരുടെ രജിസ്ട്രേഷൻ നടപടികളും മന്ദഗതിയിലാണ്. ഇതുവരെ രജിസ്ട്രേഷൻ നടപടി പൂർത്തിയായത് 15,000-ത്തോളംപേർക്കു മാത്രം. ഇതിനെല്ലാം കാരണം ധനവകുപ്പിന്റെ ഉടക്കാണ്. സിപിഎം-സിപിഐ തർക്കമായി ഇത് മാറാനും ഇടയുണ്ട്. കൃഷി മന്ത്രി പി പ്രസാദിന് ക്രെഡിറ്റ് പോകുമെന്നതിനാലാണ് ധനവകുപ്പ് ഒളിച്ചു കളിക്കുന്നതെന്ന ആരോപണവും സജീവമാണ്.
സംസ്ഥാനത്തെ കർഷകരുടെ സർവോത്മുഖ ക്ഷേമം ലക്ഷ്യമിട്ട് കേരള സർക്കാർ കൃഷി വകുപ്പുമായി ചേർന്ന് നടപ്പിലാകുന്ന പദ്ധതിയാണ് 'കേരള കർഷക ക്ഷേമനിധി'. 2019 ഡിസംബർ 20നു നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ ആക്ടിന്റെ അടിസ്ഥാനത്തിൽ 2020 ഒക്ടോബർ 14നു കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നു. സംസ്ഥാനത്ത് കാർഷികവൃത്തികൊണ്ട് ഉപജീവനം ചെയ്യുന്ന ഏതൊരു കർഷകന്റെയും ക്ഷേമത്തിനായും ഐശ്യര്യത്തിനായും പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നതിനും യുവ തലമുറയെ കാർഷികവൃത്തിയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ സംവിധാനം രൂപം കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിന്റെ നടപടിക്രമം പൂർത്തിയാകുന്നില്ലെന്ന് മാത്രം.
18 വയസ്സു പൂർത്തിയായ ഏതൊരു കർഷകനും ക്ഷേമനിധി ബോർഡിൽ അംഗമായി രജിസ്റ്റർ ചെയ്യാം. കേരള കർഷക ക്ഷേമനിധി ആക്ട് നിലവിൽ വന്ന 2019 ഡിസംബർ 20ന് 56 വയസ്സു പൂർത്തിയായ ഏതൊരു കർഷകനും 65 വയസ്സു വരെ ക്ഷേമനിധിയിൽ അംഗമാകുന്നതിന് അർഹത ഉണ്ടായിരിക്കും. വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ കവിയാത്ത, 3 വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗ്ഗമാക്കിയിരിക്കുന്ന കർഷകർക്ക് ഈ ക്ഷേമനിധിയിൽ അംഗങ്ങളാകാം. കൃഷി, അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി, പട്ടുനൂൽപ്പുഴു കൃഷി, തേനീച്ച വളർത്തൽ, അലങ്കാര മത്സ്യകൃഷി, കൂൺ കൃഷി, കാടക്കൃഷി തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അംഗമാകാം.
വർഷം കുറഞ്ഞത് 1000 കോടിരൂപയെങ്കിലും ക്ഷേമനിധിയിൽ എത്തുമെന്നും ഇതുവഴി പെൻഷൻ നൽകാമെന്നുമായിരുന്നു ബോർഡിന്റെ കണക്കുകൂട്ടൽ. കാർഷിക മൂല്യവർധിത ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽനിന്നുള്ള ഒരുശതമാനം ലാഭവിഹിതം, കാർഷികേതരാവശ്യത്തിന് ഭൂമി തരംമാറ്റുമ്പോൾ അപേക്ഷകരിൽനിന്ന് ഈടാക്കുന്ന പിഴത്തുകയുടെ വിഹിതം, കോർപ്പറേറ്റ് കമ്പനികളിൽ നിന്നുള്ള സി.എസ്.ആർ. ഫണ്ട്, കർഷകക്ഷേമനിധി സ്റ്റാമ്പുകളിൽനിന്നുള്ള വരുമാനം, നിലവിലുള്ള കിസാൻ അഭിമാൻ പദ്ധതിയിൽനിന്നുള്ള തുക തുടങ്ങിയ വരുമാന സ്രോതസ്സുകൾ നിയമത്തിൽത്തന്നെ വ്യവസ്ഥചെയ്തിട്ടുണ്ട്.
അംശദായവും സർക്കാർ വിഹിതവും പലിശയും ഇതിനുപുറമേയാണ്. ഈ പദ്ധതികൾക്കൊന്നും അംഗീകാരം കിട്ടാത്തതിനാൽ കർഷകരിൽനിന്ന് ലഭിച്ച 55 ലക്ഷത്തോളം രൂപ മാത്രമാണ് ഇതുവരെയുള്ള ബോർഡിന്റെ വരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണത്തിൽ പ്രധാന ഇനമായിരുന്നു കർഷകക്ഷേമനിധി ബോർഡ്. തിരഞ്ഞെടുപ്പിന് ആറുമാസംമുമ്പേ ക്ഷേമനിധി ബോർഡിന് സർക്കാർ രൂപംനൽകിയിരുന്നു. എന്നാൽ, ബോർഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പദ്ധതിക്ക് അംഗീകാരം നൽകിയില്ല. ഈ ഫയൽ മന്ത്രിസഭ പോലും കണ്ടിട്ടില്ല. ഇതിന് ധനവകുപ്പ് അനുമതി നൽകുന്നില്ലെന്നതാണ് വസ്തുത. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണം.
കർഷകന് നൽകുന്ന 5000 രൂപ പെൻഷൻ സർക്കാരിന് ബാധ്യതയാകുമോയെന്ന സംശയമാണ് ധനവകുപ്പ് ഉന്നയിച്ചത്. എന്നാൽ, തനതു വരുമാനത്തിൽ നിന്നു തന്നെ ഈ തുക കണ്ടെത്താനാകുമെന്ന് കൃഷിവകുപ്പ് മറുപടി നൽകി. ഇതിനുള്ള ഒട്ടേറെ സ്രോതസ്സുകൾ കർഷക േക്ഷമനിധി ബോർഡ് നിയമത്തിൽത്തന്നെ പറയുന്നുണ്ടെന്നും കൃഷിവകുപ്പ് വ്യക്തമാക്കിയിരുന്നു. കൃഷിമന്ത്രി പി. പ്രസാദും ധനമന്ത്രി കെ.എൻ. ബാലഗോപാലും വിഷയത്തിൽ പലതവണ ചർച്ച നടത്തി. എന്നിട്ടും ഫയൽ ഒരിഞ്ചുപോലും അനങ്ങിയിട്ടില്ല.
മനഃപൂർവം വൈകിപ്പിക്കുന്നില്ല
ബോർഡിന്റെ പ്രവർത്തനം സംബന്ധിച്ച് പ്രായോഗിക കാര്യങ്ങളിൽ ചർച്ച നടക്കാനുണ്ടെന്നാണ് ധനമന്ത്രിയുടെ വാദം. ധനവകുപ്പ് മനഃപൂർവം ഫയൽ വൈകിപ്പിക്കുന്നില്ല. ചർച്ചനടത്തി കാര്യങ്ങളിൽ വ്യക്തതവരുത്തുന്നമുറയ്ക്ക് പദ്ധതികൾക്ക് അംഗീകാരം ലഭിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
കൃഷിയുടെ നിർവചനം
കേരള കർഷക ക്ഷേമനിധി നിയമ പ്രകാരം, വിളപരിപാലനം, ഉദ്യാനകൃഷി, ഔഷധ-സസ്യപരിപാലനം, നടീൽ വസ്തുക്കളുടെ ഉൽപാദനവും വിൽപനയും, ഇടവിളകളുടെയും വൃക്ഷങ്ങളുടെയും പരിപാലനം, പച്ചക്കറി വളർത്തൽ, തീറ്റപ്പുൽ കൃഷി, മത്സ്യം വളർത്തൽ, അലങ്കാര മത്സ്യം വളർത്തൽ, പശു, ആട്, പോത്ത്, പന്നി, മുയൽ മുതലായ മൃഗപരിപാലനം, കോഴി, കാട, താറാവ്, തേനീച്ച, പട്ടുനൂൽപ്പുഴു എന്നിവയുടെ പ്രജനനവും പരിപാലനവും, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെ കാർഷികാവശ്യത്തിനുള്ള ഭൂമിയുടെ ഉപയോഗം തുടങ്ങിയവ കൃഷി എന്ന നിർവചനത്തിൽപ്പെടുന്നു.
ഉടമസ്ഥനായോ, അനുമതി പത്രക്കാരനായോ, ഒറ്റി കൈവശക്കാരനായോ, വാക്കാൽ പാട്ടക്കാരനായോ, സർക്കാർ ഭൂമി പാട്ടക്കാരനായോ, കുത്തക പാട്ടക്കാരനായോ, അല്ലെങ്കിൽ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്റിൽ കുറയാതെയും 15 ഏക്കറിൽ കൂടാതെയും കൃഷി ഭൂമി കൈവശം വെച്ചിരിക്കുന്ന വ്യക്തികൾക്ക് ബോർഡിൽ അംഗങ്ങളാകാൻ സാധിക്കും. എന്നാൽ ഏലം, റബർ, കാപ്പി, തേയില എന്നീ തോട്ടവിളകൾക്ക് പരമാവധി ഏഴര ഏക്കറാണ് പരിധി. നിധിയിലേക്ക് അംഗത്വം ലഭിക്കുന്ന ഓരോ കർഷകനും മരണാനന്തര ആനുകൂല്യം നൽകുന്നതിന് ആക്ടിലെ കുടുംബം എന്ന നിർവചനത്തിൽപ്പെടുന്ന ഒരാളെ നാമനിർദ്ദേശം ചെയ്യണം. കർഷകന്റെ ഭാര്യ, ഭർത്താവ്, അവരുടെ പ്രായപൂർത്തിയായതോ ഭിന്നശേഷിക്കാരായതോ ആയ മക്കൾ, ദത്തെടുത്ത കുട്ടികൾ, അവിവാഹിതരോ വിധവകളോ വിവാഹമോചിതരോ ആയ പെൺമക്കൾ, കർഷകന്റെ മരണപ്പെട്ട മക്കളുടെ വിധവയും പ്രായ പൂർത്തിയാകാത്ത മക്കൾ, കർഷകനെ ആശ്രയിച്ചുകഴിയുന്ന അവരുടെ മാതാപിതാക്കൾ എന്നിവരെയും അനന്തരാവകാശികളായി നാമനിർദ്ദേശം ചെയ്യാം.
ഈ പദ്ധതി മുമ്പോട്ട് വച്ച ആനുകൂല്യങ്ങൾ ചുവടെ ആനുകൂല്യങ്ങൾ
1. ക്ഷേമനിധി പെൻഷൻ
അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശിക ഇല്ലാതെ 60 വയസ്സ് വരെ അംശദായം അടച്ച് അംഗമായി തുടരുകയും ചെയ്ത കർഷകർക്ക് ഒടുക്കിയ അംശദായത്തിന്റെയും ഒടുക്കിയ കാലയളവിന്റെയും ആനുപാതികമായി പദ്ധതി പ്രകാരമുള്ള തുക പെൻഷൻ ആയി ലഭിക്കും.
എന്നാൽ ആക്ടിന്റെ പ്രാരംഭ തീയതിയിൽ 56 വയസ്സു പൂർത്തിയാക്കിയ ഏതൊരു കർഷകനും അയാൾ ആക്ടിന്റെ 4-ആം വകുപ്പ് 1-ആം ഉപവകുപ്പ് പ്രകാരം 65 വയസ്സു വരെ നിധിയിൽ അംഗമാകുകയും ചെയ്യുന്ന സംഗതിയിൽ അംഗം 60 വയസ്സ് പൂർത്തീകരിക്കുകയും 5 വർഷത്തിൽ കുറയാതെ അംശാദായം അടച്ചുതീർക്കുകയും ചെയ്ത തീയതിയുടെ തൊട്ടടുത്ത മാസം മുതൽ പെൻഷനു അർഹതയുണ്ടായിരിക്കുന്നതാണ്.
2. അനാരോഗ്യ ആനുകൂല്യം
കുറഞ്ഞത് അഞ്ചുവർഷം അംശദായം ഒടുക്കി കുടിശ്ശിക ഇല്ലാതെ തുടരുന്ന അംഗത്തിന് പെൻഷൻ തീയതിക്ക് മുമ്പുതന്നെ അനാരോഗ്യം കാരണം കാർഷികവൃത്തിയിൽ തുടരാൻ കഴിയാത്ത അവസ്ഥയിൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെ നിശ്ചിത തുക പ്രതിമാസ ആനുകൂല്യം ലഭിക്കും. 60 വയസ്സിന് ശേഷം സാധാരണ പെൻഷൻ ലഭിക്കുകയും ചെയ്യും.
3. കുടുംബ പെൻഷൻ
ക്ഷേമനിധിയിൽ കുറഞ്ഞത് അഞ്ചു വർഷം അംശദായം അടച്ചതിനു ശേഷം കുടിശ്ശിക ഇല്ലാതെ അംശദായം അടച്ചു വരികെ അംഗം മരണമടയുകയോ, പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കെ അംഗം മരണമടയുമ്പോഴും അംഗത്തിന്റെ കുടുംബത്തിന് കുടുംബപെൻഷന് അർഹത ഉണ്ടായിരിക്കും.
4. അവശതാ ആനുകൂല്യങ്ങൾ
അഞ്ചു വർഷം തുടർച്ചയായി അംശദായം അടച്ച് കുടിശ്ശിക ഇല്ലാതെ തുടരുന്ന അംഗത്തിന് രോഗം മൂലമോ അപകടം മൂലമോ സ്ഥിരവും പൂർണവുമായ ശാരീരിക/മാനസിക അവശത കാരണം ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിൽ അവശത 50 ശതമാനത്തിനു മുകളിൽ ആണെന്ന് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നൽകുന്ന പെൻഷൻ.
5. ചികിത്സാസഹായം
പദ്ധതിയിലെ അംഗങ്ങൾ ബോർഡ് തീരുമാനിക്കുന്ന ലൈഫ് ഇൻഷുറൻസ് /മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയിൽ അംഗം ആകണം. ഗുരുതര രോഗബാധയുള്ളവർക്ക് ബോർഡ് നിശ്ചയിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി പ്രത്യേക ചികിത്സാധനസഹായം നൽകും. പ്രസ്തുത ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കാൻ അർഹതയില്ലാത്ത സാഹചര്യത്തിൽ കുടിശ്ശിക ഇല്ലാതെ തുടരുന്നവർക്ക് സർക്കാർ ആശുപത്രികളിലോ ബോർഡ് തീരുമാനിക്കുന്ന ആശുപത്രിയിലോ ഇൻ-പേഷ്യന്റ് ആയുള്ള ചികിത്സയ്ക്ക് ഓരോ വർഷവും നിശ്ചിത തുക പദ്ധതിപ്രകാരം ലഭിക്കും.
6. പ്രസവാനുകൂല്യം
അഞ്ചു വർഷമെങ്കിലും തുടർച്ചയായി അംശദായം അടച്ച് തുടർന്നും കുടിശ്ശിക ഇല്ലാതെ അംശാദായം അടച്ചു വരുന്ന വനിതാ അംഗത്തിന് പ്രസവാനുകൂല്യം ആയി പദ്ധതി പ്രകാരം നിശ്ചിത തുക ലഭിക്കുന്നതാണ്.
7. വിവാഹ ധനസഹായം
അഞ്ചുവർഷം അംശദായം അടച്ച് തുടർന്നും കുടിശ്ശിക ഇല്ലാതെ അടച്ചു വരുന്ന വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹത്തിന് പദ്ധതി പ്രകാരം ധനസഹായം ലഭിക്കും.
8. ഒറ്റത്തവണ ആനുകൂല്യം
25 വർഷത്തിൽ കുറയാത്ത കാലയളവിൽ അംശദായം അടച്ചിട്ടുള്ള അംഗങ്ങൾക്കു് മറ്റു ആനുകൂല്യങ്ങൾക്ക് പുറമേ ഒരു നിശ്ചിത തുക ഒറ്റത്തവണയായി നൽകും.
9. വിദ്യാഭ്യാസ ധനസഹായം
അഞ്ചുവർഷക്കാലം അംശദായം അടച്ച് തുടർന്നും കുടിശ്ശിക ഇല്ലാതെ അടച്ചു വരുന്ന അംഗങ്ങളുടെ മക്കൾക്ക് അംഗീകൃത സർവകലാശാലയുടെ അഫിലിയേഷൻ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദം മുതലുള്ള കോഴ്‌സ് പഠിക്കുന്നതിന് വിദ്യാഭ്യാസ ധനസഹായം നൽകുന്നതാണ്.
10. മരണാനന്തര ആനുകൂല്യം
അംഗം അസുഖം കാരണമോ അപകടം/പ്രകൃതിക്ഷോഭം/വന്യജീവി ആക്രമണം/വിഷബാധ എന്നിവ കാരണമോ മരണമടഞ്ഞാൽ പെൻഷൻ ആനുകൂല്യത്തിന് പുറമേ ഇൻഷുറൻസ് പദ്ധതിപ്രകാരമുള്ള മരണാനന്തര ആനുകൂല്യം അനന്തരാവകാശികൾക്ക് ലഭിക്കുന്നതാണ്. നിധിയിലേക്ക് അംശാദായം അടക്കുകയും അഞ്ച് വർഷം പൂർത്തിയായില്ല എന്ന കാരണത്താൽ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവർക്ക് നിർണയിക്കപ്പെടാവുന്ന പ്രകാരം ഉള്ളതും നിർണയിക്കപ്പെടാവുന്ന നിരക്കിലുള്ളതുമായ തുക തിരികെ നൽകും.
മറുനാടന് മലയാളി ബ്യൂറോ