ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർക്ക് മദ്യം ഉൾപ്പെടെ നൽകി പിന്തുണയ്ക്കണമെന്ന കോൺ​ഗ്രസ് വനിതാ നേതാവിന്റെ പ്രസം​ഗം വിവാദമാകുന്നു. ഹരിയാനയിലെ കോൺ​ഗ്രസ് നേതാവായ വിദ്യാറാണിയാണ് വിവാദ പ്രസം​ഗം നടത്തിയത്. പണമോ പച്ചക്കറികളോ മദ്യമോ അങ്ങനെ എന്തും നൽകി കർഷക സമരത്തെ പിന്തുണയ്ക്കണമെന്നായിരുന്നു വിദ്യാറാണിയുടെ പ്രസം​ഗം. ഇതിനെതിരെ കർഷക നേതാക്കൾ രം​ഗത്തെത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു. മദ്യം നൽകി സ്വന്തം പാർട്ടിയെ ശക്തിപ്പെടുത്തിയാൽ മതിയെന്ന പ്രതികരണവുമായി കർഷക നേതാവ് രാകേഷ് ടിക്കായത് രം​ഗത്തെത്തി.

"ഇവിടെ മദ്യത്തിന്റെ ഉപയോഗം എന്താണ്? എന്തുകൊണ്ടാണ് അവർ ഇത്തരം അഭിപ്രായങ്ങൾ പറയുന്നതെന്ന് എനിക്കറിയില്ല. അത്തരം ആളുകൾക്ക് പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ല. ഇത് തെറ്റാണ്, അത് ചെയ്യാൻ പാടില്ല," ടിക്കായത് പറഞ്ഞു. തങ്ങളുടെ (കോൺഗ്രസ്) സ്വന്തം പ്രസ്ഥാനത്തിൽ അവർക്ക് ആവശ്യമുള്ളത് വിതരണം ചെയ്യാൻ കഴിയും, "അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകരുടെ പ്രക്ഷോഭം ശക്തിപ്പെടുത്തണമെന്ന് വിദ്യാ റാണി തിങ്കളാഴ്ച പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടുകയും "പണം, പച്ചക്കറികൾ, മദ്യം എന്നിങ്ങനെയുള്ളവ" സംഭാവന ചെയ്യാമെന്ന് പറയുന്ന വീഡിയോ പ്രചരിച്ചതോടെയാണ് വിവദം കനത്തത്. ജിന്ദിലെ യോഗത്തിലായിരുന്നു വിദ്യാറാണിയുടെ പരാമർശം. ജിന്ദിൽ നമ്മൾ ഒരു പദയാത്ര നടത്താനൊരുങ്ങുകയാണ്. സംസ്ഥാനത്ത് കോൺഗ്രസ് പ്രതിസന്ധിയിലാണ്. എന്നാൽ കർഷകരുടെ സമരം ഒരു പിടിവള്ളിയായിട്ടുണ്ട്. അവരുടെ സമരം കോൺഗ്രസിനു പുതിയ ദിശാബോധവും കരുത്തും നൽകുമെന്ന് വിദ്യാറാണി പറഞ്ഞു. റിപ്പബ്ലിക് ദിനത്തിലെ സംഭവങ്ങൾ കർഷകരുടെ സമരത്തിനു തിരിച്ചടിയായിരുന്നു. എ്ന്നാൽ അവർ അതിനെ മറികടന്നു. നമ്മൾ അവരെ സഹായിക്കണം. പണമോ പച്ചക്കറികളോ മദ്യമോ അങ്ങനെ എന്തു നൽകി സമരത്തെ പിന്തുണയ്ക്കണമെന്ന് വിദ്യാറാണി പറഞ്ഞു.

യോഗത്തിൽ സഫിദോൺ എം‌എൽ‌എ സുഭാഷ് ഗംഗോളിയും മറ്റ് ചില കോൺഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിദ്യാദേവി ജിന്ദിലെ നർവാന നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു.