- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചാൽ ആശ്രിതർക്കു ലഭിക്കുന്നത് 10 ലക്ഷം രൂപ; വനത്തിനകത്തുവെച്ച് പാമ്പുകടിച്ചു മരിച്ചാൽ ഒരുലക്ഷം രൂപയും വനത്തിനു പുറത്തുവച്ചാണ് മരണമെങ്കിൽ രണ്ടുലക്ഷം രൂപ; നഷ്ടപരിഹാരത്തുക വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തിൽ മലയോര കർഷകർ ആശങ്കയിൽ
നിലമ്പൂർ: വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതുമെല്ലാം ഇന്ന് മലയോര മേഖലകളിൽ പതിവു സംഭവങ്ങളായി മാറിയിട്ടുണ്ട്. ഇതിന് പരിഹാരം കാണണം എന്ന ആവശ്യമായി മലയോര കർഷകർ രംഗത്തുവന്നിട്ടും അതൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടെയാണ് കർഷകർക്ക് ആശങ്ക ഉണ്ടാക്കുന്ന മറ്റൊരു നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത്. വന്യമൃഗങ്ങളുണ്ടാക്കുന്ന വിളനാശത്തിനും ജീവനാശത്തിനുമുള്ള നഷ്ടപരിഹാരത്തുക വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ മലയോരത്തെ കർഷകർക്ക് കടുത്ത ആശങ്ക ഉണ്ടായിട്ടുണ്ട്.
വന്യമൃഗശല്യം മൂലമുണ്ടാകുന്ന പരിക്ക്, വീടിനുണ്ടാകുന്ന നഷ്ടം തുടങ്ങിയവയ്ക്കുള്ള നഷ്ടപരിഹാരത്തുകയിലും കുറവുണ്ടാകും. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചാൽ ആശ്രിതർക്കു ലഭിക്കുന്നത് 10 ലക്ഷം രൂപയാണ് കുറവുണ്ടാകുന്നത്. വനത്തിനകത്തു വെച്ച് പാമ്പുകടിച്ചു മരിച്ചാൽ ഒരുലക്ഷം രൂപയും വനത്തിനു പുറത്തുവച്ചാണ് മരണമെങ്കിൽ രണ്ടുലക്ഷം രൂപയും നിലവിൽ ലഭിക്കും. പുതിയ തീരുമാനംവന്നാൽ ഇതിലൊക്കെ കുറവുണ്ടാകും. സംസ്ഥാന സർക്കാരാണ് നഷ്ടപരിഹാരം നൽകുന്നതെങ്കിലും സഹായത്തിന്റെ 60 ശതമാനവും കേന്ദ്രവിഹിതമാണ്.
ഒരുവർഷം നാലുതവണവരെ ഒരാൾക്ക് ഒരേസ്ഥലത്ത് കൃഷിനാശത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ വനംവകുപ്പിനു കഴിയും. കൃഷിവകുപ്പാണ് കാർഷിക വിളകളുടെ നാശം കണക്കാക്കുന്നത്. എത്ര സ്ഥലത്തെ കൃഷി നശിപ്പിച്ചു എന്നതും നശിപ്പിച്ച കൃഷിയുടെ മൂല്യവും കൂടി കണക്കിലെടുത്താണ് നഷ്ടം കണക്കാക്കുന്നത്. ഒരു ഹെക്ടർ സ്ഥലത്തെ നെൽക്കൃഷിയാണ് വന്യമൃഗങ്ങൾ നശിപ്പിക്കുന്നതെങ്കിൽ 10,000 രൂപയാണ് കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് നഷ്ടപരിഹാരം. വനംവകുപ്പ് 10 ശതമാനംകൂടി കൂട്ടി 11,000 രൂപയാക്കിയാണ് നൽകുത്.
കുലച്ച തെങ്ങൊന്നിന് 700 രൂപയും കുലയ്ക്കാത്തതിന് 350 രൂപയും നൽകും. ഒരുവർഷം പ്രായമുള്ള തെങ്ങിന് 100 രൂപയാണ് നൽകുക. കുലച്ച വാഴ ഒന്നിന് 100 രൂപയും കുലയ്ക്കാത്ത വാഴയ്ക്ക് 75 രൂപയും ലഭിക്കും. ടാപ്പ് ചെയ്യുന്ന റബ്ബറൊന്നിന് 300 രൂപയാണ് ലഭിക്കുക. ടാപ്പ് ചെയ്യാത്തതിന് 200 രൂപയും. കശുമാവ് കായ്ച്ചതിന് 150 രൂപയും മൂന്നുവർഷം പ്രായമുള്ള കായ്ക്കാത്ത കശുമാവിന് 100 രൂപയും കിട്ടും. കമുകിന് കായ്ഫലമുള്ളതാണെങ്കിൽ 150 രൂപയും കായ്ക്കാത്തതിന് 100 രൂപയും ലഭിക്കും.
കായുള്ള ഒരു കുരുമുളക് ചെടിക്ക് 75 രൂപയാണ് ലഭിക്കുക. ഇഞ്ചി 10 സെന്റ് സ്ഥലത്തിന് 150 രൂപയും മഞ്ഞളിന് 120 രൂപയും ലഭിക്കും. പച്ചക്കറികൾക്ക് 10 സെന്റിന് 200 രൂപയാണ്. പൈനാപ്പിളിന് 750 രൂപ ലഭിക്കും. വിപണിമൂല്യം നോക്കുമ്പോൾ ഈ ലഭിക്കുന്ന നഷ്ടപരിഹാരംതന്നെ കുറവാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം. പലരും കൃഷി ഉപേക്ഷിക്കാൻതന്നെ ഇതിടയാക്കും. ഇപ്പോൾത്തന്നെ പലരും മാന്യമായ പ്രതിഫലം നൽകി കൃഷിഭൂമി ഏറ്റെടുക്കാൻ വനംവകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്