ന്യൂഡൽഹി: ദേശീയ-സംസ്ഥാന പാതകളെ ഉപരോധിച്ചുകൊണ്ട് കർഷകർ നടത്തുന്ന പ്രതിഷേധത്തിൽ രാജ്യത്ത് പലയിടത്തും ഗതാഗതം സ്തംഭിച്ചു. കാർഷികനിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെയാണ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ ദേശീയ, സംസ്ഥാന പാതകൾ തടഞ്ഞത്.

'ചക്കാ ജാം'മിൽനിന്നും ഡൽഹി, യുപി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ നേരത്തെ ഒഴിവാക്കിയിരുന്നു. ആംബുലൻസ്, സ്‌കൂൾ ബസ് എന്നിവ ഒഴികെയുള്ള വാഹനങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായി തടഞ്ഞത്. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനം അതീവ ജാഗ്രതയിലായിരുന്നു. സിംഘു, തിക്രി, ഗസ്സിപ്പുർ എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഇന്റർനെറ്റിന് കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

ഹരിയാനയിലെ പൽവാളിനടുത്തുള്ള അതോഹൻ ചൗക്കിൽ കർഷകർ പ്രതിഷേധം നടത്തി. ചക്കാ ജാമിൽ രാജ്യത്തിന്റെ ചില ഭാഗങ്ങൾ സ്തംഭിച്ചു. ബെംഗളൂരുവിലും പുണെയിലും വലിയ ട്രാഫിക് ബ്ലോക്കുകൾ രൂപപ്പെട്ടു. ബെംഗളൂരുവിൽ മുപ്പതോളം പേരെ കസ്റ്റഡിയിലെടുത്തു.

ഷാജഹാൻപുർ അതിർത്തിക്ക് (രാജസ്ഥാൻ-ഹരിയാന) സമീപം പ്രതിഷേധക്കാർ ദേശീയപാത തടഞ്ഞു. ബെംഗളുരു യെലഹങ്ക പൊലീസ് സ്റ്റേഷന് പുറത്ത് പ്രക്ഷോഭം നടത്തിയ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ അമൃത്സറിലും മൊഹാലിയിലും പ്രതിഷേധക്കാർ റോഡുകൾ തടഞ്ഞു.

പ്രതിഷേധം കണക്കിലെടുത്ത് ഗസ്സിപുർ അതിർത്തിയിൽ കനത്ത സുരക്ഷാ വിന്യാസം ഏർപ്പെടുത്തി. 'ചക്ക ജാമിന്റെ' ഭാഗമായി കൃഷി നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച ഷാഹിദി പാർക്ക് പ്രദേശത്തെ പ്രതിഷേധക്കാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്ന പ്രതിഷേധക്കാരെ തെലങ്കാന പൊലീസ് നീക്കം ചെയ്തു.

പഞ്ചാബ്-ഹരിയാണ അതിർത്തികൾ പൂർണ്ണമായും അടച്ചിട്ടു. ഇവിടങ്ങളിലെ ഒട്ടുമിക്ക റോഡുകളും കർഷകർ ഉപരോധിച്ചു. ഡൽഹി-എൻ.സി.ആർ മേഖലയിൽ സുരക്ഷക്കായി 50000 പൊലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ പരേഡിനിടെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെങ്ങും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പത്തോളം മെട്രോ സ്റ്റേഷനുകൾ രാവിലെ മുതൽ തന്നെ അടച്ചിട്ടിരുന്നു.

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും റോഡുകൾ ഉപരോധിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് നേരത്തെ അറിയിച്ചിരുന്നു. രാജ്യവ്യാപകമായി നടത്തിയ റോഡ് ഉപരോധത്തിന് കോൺഗ്രസ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.



പ്രക്ഷോഭകരിൽ ഒരാളെ പോലും ഡൽഹിയിലേക്കു കടക്കാൻ അനുവദിക്കില്ലെന്നു പൊലീസ് അറിയിച്ചിരുന്നു. ബാരിക്കേഡുകൾ, മുള്ളുവേലികൾ, ആണിപ്പലകകൾ, കോൺക്രീറ്റ് കട്ടകൾ എന്നിവ നിരത്തിയാണ് പ്രതിരോധക്കോട്ടകൾ പൊലീസ് ശക്തമാക്കി.യത്. അർധസേനാ വിഭാഗങ്ങളെയും രംഗത്തിറക്കിയിരുന്നു.