ഭോപ്പാൽ:മധ്യപ്രദേശിൽ കർഷക ആത്മഹത്യ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് കർഷകർ ആത്മഹത്യ ചെയ്തു.വിധിഷയിലും ഹോഷംഗാബാദിലുമാണ് ഇന്ന് കർഷക ആത്മഹത്യകളുണ്ടായത്. കടക്കെണിയാണ് ആത്മഹത്യയ്ക്ക് കാരണമായി ബന്ധുക്കൾ പറയുന്നത്.ആറു കർഷകർ പൊലീസ് നടപടിയിൽ മരിച്ച മൻഡ്‌സോറിൽ നാളെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സന്ദർശനം നടത്തും.ശിവരാജ് സിങ് ചൗഹാന്റെ മണ്ഡലത്തിൽ കഴിഞ്ഞ ദിവസം ഒരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു.കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഭാരത്ബന്ദ് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ആലോചന തുടങ്ങി. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഇതു വരെ അത് നൽകിയിട്ടില്ല. നാലു ലക്ഷം രൂപ നൽകാനേ ചട്ടമുള്ളു എന്ന് ജില്ലാ കളക്ടർ പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

മൻഡ്‌സോറിൽ ഇടതു കർഷക സംഘടനാ നേതാക്കൾ സന്ദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മാൻഡ്‌സോറിലെത്തിയ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്തി. കർഷകരെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് ജ്യോതിരാദിത്യ സിന്ധ്യയുടെ 72 മണിക്കൂർ നിരാഹാര സമരം നാളെയാണ് .മൻഡ്‌സോറിലേക്ക് പുറപ്പെട്ട ഗുജറാത്തിലെ പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേലിനെയും പൊലീസ് തടഞ്ഞു.മധ്യപ്രദേശ് അതിർത്തിയിലാണ് ഹർദിക് പട്ടേലിനെ തടഞ്ഞത്.

അതേസമയം മൻഡ്‌സോറിൽ കർഷകർക്കെതിരെ വെടിവച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. അക്രമത്തിന് പ്രേരണ നൽകിയെന്നാരോപിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.അതിനിടെ മൻസോറിൽ വെടിയേറ്റു മരിച്ച കർഷകരുടെ കുടുംബാംഗങ്ങളുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.