- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി എല്ലാ ആവിശ്യത്തിനും കൃഷിഭവനുകൾ കയറിയിറങ്ങണ്ട; കൃഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ നമ്പർ സംവിധാനം വരുന്നു; ക്രമീകരണം ആറുമാസത്തിനകം പ്രാബല്യത്തിൽ; കാർഷിക രംഗത്തെ പുത്തൻ പദ്ധതിയെക്കുറിച്ചറിയാം
കോട്ടയം: ഒരോ സേവനത്തിനും കർഷകർക്ക് ഇനി കൃഷിഭവനുകൾ കയറിയിറങ്ങണ്ട.സംസ്ഥാനത്തെ കൃഷിക്കാർക്കെല്ലാം ഏകീകൃത തിരിച്ചറിയൽ നമ്പർ വരുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഓരോ സേവനത്തിനും കൃഷിഭവനുകൾ കയറിയിറങ്ങുന്ന സ്ഥിതി മാറുകയും എല്ലാം അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം(എ.ഐ.എം.എസ്.) പോർട്ടൽ വഴിയാക്കുകയും ചെയ്യും. ഇതിനായി പോർട്ടൽ നവീകരണം പൂർത്തിയാകുന്നു.
വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ഇനി ഇൻഷുറൻസ് പ്രീമിയവും അടയ്ക്കാം. ആറുമാസത്തിനകം പുതിയ ക്രമീകരണം നിലവിൽവരും. സ്മാർട്ട് കാർഡും നൽകും. ഡിജിറ്റൽ കൃഷിഭവൻ എന്ന ആശയംകൂടി ഉൾക്കൊണ്ടാണ് നവീകരണം.സേവനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യും. സിംഗിൾ പോയന്റായി പോർട്ടലിനെ മാറ്റുകയാണ്. കൃഷിക്കാർക്ക് മൊബൈൽ ആപ്പ് വഴിയും ഇതേ സേവനം കിട്ടും. കൃഷിക്കാരെ ഇത് പരിചയപ്പെടുത്താൻ കൃഷി ഉദ്യോഗസ്ഥർക്ക് ചുമതലനൽകുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു.
മാറ്റങ്ങൾ ഇങ്ങനെ
* പോർട്ടൽ ഉപയോഗിക്കുന്നതിൽ കൃഷിക്കാർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിച്ചാണ് നവീകരണം. കൃഷിക്കാർ പ്രാഥമികസംഘങ്ങളെയാണ് അധികവും ആശ്രയിക്കുന്നത്. സംഘത്തിൽ പ്രീമിയവും മറ്റും അടച്ചശേഷം ചലാൻ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന രീതിയാണുള്ളത്. ഇതിന് സംഘത്തിലും അക്ഷയകേന്ദ്രത്തിലും പോകേണ്ടതുണ്ട്. പുതിയ ക്രമീകരണത്തിൽ ഫീസുകളോ പ്രീമിയമോ ഓൺലൈനായി അടയ്ക്കാം. എസ്.ബി.ഐ.യുടെ സഹകരണം ഇതിന് ലഭിക്കും.
* കേരള ബാങ്ക് സൗകര്യങ്ങൾ കൂട്ടുന്നമുറയ്ക്ക് അവരുടെ ലിങ്കും ചേർക്കും. പണം ഇതിലൂടെയും അടയ്ക്കാം.
* വിള ഇൻഷുറൻസിൽ ചേരുക, വിളനാശവിവരം കൃഷിവകുപ്പിനെ അറിയിക്കുക, സഹായത്തിന് അപേക്ഷ നൽകുക എന്നിവയാണ് പോർട്ടൽ വഴി ഇപ്പോൾ കിട്ടുന്ന സേവനം. ഓരോ വർഷവും ഇതിന് ഓരോ കൃഷിക്കാരനും പുതിയ അപേക്ഷയും മറ്റും നൽകേണ്ടിവരുന്നു. ഏകീകൃത തിരിച്ചറിയൽ നമ്പർ വരുന്നതോടെ ഓരോ തവണയും പുതിയ രജിസ്‌ട്രേഷൻ വേണ്ട. ആ നമ്പറിലുള്ള കൃഷിക്കാരൻ എന്താണോ അപ്ലോഡ് ചെയ്യേണ്ടത്, അതുചെയ്ത് പോകാം.
* കൃഷിഭവനുകൾ വഴിയുള്ള പേപ്പർ, ഫയൽ ജോലികൾ കുറയ്ക്കും. കൃഷിഭവനുകൾ എ.ഐ.എം.എസിൽ പൂർണസേവനത്തോടെ ബന്ധിപ്പിക്കും.
* കൃഷിക്കാർക്ക് ലഭിക്കുന്ന കാർഡ് മറ്റ് ഇ-കാർഡുകൾ ഉപയോഗിക്കുന്ന രീതിയിൽ ബാങ്കിങ് സേവനങ്ങൾക്ക് ഉപയോഗിക്കാം.
* വിളനാശത്തിന്റെ ചിത്രങ്ങളും മറ്റും അപ്ലോഡ് ചെയ്യുന്നതിൽവരുന്ന താമസം. സൈറ്റ് ഹാങ് ആകുന്ന പ്രശ്‌നം എന്നിവ ശേഷികൂട്ടി ഒഴിവാക്കും.
* എസ്.ബി.ഐ. അക്കൗണ്ട് ചേർക്കാനും കൃഷിക്കാരെ പുതിയ ക്രമീകരണവുമായി പരിചയപ്പെടുത്താനും കൃഷിഭവനുകൾതോറും പ്രചാരണം ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ