കക്കോടി: അവനിപ്പോൾ സ്വന്തം കാര്യങ്ങളൊക്കെ നോക്കും. ഭക്ഷണം വാരിക്കഴിക്കുകയും തനിയെ നടക്കുകയും ഒക്കെ ചെയ്യും. പഴയ ആളാകെ മാറിപ്പോയി. ഇത് കേട്ടാൽ ആർക്കും തോന്നാം ഒരു മകനെ കുറിച്ചുള്ള അമ്മയുടെ വാക്കുകളാകാം എന്ന്. എന്നാൽ ഇത് ഒരു കൂട്ടുകാരിയുടെ വാക്കുകളാണ്. സറിബ്രൽപാഴ്‌സി പിടിപെട്ട സ്വന്തം കൂട്ടുകാരനെ അമ്മയെ പോലെ പരിചരിക്കുന്ന ഏഴാം ക്ലാസ്സുകാരി ഫാത്തിമ ബിസ്മിയുടെ വാക്കുകളാണിവ.

സ്വന്തം മകന് ജീവിതമില്ലെന്ന് കരുതിയ രക്ഷിതാക്കളിൽപോലും മാറ്റമുണ്ടാക്കിയ ബിസ്മിയുടെ സേവനപ്രവർത്തനത്തിന്റെ ഫലമാണ് ഇന്ന് അനുഗ്രഹ് എന്ന ഏഴാം ക്ലാസുകാരനിലുണ്ടായിരിക്കുന്ന മാറ്റം. പറമ്പിൽ അബ്ദുറഹിമാൻ മെമോറിയൽ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ബിസ്മി. അതേ ക്ലാസിലാണ് അനുഗ്രഹും പഠിക്കുന്നത്. മനസ്സും ശരീരവും തളർന്ന അനുഗ്രഹിനെ മാതാവ് സുധ പരിചരിക്കുന്നത് ഒന്നാംക്ലാസ് മുതൽ ബിസ്മി ശ്രദ്ധിച്ചിരുന്നു. ഒപ്പംകൂടിയ അവൾ പിന്നീട് അനുഗ്രഹിനെ പരിചരിക്കുന്നത് സ്വന്തം കടമയായി കരുതി. അന്നുമുതലുള്ള ബിസ്മിയുടെ സ്‌നഹേത്തോടെയുള്ള പരിചരണത്തിൽ ഇന്ന് അനുഗ്രഹ് തനിയെ ഭക്ഷണം വാരിക്കഴിക്കാനും നടക്കാനും ഒക്കെ തുടങ്ങിയതാണ് വീട്ടുകാരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

സെറിബ്രൽപാഴ്‌സി പിടിപെട്ട അനുഗ്രഹിനെ പിതാവ് മണികണ്ഠൻ എടുത്തുകൊണ്ടുവന്നാണ് ക്ലാസിൽ ഇരുത്തിയിരുന്നത്. സ്‌കൂളിലെത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതുമൊഴിച്ചെല്ലാം നിറഞ്ഞ മനസ്സോടെ ബിസ്മി ഏറ്റെടുത്തു. മാതൃവാത്സല്യത്തോടെ കുഞ്ഞിക്കൈയാൽ വർഷങ്ങളോളം ചോറുവാരി നൽകുകയും നടത്തിക്കുകയും ചെയ്ത ബിസ്മിപോലും അനുഗ്രഹിന് ഇത്രമാത്രം മാറ്റം പ്രതീക്ഷിച്ചില്ല. സ്‌നേഹ വായ്‌പോടെയുള്ള കൂട്ടുകാരിയുടെ പരിചരണം അനുഗ്രഹിനെ മാറ്റി മറിക്കുക ആയിരുന്നു.

ഇരുവരുടേയും കഥ കേട്ടറിഞ്ഞ കാതോലിക്ക ബാവ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ മെത്രാപ്പൊലീത്ത വെള്ളിയാഴ്ച ഇരുവരെയും കാണാനെത്തി. കാതോലിക്ക ബാവയ്‌ക്കൊപ്പം ഇരുന്ന് അനുഗ്രഹ് ഒറ്റക്ക് ഭക്ഷണം കഴിച്ചത് കണ്ടപ്പോൾ ബിസ്മിയിലും അത് ആഹ്ലാദം ഉയർത്തി. സ്‌നേഹവാത്സല്യങ്ങളോടെ ചേർത്തുനിർത്തിയപ്പോൾ അനുഗ്രഹിലുണ്ടായ മാറ്റം അവൾ അനുഭവിച്ചറിഞ്ഞു.

ബിസ്മിയുടെ സ്‌നേഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ അനുഗ്രഹിന്റെ നന്ദിപ്രകടനം ചിരിയിലും അവളുടെ കൈപിടിച്ചുള്ള നോട്ടത്തിലും ഒതുങ്ങി. എട്ടാം ക്ലാസിലേക്ക് രണ്ടുപേരും പയമ്പ്ര ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ചേരാനാണ് തീരുമാനം. ബിസ്മിയുടെ കുഞ്ഞുമനസ്സിന്റെ വലിയ ഉത്തരവാദിത്തത്തിന് അംഗീകാരമായി രണ്ടര ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കാതോലിക്ക ബാവ പറഞ്ഞു. അനുഗ്രഹിന്റെ വീടിന്മേലുള്ള 2,80,000 രൂപയുടെ ബാങ്ക് വായ്പയും തീർക്കുമെന്ന് ബാവ അറിയിച്ചു.

റോഡ് സൗകര്യമില്ലാതിരുന്ന അനുഗ്രഹിന്റെ വീട്ടിലേക്ക് പ്രദേശവാസികളുടെയും സ്‌നേഹതീരം റെസിഡന്റ്‌സ് അസോസിയേഷന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ 200 മീറ്ററോളം റോഡ് വെട്ടിയിട്ടുണ്ട്.