മലപ്പുറം: പതിനഞ്ച് വയസിൽ തുടങ്ങിയ പ്രണയം, ആറ് വർഷകാലം നീണ്ടു നിന്നു. ഒടുവിൽ തന്നെ ഒഴിവാക്കി മറ്റൊരു പെൺകുട്ടിയെ കാമുകൻ വിവാഹം ചെയ്തതോടെ മനംനൊന്ത് ആത്മഹത്യയും. മലപ്പുറം മുന്നിയൂർ പഞ്ചായത്തിൽ ആലിൻചുവടു സ്വദേശിനി ഫാത്തിമ സുഹറ(21) ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം മൂലം. ഫാത്തിമ സുഹറ ഡിസംബർ രണ്ടിനാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയും കഴിഞ്ഞ ദിവസം ആശുപത്രിയിൽ വെച്ചു മരണപ്പെടുകയും ചെയ്യ്തത്. തിരൂരങ്ങാടി പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റത്തിനു പെൺകുട്ടിയുടെ കാമുകൻ മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മേൽ അഷ്‌ക്കറലി (24) യെ അറസ്റ്റ് ചെയ്തു. തന്റെ മകളെ ലഹരി മരുന്നുകൾ നൽകി അഷ്‌ക്കറലി കൊല്ലാൻ ശ്രമിച്ചതായി ഫാത്തിമയുടെ മാതാവ് പൊലീസിനോടു പറഞ്ഞു. എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമെ കൂടുതൽ വിവരം ലഭ്യമാകുകയുള്ളു എന്നു തിരൂരങ്ങാടി പൊലീസ് പറഞ്ഞു.

കുറച്ചു കാലങ്ങൾ മാത്രമെ ആയിട്ടുള്ളു ഫാത്തിമയും കുടുംബവും ആലിൻചുവടു ഭാഗത്തെ വാടക വീട്ടിൽ താമസമാക്കിയിട്ടു. 6 വർഷം മുമ്പാണ് അഷ്‌ക്കറലി പെൺകുട്ടിയുമായി പരിചയത്തിലാകുന്നതു. സ്‌കൂൾ വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമയുമായി സ്ഥാപിച്ച പരിചയം പതുക്കെ പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. ദീർഘനാൾ നീണ്ടു നിന്ന ബന്ധമാണ് ഒടുവിൽ ആത്മഹത്യയിൽ കലാശിച്ചതു. മാസങ്ങൾക്കു മുമ്പാണ് ഫാത്തിമയും കുടുംബവും ചേലചുവടു ഭാഗത്തെ വാടക വീട്ടിലേക്കു താമസം മാറ്റുന്നതു. ഇവിടെ നിന്നും പ്രതിയുടെ വീട്ടിലേക്കു 1 കിലോമീറ്ററിൽ താഴെ ദൂരമെയുള്ളു. അഷ്‌ക്കറലി മറ്റൊരു വിവാഹത്തിനായി ഒരുങ്ങുന്നതായി അറിഞ്ഞ ഫാത്തിമ തന്നെ ഒഴിവാക്കരുതെന്നും ഒരുമിച്ചു ജീവിക്കാൻ എന്തു വിട്ടു വീഴ്ചയ്ക്കും താൻ തയ്യാറാണ് എന്നു പറഞ്ഞിട്ടും അഷ്‌ക്കറലി വഴങ്ങിയില്ല. നവംബർ അവസാനത്തോടെ അഷ്‌ക്കറലിയും കോഴിക്കോടു സ്വദേശിനിയുമായുള്ള വിവാഹം രഹസ്യമായി നടത്തുകയായിരുന്നു. അയൽക്കാരോടു പോലും വിവാഹ കാര്യം പറയാതിരുന്നതിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ ആരോപിക്കുന്നു. വിവാഹത്തെ തുടർന്നു ഫാത്തിമ ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.

അഷ്‌ക്കറലി മകളെ തന്റെ കണ്ണു വെട്ടിച്ചു വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടു പോകാറുണ്ടെന്നും, രാത്രി സമയങ്ങളിൽ വീട്ടിൽ എത്താറുള്ളതായും ഫാത്തിമയുടെ മാതാവ് പറഞ്ഞു. ബന്ധത്തിൽ നിന്നു പിന്മാറാൻ നിരന്തരമായി ഭീക്ഷണിപ്പെടുത്തിയിരുന്നതായും മാതാവ് പരാതിപ്പെട്ടു. അഷ്‌ക്കറലി ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും വാഹന മോഷ്ണ കേസിൽ പ്രതിയായിട്ടുള്ളതായും സമീപവാസികൾ പറഞ്ഞു. പ്രതിയുടെ വിവാഹത്തെപ്പെറ്റിയും ചോദ്യങ്ങൾ ഉയരുന്നുണ്ടു. ലഹരിമരുന്നുകൾ നൽകി ഇല്ലാതാക്കാൻ ശ്രമിച്ചു എന്ന വാദം ശരിവെയ്ക്കണമെങ്കിൽ പോസ്റ്റുമാർട്ടം റിപ്പോർട്ടു പുറത്തു വന്നേ മതിയാകു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും മാതാവിന്റെ ആരോപണങ്ങളും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും തിരൂരങ്ങാടി പൊലീസ് പറഞ്ഞു,