ന്യൂഡൽഹി: ലോകത്തേറ്റവും കൂടുതൽ നേരിട്ട് വിദേശനിക്ഷേപമെത്തുന്ന രാജ്യമെന്ന പദവി തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യക്ക്. 2016-ൽ ഇന്ത്യയിലെത്തിയത് 6230 കോടി ഡോളറാണെന്ന് എഫ്ഡിഐ ഇന്റലിജൻസ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ചൈനയും അമേരിക്കയും ഇക്കാര്യത്തിൽ ഇന്ത്യക്ക് പിന്നിലാണ്.

2016-ൽ 809 പദ്ധതികളിലായാണ് 6230 കോടി ഡോളർ നിക്ഷേപം ഇന്ത്യയിലെത്തിയത്. വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ഇക്കാലയളവിൽ രണ്ടുശതമാനത്തിന്റെ വർധനവുണ്ടാവുകയും ചെയ്തു. നരേന്ദ്ര മോദി സർക്കാരിനുകീഴിൽ സാമ്പത്തിക രംഗത്തുണ്ടായ വളർച്ചയും സുസ്ഥിരതയുമാണ് ഇന്ത്യയെ വിദേശത്തുള്ള നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക മാന്ദ്യം മറ്റ് രാജ്യങ്ങളെയും മേഖലകളെയും തളർത്തുമ്പോഴും അതിനെ അതിജീവിച്ച് വളർച്ച കൈവരിക്കാൻ ഇന്ത്യക്കായിട്ടുണ്ട്. മാന്ദ്യതത്തിൽനിന്ന് മോചനം നേടാൻ മറ്റു പ്രമുഖരാജ്യങ്ങൾക്കുമായിട്ടുണ്ട്. വിദേശനിക്ഷേപത്തിൽ ഒട്ടാകെയുണ്ടായ വളർച്ച അതാണ് സൂചിപ്പിക്കുന്നത്. 2016-ൽ ആഗോളതലത്തിൽ 77620 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഉണ്ടായത്. ആറുശതമാനമാണ് വളർച്ച. 2011-നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.

സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടായി. 20.2 തൊഴിലവസരങ്ങളുണ്ടായപ്പോൾ അതിൽ അഞ്ചുശതമാനം വർധനയും ഉണ്ടായി. എന്നാൽ. പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ ഇക്കാലയളവിൽ കുറവുവന്നതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നുശതമാനം കുറവോടെ, 12,644 പദ്ധതികളാണ് വിദേശ നിക്ഷേപത്തോടെ നടപ്പിലായത്.

വിദേശനിക്ഷേപത്തിൽ അമേരിക്കയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ള ചൈന രണ്ടാമതെത്തിയതും 2016-ലെ പ്രത്യേകതയാണ്. 5900 കോടി ഡോളറാണ് ചൈനയിലെ വിദേശനിക്ഷേപം. അമേരിക്കയിൽ അത് 4800 കോടി ഡോളറാണ്. ആഗോളതലത്തിൽ റിയൽ എസ്‌റ്റേറ്റാണ കൂടുതൽ നിക്ഷേപം വന്ന മേഖല. 15750 കോടി ഡോളർ ഈ മേഖലയിലേക്ക് മാത്രമായി വന്നു. കൽക്കരി, പ്രകൃതിവാതകം എന്നിവയിൽ 12100 കോടി ഡോളറിന്റെയും റിന്യൂവബിൾ എനർജി മേഖലയിൽ 7700 കോടി ഡോളറിന്റെയും നിക്ഷേപമുണ്ടായി.