ഇസ്‌ലാമാബാദ്: 'വിവാഹ വാർഷികമായതിനാൽ തനിക്ക് നൽകേണ്ട സമ്മാനത്തെ കുറിച്ച് ഞാൻ ഭർത്താവിനോട് ചോദിച്ചു, പകരം അദ്ദേഹം നൽകിയതാകട്ടെ വിവാഹമോചനം. പാക്കിസ്ഥാന്റെ കാര്യത്തിൽ അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് നമുക്ക് പ്രാർത്ഥിക്കാം.' റെഹാം പറഞ്ഞു. പാക്കിസ്ഥാൻ മുൻ ക്രിക്കറ്ററും നിലവിൽ തെഹ്‌രീകെ ഇൻസാഫ് പാർട്ടി പ്രസിഡന്റുമായ ഇമ്രാൻ ഖാന്റെ മുൻ ഭാര്യയാണ് റെഹാം.

പാക് പ്രസിഡന്റ് നവാസ് ശരീഫ് രാജ്യവെക്കണമെന്നാവശ്യപ്പെട്ട് നവംബർ 2ന് തലസ്ഥാനത്ത് രാജ്യവ്യാപകമായ സമരത്തിന് ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്ത സന്ദർഭത്തിലാണ് ജിയോ ടീ.വിക്ക് നൽകിയ അഭിമുഖത്തിൽ റെഹാമിന്റെ കമന്റ്.

പത്ത് മാസത്തെ വിവാഹ ബന്ധത്തിനൊടുവിൽ കഴിഞ്ഞ ഒക്‌ടോബർ 30നാണ് ദൃശ്യമാദ്ധ്യമ പ്രവർത്തക കൂടിയായ റെഹാമും ഇമ്രാനും വേർപിരിഞ്ഞത്. ആദ്യ ഭാര്യയായ ഇംഗ്ലീഷുകാരി ജാമീമാ ഗോൾഡ് സ്മിത്തുമായുള്ള ഒമ്പതു വർഷത്തെ ജീവിതം 2004 ജൂണിൽ അവസാനിപ്പിച്ചതിനുശേഷമാണ് ഇമ്രാൻ റെഹാമിനെ ജീവിത സഖിയാക്കിയത്. ആദ്യ വിവാഹത്തിൽ രണ്ട് ആൺകുട്ടികൾ അദ്ദേഹത്തിനുണ്ട്.

ഉഭയ സമ്മത പ്രകാരമാണ് ഇരുവരും വേർപിരിഞ്ഞതെങ്കിലും ഇമ്രാന്റെ രാഷ്ട്രീയ കാര്യങ്ങളിൽ റെഹാൻ അനാവശ്യമായി ഇടപെടുന്നതാണ് വിവാഹ മോചനത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

പാക്കിസ്ഥാനിലെ ഏറ്റവും കരുത്തനായ മനുഷ്യനെന്ന് പറയപ്പെടുന്നയാളെ വിവാഹം ചെയ്തിട്ടുപോലും അപമാനത്തിന്റെ ശരവർഷത്തിൽ നിന്ന് ഇമ്രാന് തന്നെ രക്ഷിക്കാനായില്ലെന്ന് ഗാർഡിയൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ റെഹാൻ പരാമർശിച്ചിരുന്നു.