- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമ തിയേറ്ററിൽ എത്തേണ്ട താമസം, വർഗ്ഗീയവാദവും തൊഴുത്തിൽ കുത്തും ഡീഗ്രേഡിങ്ങും; ഫാൻസ് ഷോകൾ ഗുണത്തേക്കാൾ ഏറെ ദോഷം; ഫാൻസ് ഷോകൾ നിരോധിക്കാൻ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്
കൊച്ചി: ഒടിയനും മരക്കാറും ആറാട്ടും ഒക്കെ ഇറങ്ങിയപ്പോൾ കണ്ടതാണ്, ഡീഗ്രേഡിംഗിനുള്ള ആവേശം. സൂപ്പർ താര സിനിമകളുടെ റിലീസിങ് സമയത്താണ് ഫാൻസ് ഷോകൾ എന്ന് പേരിൽ ഹൈപ്പ് നടക്കുന്നത്. എന്നാൽ, സിനിമാ വ്യവസായത്തിന് ഇതുകൊണ്ട് വലിയ നേട്ടമില്ലെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഫാൻസ് ഷോകൾ നിരോധിക്കാൻ തീരുമാനം എടുത്തിരിക്കുകയാണെന്ന് ഫിയോക് പ്രസിഡന്റ വിജയകുമാർ പറഞ്ഞു.
വർഗീയ വാദം, തൊഴുത്തിൽ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാൻസ് ഷോകൾ കൊണ്ട് നടക്കുന്നത് എന്നും സിനിമാ വ്യവസായത്തിന് ഇത് യാതൊരു ഗുണവും ചെയ്യുന്നില്ല എന്നും വിജയകുമാർ പറയുന്നു. തിയേറ്ററുകളിൽ പ്രേക്ഷകർ വരാത്തതിന്റെ പ്രധാന കാരണം ഫാൻസ് ഷോകൾക്ക് ശേഷം നൽകുന്ന മോശം പ്രതികരണമാണ്.
ഫാൻസ് ഷോകൾ നിരോധിക്കണം എന്ന നിലപാടിലാണ് എക്‌സിക്യൂട്ടീവ്. മാർച്ച് 29ന് നടക്കുന്ന ജനറൽ ബോഡിക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം എന്നും വിജയകുമാർ അറിയിച്ചു. വരാനിരിക്കുന്ന ചിത്രങ്ങളിൽ സിനിമയ്ക്കുണ്ടാകുന്ന ഡീഗ്രേഡിങ് ഫാൻസ് ഷോ നിർത്തലാക്കുന്നതോടെ ഒരു പരിധിവരെ തടയാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഫിയോക്ക്.
കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ആറാട്ടിന്റെ റിലീസിന് പിന്നാലെയും സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രതികരണങ്ങൾ വന്നിരുന്നു. സിനിമയ്ക്ക് നേരെ വരുന്ന ആക്രമണങ്ങൾക്ക് എതിരെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രംഗത്ത് വരുകയും ചെയ്തു. അടുത്ത വാരം റിലീസിന് ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തിനും ഫാൻസ് ഷോ തീരുമാനിച്ചിട്ടുണ്ട്.നേരത്തെ മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിനും നേരെ ഫാൻസ് ഷോയ്ക്ക് ശേഷം വലിയ തോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. സിനിമയിലെ പ്രധാന രംഗങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ലീക്ക് ചെയ്തിരുന്നു.
മരക്കാർ നേരിട്ട ഡീഗ്രേഡിങ്ങിനെതിരെ മോഹൻലാൽ തന്നെ രംഗത്തെത്തിയിരുന്നു. ബോധപൂർവ്വമായ ഡീഗ്രേഡിങ് ഇൻഡസ്ട്രിക്ക് ഗുണകരമല്ല. ഇത് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. ആരാണിത് ചെയ്യുന്നതെന്ന് അറിയില്ല. വലിയ സിനിമകൾ നിലനിന്നാൽ മാത്രമെ ഇൻഡസ്ട്രിക്ക് വളർച്ചയുണ്ടാകു എന്നും മോഹൻലാൽ പറഞ്ഞു.
സിനിമ കണ്ടിട്ട് നല്ലതാണെങ്കിൽ നല്ലതെന്ന് പറയാം. മോശമാണെങ്കിൽ മോശമെന്ന് പറയാം. സിനിമ നല്ലതാണെന്ന് പലരും എഴുതി. പലരും വാനോളം പുകഴ്‌ത്തി. പക്ഷേ ആദ്യം ഒരു ഡീഗ്രേഡിങ് ഉണ്ടായി. അത് ഈ സിനിമയ്ക്ക് മാത്രമല്ല ഒരുപാട് സിനിമയ്ക്കെതിരെ ഉണ്ടാവുന്നുണ്ട്. അന്യ ഭാഷ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത പലപ്പോഴും മലയാള സിനിമക്ക് നമ്മുടെ നാട്ടിൽ തന്നെ കിട്ടുന്നില്ല എന്നും മോഹൻ ലാൽ പറഞ്ഞു.
ഏതായാലും ആറാട്ട് ഡീഗ്രേഡിങ്ങിനെ അതിജീവിച്ച് ബോക്‌സ് ഓഫീസ് ഹിറ്റായി കഴിഞ്ഞു.. തിയേറ്ററിൽ നിന്ന് തന്നെ ആഗോള തലത്തിൽ 40 കോടിക്ക് മുകളിൽ ബിസിനസ്സ് ആറാട്ട് നേടിയിട്ടുണ്ട്. ഇപ്പോഴും തിയേറ്ററിൽ സജീവമാണ് ആറാട്ട്. ഇതിനൊപ്പം സാറ്റലൈറ്റ് റൈറ്റും മറ്റ് വരുമാനവും എല്ലാം കൂടുമ്പോൾ ആറാട്ട് സിനിമയും ലാഭം നേടുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. 35 കോടി ചെലവിൽ എടുത്ത ആറാട്ട് 15 കോടി വരെ നികുതിയും കഴിഞ്ഞ് നിർമ്മാതാവിന് ലാഭം നൽകുമെന്നാണ് വിലയിരുത്തൽ
മറുനാടന് മലയാളി ബ്യൂറോ