ർഷങ്ങളോളം ക്യൂബയെ ഭരിച്ച കമ്മ്യൂണിസ്റ്റ് ഭരണാധികാരിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ വിപ്ലവകാരികളിലൊരാളുമായി ഫിദൽ കാസ്ട്രോയുടെ മരണത്തിൽ ലോകമാകമാനം ദുഃഖം രേഖപ്പെടുത്തുന്ന ഈ നിമിഷത്തിൽ അമേരിക്കയിലെ ചില നഗരങ്ങളിൽ അദ്ദേഹത്തിന്റെ മരണം ആഘോഷിക്കപ്പെടുകയാണെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. കാസ്ട്രോയുടെ ഭരണകാലത്ത് ക്യൂബയിൽ നിന്നും നാടുകടത്തപ്പെട്ട് അമേരിക്കയിലെത്തപ്പെട്ട ആയിരക്കണക്കിന് ക്യൂബൻ-അമേരിക്കക്കാരാണ് കാസ്ട്രോയുടെ മരണം ആഘോഷിക്കാൻ ഇന്നലെ രാത്രി അമേരിക്കൻ തെരുവുകളിൽ ഇറങ്ങിയിരിക്കുന്നത്. മിയാമിയിലാണ് പ്രധാനമായും ആഘോഷം നടന്ന് കൊണ്ടിരിക്കുന്നത്. കാസ്ട്രോയുടെ ഭരണകാലത്ത് ക്യൂബയിൽ നിന്നും നാട് കടത്തപ്പെട്ടവരും സ്വമേധയാ പലായനം ചെയ്തവരുമായ ആയിരക്കണക്കിന് ക്യൂബൻ-അമേരിക്കക്കാരാണ് ഈ നിഗരത്തിലുള്ളത്. ചിലർ പടക്കം പൊട്ടിച്ചും സൽസ സംഗീതം മുഴക്കിയുമാണ് ആഘോഷം പൊടിപൊടിച്ചതെന്ന് റിപ്പോർട്ടുണ്ട്. ചുമ്മാതല്ല അമേരിക്കക്കാർക്ക് ഭീതി വിട്ടൊഴിയാത്തതെന്നും ഇത്തരം അനീതികൾ വച്ച് പൊറുപ്പിക്കുന്നതിനാലാണെന്നും ആർക്കെങ്കിലും തോന്നിയാൽ അത്ഭുതപ്പെടാനില്ല. അമേരിക്കൻ നഗരങ്ങളിൽ കാസ്ട്രോയുടെ മരണം ഇത്തരത്തിൽ ആഘോഷിക്കപ്പെടുമ്പോൾ ഇങ്ങേ ഭാഗത്ത് ക്യൂബയിലെ എല്ലാ പ്രദേശങ്ങളും തങ്ങളുടെ നായകന്റെ അന്ത്യമറിഞ്ഞ് വിറങ്ങലിച്ച് നിൽക്കുകയുമാണ്.

മിയാമിയിൽ പലരും ക്യൂബൻ പതാകകൾ പറത്തി അദ്ദേഹം മരിച്ചുവെന്ന് സന്തോഷത്തോടെ അലറുന്നത് കേൾക്കാമായിരുന്നു.കാർ സ്റ്റീരിയോകളിൽ നിന്നും സൽസ മ്യൂസിക്ക് ഉയർന്ന് പൊങ്ങുന്നതിനൊപ്പം പലരും പടക്കം പൊട്ടിച്ചെറിയുന്നത് കാണാമായിരുന്നു. ഹവാനയിൽ കാസ്ട്രോയുടെ മരണം പലർക്കും ദുഃഖത്തിന് പുറമെ അത്ഭുതവുമേകിയിരുന്നു. പലർക്കും ഇത് വിശ്വസിക്കാൻ പോലുമാകാത്ത അവസ്ഥയായിരുന്നു. ക്യൂബയിലെ നഗരങ്ങളും ഗ്രാമങ്ങളും ഇതറിഞ്ഞ് പൊടുന്നനെ നിശബ്ദമാവുകയായിരുന്നു. തന്റെ 90 വയസുള്ള സഹോദരൻ മരിച്ചുവെന്ന വാർത്ത ഇപ്പോഴത്തെ പ്രസിഡന്റായ റൗൾ കാസ്ട്രോയാണ് വെള്ളിയാഴ്ച രാത്രി ഔദ്യോഗികമായി ദേശീയ ടെലിവിഷനിലൂടെ ലോകത്തെ അറിയിച്ചത്. അതോടെ ക്യൂബ അക്ഷരാർത്ഥത്തിൽ പൊട്ടിക്കരയുകയായിരുന്നു. പിന്നീട് പലയിടങ്ങളിലും വിറങ്ങലിച്ച ദുഃഖത്തിലേക്ക് കൂപ്പ് കുത്തുകയും ചെയ്തിരുന്നു.മരണ വാർത്തയറിഞ്ഞ് ഹവാനയിലെ നൈറ്റ് ക്ലബുകൾ പെട്ടെന്ന് അടയ്ക്കുകയും യുവജനങ്ങൾ തെരുവ് വിട്ട് പോകാൻ നിർബന്ധിതരാവുകയും ചെയ്തു.

കാസ്ട്രോയുടെ മരണത്തെ തുടർന്ന് ക്യൂബയിൽ സർക്കാർ ഒമ്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഡിസംബർ നാലിന് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് വരെ ദുഃഖാചരണം തുടരുന്നതാണ്.ഇതിനെ തുടർന്ന് പൊതു ചടങ്ങുകളും ഇവന്റുകളും റദ്ദാക്കിയിട്ടുണ്ട്. ക്യൂബൻ പതാക പകുതി താഴ്‌ത്തിക്കെട്ടുകയും ചെയ്തിട്ടുണ്ട്. ക്യൂബൻ വിപ്ലവത്തിന്റെ കമാൻഡർ ഇൻ ചീഫായ ഫിദൽ വിടപറഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി 2006ൽ അധികാരമേറ്റ സഹോദരൻ റൗൾ കാസ്ട്രോ ടെലിവിഷനിലൂടെ ലോകത്തെ അറിയിച്ചത്. വിവരമറിഞ്ഞ് ക്യൂബ ദുഃഖത്തിലേക്ക് കൂപ്പ് കുത്താൻ തുടങ്ങുന്നതിനിടെ മിയാമിയിലെ ലിറ്റിൽ ഹവാന എന്നറിയപ്പെടുന്ന പ്രദേശം അരമണിക്കൂറിനകം സജീവമായ ആഘോഷത്തിമർപ്പിലേക്ക് മാറുകയായിരുന്നു.

മിയാമിയിലെ ജനസംഖ്യയിൽ 50 ശതമാനവും ക്യൂബൻ പാരമ്പര്യമുള്ളവരാണ്. 1959ൽ കാസ്ട്രോ അധികാരത്തിൽ എത്തിയതിന് ശേഷം ആയിരക്കണക്കിന് പേർ യുഎസിലേക്ക് പലായനം ചെയ്തിരുന്നു. മിക്കവരും എത്തിയത് മിയാമിയിലായിരുന്നു.ഇവരിൽ ചിലർ മുൻ ക്യൂബൻ പ്രസിഡന്റ് ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ വിശ്വസ്തരായിരുന്നു. കാസ്ട്രോ അട്ടിമറിക്കപ്പെട്ടാൽ ക്യൂബയിലേക്ക് മടങ്ങാമെന്ന പ്രത്യാശയിലായിരുന്നു ചിലർ പലായനം ചെയ്തിരുന്നത്. എന്നാൽ അതുണ്ടായില്ലെന്നതാണ് സത്യം. ക്യൂബയും അമേരിക്കയും തമ്മിലുള്ള ബന്ധം വർഷങ്ങളോളം വഷളായിരുന്നു. എന്നാൽ ഒബായമയുടെ ഭരണകാലത്ത് ക്യൂബയുമായുള്ള ബന്ധം അമേരിക്ക മെച്ചപ്പെടുത്തിയതിനെ തുടർന്ന് പലായനം ചെയ്ത നിരവധി കുടുംബങ്ങൾക്ക് ക്യൂബയിലുള്ള തങ്ങളുടെ കുടുംബങ്ങളുമായി യോജിക്കാനുള്ള അവസരം ലഭിച്ചിരുന്നു.