- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരഞ്ഞെടുപ്പ് അടുത്തതോടെ പത്രപ്രവർത്തക യൂണിയനിൽ വീണ്ടും തമ്മിലടി; മാതൃഭൂമി ജീവനക്കാരന്റെ സ്ഥലംമാറ്റത്തെ ചൊല്ലി മുൻ സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയും നേർക്കുനേർ; പരസ്പരം പഴിചാരുന്ന കത്തുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളാ പത്രപ്രവർത്തക യൂണിയനിൽ തമ്മിലടി രൂക്ഷമായി. സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ മാതൃഭൂമി പത്രമാനേജ്‌മെന്റ് ജീവനക്കാർക്കെതിരെ നടത്തുന്ന പ്രതികാര നടപടിയെ ചൊല്ലിയാണ് ഇത്തവണ സംഘടനയിൽ പോര് മുറുകിയിരിക്കുന്നത്. കെയുഡബ്ല്യുജെയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാൽ നിലവിൽ ജനറൽ സെക
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളാ പത്രപ്രവർത്തക യൂണിയനിൽ തമ്മിലടി രൂക്ഷമായി. സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ മാതൃഭൂമി പത്രമാനേജ്‌മെന്റ് ജീവനക്കാർക്കെതിരെ നടത്തുന്ന പ്രതികാര നടപടിയെ ചൊല്ലിയാണ് ഇത്തവണ സംഘടനയിൽ പോര് മുറുകിയിരിക്കുന്നത്. കെയുഡബ്ല്യുജെയുടെ മുൻ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാൽ നിലവിൽ ജനറൽ സെക്രട്ടറിയായ എൻ പത്മനാഭന് എഴുതിയ കത്തോടെയാണ് രംഗം ചൂടുപിടിച്ചിരിക്കുന്നത്. സി നാരായണൻ എന്ന മാതൃഭൂമിയിലെ മാദ്ധ്യമപ്രവർത്തകന് വേണ്ടി യൂണിയൻ വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്ന ആരോപണം ഉന്നയിച്ചായിരുന്നു കെ സി രാജഗോപാലിന്റെ കത്ത്. ഇതിന് വിശദമായ മറുപടി നൽകി കൊണ്ട് എൻ പത്മനാഭനും കത്തെഴുതി. ഈ രണ്ട് കത്തുകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതോടെ കത്തുകളുടെ പേരിൽ പത്രപ്രവർത്തകർക്കിടയിൽ വിവാദം കൊടുമ്പിരി കൊണ്ടിരിക്കയാണ്...
മാതൃഭൂമിയുടെ പേരിൽ കെയുഡബ്ല്യൂജെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യൂണിയനിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ചേരിപ്പോരുകൾ എന്നാണ് ഉയരുന്ന ആക്ഷേപം. മാതൃഭൂമിയിലെ പാലക്കാട് ജോലി നോക്കിയിരുന്ന നാരായണനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റുകയും പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് നോട്ടീസും നൽകിയിരുന്നു. ഈ പ്രശ്‌നം മാതൃഭൂമി കൈകാര്യം ചെയ്തതിൽ വീഴ്‌ച്ച വന്നുവെന്ന ആരോപണമാണ് ഉയരുന്നത്. ഏറ്റവുമധികം യൂണിയൻ അംഗങ്ങളുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് മാതൃഭൂമി. ഇവിടുത്തെ ജീവനക്കാരിൽ ഭിന്നതയുണ്ടാക്കി വോട്ട് നേടാനുള്ള തന്ത്രം മാത്രമാണിതെന്ന ആക്ഷേപവും ഒരു വിഭാഗം ജീവനക്കാർക്കിടയിൽ ഉണ്ട്.
മെയ് 11ന് മുൻ സംസ്ഥാന പ്രസിഡന്റ് കെസി രാജഗോപാൽ അയച്ച കത്തോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ കത്ത് സ്വകാര്യമായാണ് അയച്ചത്. എന്നാൽ മാതൃഭൂമി വിഷയത്തിൽ ജനറൽ സെക്രട്ടറി പത്മനാഭൻ അയച്ച മറുപടി യൂണിയനിലെ എല്ലാം അംഗങ്ങൾക്കും ഇമെയിലിൽ ലഭ്യമാക്കി. ഇതോടെയാണ് തർക്കം പുറംലോകമെത്തിയത്. അപ്പോഴും രാജഗോപാലിന്റെ കത്ത് എന്താണെന്ന ആർക്കുമറിയില്ല. അതും ജേർണലിസ്റ്റ് കേരളാ എന്ന ഫെയ്‌സ് ബുക്ക് പേജിൽ എത്തി. രണ്ട് കത്തുകളും ജേർണലിസ്റ്റ് കേരള എന്ന ഫേസ്‌ബുക്ക് പേജിൽ എത്തിയിട്ടുണ്ട്.
രാജഗോപാൽ കത്തിൽ ഉന്നയിക്കുന്ന പ്രധാന വിഷയം അടിയന്തിരമായി യൂണിയൻ സംസ്ഥാന കമ്മിറ്റി വിളിച്ച് നാരായണന്റെ വിഷയം ചർച്ച ചെയ്യണമെന്നാണ്. ആ യോഗത്തിലേക്ക് സി നാരായണനെയും വിളിക്കണമെന്നും ആവശ്യപ്പെടുന്നു. ഇതിന് മറുപടിയായി എൻ പത്മനാഭൻ എഴുതിയ കത്തിൽ പറയുന്നത് സി നാരായണനെ പുറത്താക്കിയിട്ടില്ലെന്നും നടപടികൾ യൂണിയൻ നോക്കിക്കാണുകയും ചെയ്യുന്നു എന്നുമാണ്. മാതൃഭൂമിയിൽ മാത്രമല്ല, സ്ഥലംമാറ്റ പ്രശ്‌നമുള്ളത് മലയാള മനോരമയിൽ അടക്കം ഇത്തരം സ്ഥലം മാറ്റ നടപടികളുണ്ടെന്നും ഓർമ്മിപ്പിക്കുന്നു. നാരായണൻ മാത്രമല്ല ഇന്ത്യാവിഷനിലെ തൊഴിൽരഹിതരായ യുവാക്കൾ, ടി വി ന്യൂവിലെ മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവർക്കൊപ്പം യൂണിയൻ ഉണ്ടാകുമെന്നും എൻ പത്മനാഭൻ വിശദമാക്കുന്നു.
ഇങ്ങനെ രാജഗോപാലിന്റെ കത്തും അതിന്റെ മറുപടിയുമാണ് ജേണലിസ്റ്റ് കേരള എന്ന ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നിലും ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല. പത്മനാഭൻ മാദ്ധ്യമത്തിലാണ് ജോലി ചെയ്യുന്നത്. രാജഗോപാൽ മനോരമയിലും. അതുകൊണ്ട് തന്നെ പത്മനാഭനെതിരെ പരസ്യ പ്രകടനങ്ങൾക്ക് രാജഗോപാലിന് കഴിയില്ല. അതു പത്മനാഭൻ മുതലെടുക്കുന്നു എന്നാണ് അദ്ദേഹത്തെ എതിർക്കുന്നവർ ആക്ഷേപിക്കുന്നത്.
എന്നാൽ സത്യവിരുദ്ധ പ്രസ്താവനകളിലൂടെ ജനറൽ സെക്രട്ടറിയെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് പത്മനാഭൻ അനുകൂലികളുടെ പക്ഷം. കഴിഞ്ഞ തവണ രാജഗോപാലിന്റെ പാനലിനെതിരെ മത്സരിച്ച് അട്ടിമറിയിലൂടെയാണ് പത്മനാഭൻ ജയിച്ച് കയറിയത്. ഇത് മാദ്ധ്യമപ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വ്യക്തമാക്കുന്ന കാര്യമാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. ഇന്ത്യൻ എക്സ്‌പ്രസിലെയും സിറാജിലെയും ഏറ്റവും ഒടുവിൽ ഇന്ത്യാവിഷനിലെയും തൊഴിൽ പ്രശ്‌നത്തിൽ യൂണിയന്റെ ഭാഗത്തു നിന്നും സജീവ ഇടപെടൽ നടത്തിയത് പത്മനാഭന്റെ ഇടപെടൽ മൂലമായിരുന്നു. ഇത്തവണയും പത്മനാഭൻ മത്സരിച്ചാൽ വിജയിച്ചു കയറാൻ തന്നെയാണ് സാധ്യത. അത് മനസ്സിലാക്കിയാണ് രാജഗോപാൽ വിഭാഗം നാരായണൻ വിഷയം ചൂണ്ടിക്കാട്ടി രംഗത്തെത്തിയതെന്നാണ് ആക്ഷേപം.
നാരായണന്റെ പ്രശ്‌നം ഉയർത്തിയ കത്തിന് നൽകിയ മറുപടിയിൽ മനോരമയിലെ സ്ഥലംമാറ്റ നടപടികൾ ചൂണ്ടിക്കാട്ടിയാണ് എൻ പത്മനാഭന്റെ മറുപടിയും. വേജ് ബോർഡ് സമരത്തിലെ ഇരട്ടത്താപ്പുകളും അദ്ദേഹം കത്തിൽ വിശദീകരിക്കുന്നു. ഇങ്ങനെ രണ്ട് ചേരിയായി തിരിഞ്ഞ് മാദ്ധ്യമപ്രവർത്തർ തമ്മിൽ പോരടിക്കുന്നത് സൈബർ ലോകത്തും സംസാര വിഷയമായി മാറിയിട്ടുണ്ട്. പത്രമാദ്ധ്യമങ്ങളെ പോലും അപ്രസക്തമാക്കി നവമാദ്ധ്യമ രംഗം കൂടുതൽ ശക്തിപ്രാപിക്കുമ്പോൾ ഈ മേഖലയിൽ ജോലി ചെയ്യുന്നവരെ അംഗീകരിക്കാൻ കെയുഡബ്ല്യുജെ ഇപ്പോഴും തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ അടക്കം കൂടുതൽ ചർച്ച നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
അടുത്തകാലത്തായി കെയുഡബ്ല്യുജെയെ തകർക്കാർ മാതൃഭൂമി ശ്രമിക്കുന്നെന്ന ആരോപണം യൂണിയനിലെ ഒരു വിഭാഗത്തിനിടയിൽ ശക്തമായിരുന്നു. കേരള പത്രപ്രവർത്തക യൂണിയനുമായി ബന്ധപ്പെട്ട ഒരു വാർത്തയും നൽകേണ്ടതില്ല എന്ന ഒരു സർക്കുലർ മാതൃഭൂമിയിലെ എല്ലാ ന്യൂസ് എഡിറ്റർമാർക്കും മാനേജ്‌മെന്റ് നേരത്തെ നൽകിയിരുന്നു. അടുത്തയിടെ തൃശൂർ പ്രസ്‌ക്ലബിന് കീഴിലുള്ള ഫോട്ടോഗ്രാഫർമാർ പ്രസ് ക്ലബിനെ വെല്ലുവിളിച്ച് ഒരു ഫോട്ടോ പ്രദർശനം നടത്തിയപ്പോൾ അതിനെ പിന്തുണക്കുന്ന നിലപാടായിരുന്നു മാതൃഭൂമി മാനേജ്‌മെന്റ് സ്വീകരിച്ചതെന്ന ആക്ഷേപവും യൂണിയൻ നേതാക്കൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.