ഹരിപ്പാട്: നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ മെല്ലേപ്പോക്ക് എല്ലാ ദിവസങ്ങളും ചർച്ചയാകുന്നത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും സെക്രട്ടറിയേറ്റിൽ അടക്കം എല്ലാം മെല്ലപ്പോക്കിലാണ്. പതിനൊന്നുവർഷം മുൻപു 'കാണാതായ' അപേക്ഷയടങ്ങിയ ഫയൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നു കണ്ടെത്തിയെന്ന വാർത്ത പുറത്തുവരുമ്പോൾ നമ്മുടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥ അനാസ്ഥുടെ പരിതാപകരമായ അവസ്ഥ എത്രത്തോളമുണ്ടെന്ന് വ്യക്തമാകും.

20 ദിവസത്തിനകം പ്രശ്‌നപരിഹാരവുമായി. ഭൂരേഖയിലെ അപാകംപരിഹരിക്കാൻ അപേക്ഷ നൽകിയ സഹോദരങ്ങളായ ചെറുതന തെക്കേ വേളൂർ ടി.ഡി. ശങ്കരപ്പിള്ള, ടി.ഡി. രാധാമണി, ടി.ഡി. ശ്രീദേവി, ടി.ഡി. അംബിക എന്നിവർക്കാണു വൈകിയെങ്കിലും നീതികിട്ടിയത്. പൊതുപ്രവർത്തകനായ നങ്ങ്യാർകുളങ്ങര ചെറുതിട്ടയിൽ ബി. കൃഷ്ണകുമാറാണ് ഇവരുടെ പ്രശ്‌നം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

കുടുംബസ്വത്തായുള്ള രണ്ടേക്കർ ഭൂമി ഇവർക്കായി ഭാഗംവെച്ചിരുന്നു. ആധാരം പേരിൽകൂട്ടി കരമടച്ചപ്പോൾ ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം പേരുകൾ മാറിപ്പോയി. 2011-ൽ അപാകം തിരുത്താനായി കാർത്തികപ്പള്ളി താലൂക്ക് റീസർവേ വിഭാഗത്തിൽ അപേക്ഷ നൽകുകയും ഉദ്യോഗസ്ഥർ സ്ഥലപ്പരിശോധന നടത്തി റിപ്പോർട്ടു തയ്യാറാക്കുകയും ചെയ്തു. ഉടൻ പരിഹാരമുണ്ടാക്കാമെന്നും പറഞ്ഞു.

എന്നാൽ, രണ്ടുവർഷം കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. തുടർന്ന്, ഫയൽ കാണാനില്ലെന്നും വീണ്ടും അപേക്ഷിക്കാനും ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. 2013 ഫെബ്രുവരി 22-നു വീണ്ടുമപേക്ഷിച്ചു. പഴയതുപോലെ വീണ്ടും സ്ഥലപ്പരിശോധനയും റിപ്പോർട്ടു തയ്യാറാക്കലും നടന്നെങ്കിലും ആറു വർഷത്തിനുശേഷവും നടപടിയുണ്ടായില്ല. ഈ ഫയലും കാണാതായെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

2019-ൽ അപേക്ഷ സംബന്ധിച്ചു കോവിഡിന്റെ പേരിൽ തടസ്സമുന്നയിച്ചു. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് വീണ്ടും താലൂക്ക് സർവേ വിഭാഗത്തെ സമീപിച്ചപ്പോൾ അപേക്ഷയടങ്ങിയ ഫയൽ മേശപ്പുറത്തുണ്ടെന്നാണു ബന്ധപ്പെട്ടവർ പറഞ്ഞത്. എന്നാൽ, 2022 ജൂൺ ഒൻപതിനു വിവരം തിരക്കാൻ എത്തിയപ്പോൾ ഫയൽ നഷ്ടപ്പെട്ടെന്നും പുതിയ അപേക്ഷ നൽകണമെന്നും നിർദേശിച്ചു. ഇതിനു ശേഷമാണ് കൃഷ്ണകുമാർ മുഖമന്ത്രിക്കു പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു വിശദാംശങ്ങൾ അന്വേഷിച്ചതോടെ ഫയൽ കണ്ടെത്തി. ജൂലായ് 11-നു ഭൂരേഖ തഹസിൽദാർ ഫയലിലെ നടപടിക്രമങ്ങൾക്ക് അംഗീകാരം നൽകി. വില്ലേജ് രേഖകളിൽ വേണ്ട മാറ്റം വരുത്തുന്നതിനു ചെറുതന വില്ലേജോഫീസറോട് ഭൂരേഖ തഹസിൽദാർ നിർദേശിച്ചിരിക്കുകയാണ്. ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലംമാറിയതും രണ്ടുപ്രാവശ്യം ഓഫീസ് മാറിയതും ഉൾപ്പെടെയുള്ള കാരണങ്ങളാണ് നടപടി നീളാൻ കാരണമായതെന്നാണ് ബന്ധപ്പെട്ടവർ പരാതിക്കാരോടു പറഞ്ഞിരിക്കുന്നത്.