കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേള രണ്ടു പതിറ്റാണ്ടിനു ശേഷം കൊച്ചിയിൽ വിരുന്നെത്തിയപ്പോൾ അന്നത്തെ പോലെ തന്നെ ഇന്നും സിനിമാ ഓപ്പറേറ്ററായ ജയകുമാർ കൊച്ചിയിലുണ്ട് . കഴിഞ്ഞ 31 വർഷങ്ങളായി സവിത തീയേറ്ററിലെ സിനിമ ഓപ്പറേറ്ററാണ് ചേർത്തല സ്വദേശിയായ ജയകുമാർ.

'സിനിമ പ്രദർശനം ഇന്ന് എളുപ്പമാണ് . ആദ്യകാലത്തു സിനിമ ഓടിക്കൊണ്ടിരുന്നത് റീൽ പ്രോജെക്ടറുകളിലാണെങ്കിൽ ഇന്ന് സിനിമ ഓടുന്നത് ബാർക്കോ 2 കെ പ്രൊജക്റ്ററുകളിലാണ് . ഫിലിമിന്റെ റീലുകളെ ഡിജിറ്റൽ ടെക്‌നോളജി കൈയടക്കിയതോട് കൂടെ എന്നാൽ ഇന്ന് സിനിമ ഇൻജസ്റ്റ് ചെയ്താൽ മതി . ഇതു ജോലി ഭാരം ഏറെ കുറച്ചു . നേരത്തെ ഇരിക്കാൻ പോലും സമയം കിട്ടാറില്ലായിരുന്നു' ജയകുമാർ പറയുന്നു.

1982 ലാണ് ജയകുമാറിന് സിനിമ ഓപ്പറേറ്റർ ലൈസെൻസ് കിട്ടുന്നത്. ഏഴുപുന്ന രേഖ തീയേറ്ററിൽ ആയിരുന്നു ആദ്യം ജോലി ചെയ്തിരുന്നത് .

'സിനിമയുടെ പോളിസ്റ്റർ ഫിലിം പ്രിന്റുകൾ പൊട്ടിപോയാൽ സപ്ലൈസർ ഉപയോഗിച്ചായിരുന്നു ഒട്ടിച്ചിരുന്നത'്, അതിനു മുൻപ് ഫിലിം സിമെന്റുമെന്നു ജയകുമാറിനൊപ്പമുള്ള സോമസുന്ദരൻ പറഞ്ഞു. 1985 ലാണ് സോമസുന്ദരന് ലൈസെൻസ് കിട്ടുന്നത് . 2003 മുതൽ സവിത തീയേറ്ററിലെ സിനിമ ഓപ്പറേറ്ററാണ് കുഴിപ്പിള്ളി സ്വദേശിയായ സോമസുന്ദരൻ.

പ്രൈവറ്റ് തീയേറ്ററിൽ ഒരുവർഷത്തെ അപ്പ്രെന്റിസ്ഷിപ് ചെയ്തതിനു ശേഷം ചീഫ് ഇലെക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ രജിസ്റ്റർ ചെയ്തു ഒരു വർഷത്തിന് ശേഷം ചീഫ് ഇലെക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിനു കീഴിൽ സിനിമ ഓപ്പറേറ്റർ പരീക്ഷ ബോർഡ് നടത്തുന്ന പരീക്ഷ പാസായാൽ മാത്രമാണ് ലൈസെൻസ് ലഭിക്കുക. 3 വർഷം കൂടുമ്പോൾ ലൈസെൻസ് പുതുക്കണം . സിനിമ ഓപ്പറേറ്റർ ലൈസെൻസ് ഉണ്ടെങ്കിൽ മാത്രമേ സിനിമ തീയേറ്റർ പ്രവർത്തിപ്പിക്കാൻ സാധിക്കൂ എന്നും സിനിമ ഓപ്പറേറ്റർമാരായ ജയകുമാറും സോമസുന്ദരനും പറഞ്ഞു .