മുംബൈ: പത്മാവതി വിവാദത്തിൽ ഒറ്റപ്പെട്ടുപോയെന്ന പരാതി ഇനി സഞ്ജയ് ലീലാ ബൻസാലിക്കും,ദീപിക പദുക്കോണിനും മറ്റും ഉണ്ടാവില്ല.
സംവിധായകനും, അണിയറ പ്രവർത്തകർക്കും എതിരെയുള്ള നീക്കങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് 15 മിനിറ്റു നേരം പൂർണമായും ചലച്ചിത്ര നിർമ്മാണത്തിൽ നിന്നു വിട്ടുനിൽക്കും. രാജ്യവ്യാപകമായുള്ള പ്രതിഷേധത്തിൽ ചലച്ചിത്രടിവി മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന എല്ലാ വിഭാഗക്കാരും പങ്കെടുക്കും.

ഇന്ത്യൻ ഫിലിംസ് ആൻഡ് ടിവി ഡയറക്ടേഴ്‌സ് അസോസിയേഷനും രാജ്യത്തെ 19 മറ്റു സംഘടനകളും പ്രതിഷേധത്തോടു സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റത്തെ ചെറുക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് ചലച്ചിത്ര പ്രവർത്തകർ വ്യക്തമാക്കി.

ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, വെസ്റ്റേൺ ഇന്ത്യ സിനിമാറ്റോഗ്രാഫേഴ്‌സ് അസോസിയേഷൻ, സ്‌ക്രീൻ റൈറ്റേഴ്‌സ് അസോസിയേഷൻ, ദ് ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് വോയിസ് ആർടിസ്റ്റ്‌സ്, സിനി കോസ്റ്റ്യൂം ആൻഡ് മെയ്ക് അപ് ആർടിസ്റ്റ് ആൻഡ് ഹെയർ ഡ്രസേഴ്‌സ് അസോസിയേഷൻ, സിനി സിംഗർ അസോസിയേഷൻ, മൂവി സ്റ്റണ്ട് ആർടിസ്റ്റ്‌സ് അസോസിയേഷൻ തുടങ്ങിയവയും പ്രതിഷേധത്തിൽ പങ്കു ചേരും.

'ഞാൻ യഥാർഥത്തിൽ സ്വതന്ത്രനാണോ?' എന്നു പേരിട്ട പ്രതിഷേധ സംഗമം ഞായറാഴ്ച മുംബൈ ഫിലിം സിറ്റിയിൽ നടക്കും. വൈകിട്ട് 3.30നാണ് പ്രതിഷേധയോഗം. 2011 ലെ മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവരെ അനുസ്മരിച്ചാണ് യോഗം ആരംഭിക്കുക. തുടർന്ന് 4.15 മുതൽ 4.30 വരെ രാജ്യവ്യാപകമായി ചലച്ചിത്ര പ്രവർത്തകർ എല്ലാ ജോലികളും നിർത്തിവയ്ക്കും. യഥാർഥത്തിൽ തങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിലാണോ ജീവിക്കുന്നത് എന്ന സംശയമാണ് ഭരണാധികാരികൾക്കു മുന്നിൽ പ്രതിഷേധത്തിലൂടെ ഉന്നയിക്കുന്നതെന്ന് സംവിധായകൻ അശോക് പണ്ഡിറ്റ് പറഞ്ഞു.

'പത്മാവതി' സിനിമ രജപുത്രരുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നുവെന്നും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും കാട്ടി രജപുത്ര സംഘടനകളും ചില ബിജെപി നേതാക്കളും ചില സംസ്ഥാനങ്ങളും സിനിമയ്ക്ക് എതിരാണ്. ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിൽ സിനിമയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഇക്കൂട്ടർ നടത്തുന്നത്.

രജപുത്ര രാജ്ഞിയായ യും രാജ്യം കീഴടക്കാനെത്തിയ അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള പ്രണയ രംഗങ്ങൾ ഒരു സ്വപ്നത്തിലായി സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നുവെന്നാണു പ്രചാരണം. എന്നാൽ അങ്ങനെയൊരു സീൻ ഇല്ലെന്നു ബൻസാലി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, ചിത്രത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ഒരു സമിതിയെ നിയമിക്കണമെന്നാവശ്യപ്പെടുന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പത്മാവതിയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു.