തിരുവനന്തപുരം: വീണ്ടും ധനവകുപ്പ് ഉമ്മൻ ചാണ്ടിയുടെ കൈകളിലെത്തുന്നു. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പാർട്ടിക്കുള്ളിൽ കരുണാകരൻആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരിതിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെത്തുടർന്നുണ്ടായ പ്രശ്‌നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു. പിന്നീട് മുഖ്യമന്ത്രിയായാണ് ഉമ്മൻ ചാണ്ടി അധികാര കസേരയിൽ എത്തിയത് അപ്പോഴെല്ലാം ആഭ്യന്തരം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഉമ്മൻ ചാണ്ടി കൈകാര്യം ചെയ്തത്.

കരുണാകരന്റെ മന്ത്രിസഭയിൽ അംഗമായിരിക്കെ ധനമന്ത്രിയെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ ബജറ്റ് അവതരണവും മറ്റും ശ്രദ്ധ നേടിയിരുന്നു. നാല് തവണ ബജറ്റ് അവതരിപ്പിച്ച മന്ത്രിയാണ് ഉമ്മൻ ചാണ്ടി. ധനമന്ത്രി സ്ഥാനം കെഎം മാണി രാജിവയ്ക്കുമ്പോൾ കേരളാ കോൺഗ്രസ് ധനവകുപ്പ് ഇനി വേണ്ടെന്ന സൂചനയാണ് നൽകുന്നത്. ചീഫ് വിപ്പ് സ്ഥാനം തോമസ് ഉണ്ണിയാടൻ രാജിവച്ചതും ഇതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ ധനവകുപ്പ് ആർക്കും നൽകാവുന്ന അവസ്ഥ. എന്നാൽ കേരളാ കോൺഗ്രസിന്റെ വകുപ്പ് ആർക്കെങ്കിലും നൽകി പുതിയ ചർച്ചകൾ തുടരാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് വർഷത്തിലെ ബജറ്റ് ഉമ്മൻ ചാണ്ടി തന്നെ അവതരിപ്പിക്കാനാണ് സാധ്യത. ജനപ്രിയ ബജറ്റ് അവതരിപ്പിച്ച് അധികാര തുടർച്ചയിലേക്ക് നീങ്ങാൻ ഇതിലൂടെ മുഖ്യമന്ത്രിക്ക് കഴിയുകയും ചെയ്യും.

മന്ത്രിസ്ഥാനം വേണ്ടെന്ന് കേരള കോൺഗ്രസ് (എം) തീരുമാനിച്ചാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ അതു കൈയിൽ വയ്ക്കുന്നതിനാണു സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകുന്നതിനാൽ ഇനി സമ്പൂർണ ബജറ്റ് അവതരിപ്പിക്കേണ്ടതില്ല. എന്നാലും പല സുപ്രധാന തീരുമാനങ്ങൾക്കും ധനവകുപ്പിന്റെ അനുമതി ആവശ്യമാണ്. അടിയന്തിര സ്വഭാവമുള്ള കാര്യങ്ങൾക്കായി, ട്രഷറിയിൽ നിന്നു പണം നൽകാൻ മന്ത്രിസഭയ്ക്കു തീരുമാനമെടുക്കാനാവും. ഇടക്കാല ബജറ്റിലും ജനപ്രിയ തീരുമാനങ്ങൾ നിറയ്ക്കാൻ ധനമന്ത്രിക്കാകും. ഈ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ആഭ്യന്തര വകുപ്പ് ഉമ്മൻ ചാണ്ടിയുടെ കൈയിലായിരുന്നു. എന്നാൽ അഞ്ചാം മന്ത്രിസ്ഥാന വിവാദത്തോടെ ആഭ്യന്തരവകുപ്പ് ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകി. പിന്നീട് ഇത് രമേശ് ചെന്നിത്തലയുടെ കൈയിലുമെത്തി. ഇതോടെ മുഖ്യമന്ത്രിക്ക് അതിനിർണ്ണായക വകുപ്പുകളിൽ നിയന്ത്രണം ഇല്ലാതായി. ഈ സാഹചര്യമാണ് ധനവകുപ്പ് എത്തുന്നതോടെ മാറുന്നത്.

ഈ നിയമസഭയിൽ കേരള കോൺഗ്രസിന്റെ അംഗബലത്തെ കൂടാതെ ധനവകുപ്പ് കൈകാര്യം ചെയ്തുള്ള അനുഭവസമ്പത്തും സീനിയോറിറ്റിയുമാണു മാണിയെ ധനവകുപ്പ് ഏൽപ്പിക്കാനുള്ള കാരണം. പരിചയക്കുറവുള്ളവരെ ധനവകുപ്പ് ഏൽപ്പിക്കുന്നതു സംബന്ധിച്ചു കൂടുതൽ ചർച്ചകൾ വേണ്ടിവന്നേക്കാം. അതും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്. കേരളാ കോൺഗ്രസിനലെ മുതിർന്ന നേതാവ് പി.ജെ. ജോസഫിനെ ധനവകുപ്പ് ഏൽപ്പിച്ചശേഷം പുതിയ മന്ത്രിക്ക് അദ്ദേഹത്തിന്റെ വകുപ്പുകൾ നൽകാനുള്ള നിർദ്ദേശവുമുണ്ട്. എന്നാൽ മാണിക്കൊപ്പം രാജിക്കു തയാറാകാതിരുന്ന ജോസഫിന് ധനവകുപ്പ് നൽകാൻ പാർട്ടി തയാറാകില്ലെന്നാണ് സൂചന.  മാണിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധനവകുപ്പ് തൽക്കാലം മുഖ്യമന്ത്രി തന്നെ നോക്കിയാൽ മതിയെന്നാണ് നിർദ്ദേശമെന്നും മുഖ്യമന്ത്രിയും പറഞ്ഞു.

കെ.എം.മാണി രാജി വച്ചതോടെ ഒഴിവായ ധനമന്ത്രി സ്ഥാനത്തിന് കേരള കോൺഗ്രസ് അവകാശവാദമുന്നയിച്ചേക്കില്ലെന്നാണ് മറ്റൊരു സൂചന. പാർട്ടിക്കുള്ളിൽതന്നെ അനിശ്ചിതത്വമുയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. മന്ത്രിസ്ഥാനം ഏതെങ്കിലും ഒരാൾക്ക് നൽകിയാൽ മറ്റുള്ളവർ എതിരാകുമോയെന്ന ഭയം മാണിക്കുണ്ട്. പി.ജെ.ജോസഫിന് ധനവകുപ്പ് നൽകി മറ്റൊരാളെ കൂടി മന്ത്രിസഭയിലെത്തിക്കണമെന്ന് കരുതിയിരുന്നുവെങ്കിലും ജോസഫ് വിഭാഗം ഇടഞ്ഞതോടെ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.