- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയിൽ വരുമെന്നും പറഞ്ഞത് ഹൈക്കോടതി; കോടതി നിർദ്ദേശം ലംഘിച്ച് കോവിഡ് കാലത്ത് ജോലിക്ക് വരാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ധനകാര്യ സെക്രട്ടറിയുടെ സർക്കുലർ; ജീവനക്കാർക്ക് ഓഫീസിൽ ഹാജരാകാൻ കഴിയാതെ വന്നാൽ അവധി നൽകണം; അതല്ലെങ്കിൽ ഹാജരാത്ത ദിവസങ്ങളിലെ ശമ്പളം കുറയ്ക്കുമെന്നും സർക്കുലർ; മുഖ്യമന്ത്രിയുടെ വാക്ക് തെറ്റിക്കുന്ന തരത്തിലുള്ള സർക്കുലറിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: കോവിഡ് കാലത്ത് സർക്കാർ-സ്വകാര്യ മേഖലകളിൽ ആരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുകയോ പിരിച്ചുവിടുകയോചെയ്യരുതെന്ന വലിയൊരു അഭ്യർത്ഥന മുഖ്യമന്ത്രി നേരത്തെ മുന്നോട്ട് വച്ചിരുന്നു. പ്രതിസന്ധിക്കാലത്ത് കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുന്ന ഘട്ടത്തിൽ ചില സ്വകാര്യ സ്ഥാപനങ്ങൾ കടുംകൈക്ക് മുതിർന്നെങ്കിലും സർക്കാർ സ്ഥാപനങ്ങൾ ആ വഴിക്ക് നീങ്ങിയില്ല. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഓഗസ്റ്റിൽ ധനകാര്യ വകുപ്പിൽ ജോലിക്ക് വരാത്തവരുടെ ശമ്പളം കുറയ്ക്കണമെന്ന് സർക്കുലർ ഇറക്കി ധന സെക്രട്ടറി ഞെട്ടിച്ചിരിക്കുകയാണ്. സർക്കുലറിനെതിരെ ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
ധനകാര്യ വകുപ്പിലെ ജോലി ക്രമീകരണം സംബന്ധിച്ചാണ് ധനകാര്യ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സർക്കുലർ. സംസ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഓണക്കാലത്തോട് അനുബന്ധിച്ച് വിവിധ ജനക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട ധനവിനിയോഗ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനാണ് ജോലിക്രമീകരണം.
ധനകാര്യവകുപ്പിലെ ഗ്രൂപ്പ് എ, ബി വിഭാഗത്തിൽ പെടുന്ന ജീവനക്കാർ എല്ലാ പ്രവൃത്തി ദിവസവും ഓഫീസിൽ ജോലിക്ക് ഹാജരാകണം. സെക്ഷന്റെ ചുമതലയുള്ള അഡീഷണൽ സെക്രട്ടറി-ജോയിന്റ് സെക്രട്ടറിമാർ, ഗ്രൂപ്പ് സി-ഡി വിഭാഗങ്ങളിലെ ജീവനക്കാരുടെ ഹാജർ നില ഓരോ ദിവസവും, 50 ശതമാനമായി ക്രമീകരിക്കണം.
ഓരോ വിഭാഗത്തിൽ പെടുന്ന ജീവനക്കാർക്ക് ഓഫീസിൽ ഹാജരാകാൻ കഴിയാതെ വന്നാൽ, ആ ദിവസങ്ങളിൽ അർഹമായ അവധി നൽകണം. അതല്ലെങ്കിൽ, ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഹാജരാകാത്ത ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കും. ഓഫീസിൽ ജോലിക്ക് ഹാജരാകേണ്ടാത്ത ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. ജീവനക്കാരുടെ ഓഗസ്റ്റിലെ ഹാജർ നില നോക്കിയായിരിക്കും സെപ്റ്റംബറിലെ ശമ്പളം. സർക്കുലർ കർശനമായി പാലിക്കാൻ അഡീഷണൽ സെക്രട്ടറിമാർക്കും ജോയിന്റ് സെക്രട്ടറിമാർക്കും രാജേഷ് കുമാർ സിംഗിന്റെ സർക്കുലറിൽ നിർദ്ദേശമുണ്ട്.
ലോക്ക്ഡൗൺ കാലയളവിൽ ശമ്പളം കുറയ്ക്കാനോ ജീവനക്കാരെ പിരിച്ചുവിടാനോ പാടില്ല എന്ന നിർദ്ദേശം കേന്ദ്ര തൊഴിൽ മന്ത്രാലയം മാർച്ച് 20 നുതന്നെ നൽകിയിരുന്നു. എന്നാൽ, ചില ഐടി കമ്പനികൾ അത് അട്ടിമറിക്കുന്നതായി പരാതിയുണ്ടായിരുന്നു.
അതേസമയം, ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയിൽ വരുമെന്നും പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ചു മാസം പിടിക്കാനുള്ള ഉത്തരവാണ് നേരത്തെ കോടതി സ്‌റ്റേ ചെയ്തത്. കോവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. എന്നാൽ അതിന്റെ പേരിൽ വ്യക്തികളുടെ അവകാശങ്ങൾ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ