തിരുവനന്തപുരം: കേരളം അടുത്തയാഴ്ച 1000 കോടി രൂപ കടമെടുക്കുന്നത് നിലപാടിൽ കേന്ദ്ര സർക്കാർ അയവു വരുത്തിയതിനാൽ. ജൂൺ ആദ്യം സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് ഈ വായ്പയും ചേർത്തായിരിക്കും. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ നേർ ചിത്രമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് കടം എടുക്കലിൽ നിർണ്ണായകമായത്. കടം എടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചു.

ഈ സാമ്പത്തികവർഷം കേരളം ആദ്യമായാണ് കേന്ദ്രം അനുവദിച്ച കടമെടുക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകൂടി സംസ്ഥാനസർക്കാരിന്റെ കടത്തിൽ കൂട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കടമെടുപ്പ് തടഞ്ഞിരുന്നു. ഇക്കാര്യത്തിൽ തീരുമാനമാകുന്നതുവരെ, സംസ്ഥാനത്തിന്റെ അഭ്യർത്ഥന മാനിച്ച് 5000 കോടി തത്കാലം എടുക്കാൻ അനുവദിച്ചു. കടം എടുക്കാൻ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാരിന് മുമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ വച്ചിരുന്നു. ഇതാണ് പ്രധാനമന്ത്രി ഗൗരവത്തിൽ എടുത്തത്.

ഇതോടെയാണ് അയ്യായിരം കോടിക്ക് അനുമതി കിട്ടിയത്. അതിൽനിന്നാണ് ഇപ്പോൾ ആയിരം കോടി എടുക്കുന്നത്. എന്നാൽ, കടമെടുക്കാൻ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം ഇതുവരെ അനുകൂലനിലപാട് എടുത്തിട്ടില്ല. ഇക്കാര്യത്തിലും പ്രധാനമന്ത്രിയുടെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കിഫ്ബിയിലൂടെയുള്ള വായ്പ എടുക്കലിനെ സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടു വരുന്നതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്.

കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വഴി കടമെടുത്ത തുക കൂടി ഈ വർഷത്തെ കടമെടുപ്പിൽ കുറവു ചെയ്യുമെന്ന കേന്ദ്ര നിലപാടിനെതിരെ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കേരളം. തീരുമാനം പിൻവലിക്കണമെന്നും ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തു നൽകിയിട്ടുണ്ട്.

കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ വരെ ഒരുങ്ങിയ തെലങ്കാനയ്ക്ക് കേന്ദ്രം കടമെടുപ്പിൽ ഇളവ് അനുവദിച്ചിരുന്നു. അതുപോലെ കേരളത്തിനും ഇളവ് അനുവദിക്കുമെന്നാണു പ്രതീക്ഷ. ഓരോ മാസവും കടമെടുക്കുന്ന തുക കൊണ്ടാണു ശമ്പളവും പെൻഷനും ക്ഷേമ പെൻഷനും കേരളം വിതരണം ചെയ്യുന്നത്.

കടമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ടി വരും. അടുത്ത മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാനും കഴിയില്ലെന്നതാണ് വസ്തുത. കടമെടുക്കുന്ന തുക കൊണ്ട് ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ എന്നിവ വിതരണം ചെയ്യാനും ഭരണപരമായ മറ്റു ചെലവുകൾ നടത്താനും മാത്രമേ തികയൂ എന്ന അവസ്ഥ വന്നപ്പോഴാണു വികസന പദ്ധതികൾ നടപ്പാക്കുന്നതിനു പണം കണ്ടെത്താൻ കഴിഞ്ഞ സർക്കാർ കിഫ്ബിക്കു രൂപം നൽകിയത്.

കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ പെടുമെന്ന് സിഎജി റിപ്പോർട്ടിൽ നൽകിയ മുന്നറിയിപ്പ് സർക്കാർ തള്ളുകയും അതു സംബന്ധിച്ച പരാമർശങ്ങൾ റിപ്പോർട്ടിൽ നിന്നു മാറ്റുകയും ചെയ്തു. എന്നാൽ, ആ കടവും മറ്റു സ്ഥാപനങ്ങൾ എടുത്ത കടങ്ങൾക്കു ഗാരന്റി നിന്നതും ഒക്കെ ഇപ്പോൾ സർക്കാരിന്റെ ചുമലിലായി. അതു കഴിഞ്ഞുള്ള തുകയേ ഇനി സർക്കാരിനു കടമെടുക്കാൻ സാധിക്കൂ എന്നതാണ് കേന്ദ്ര നിലപാട്. ഇതാണ് കേരളത്തെ പ്രതിസന്ധിയിലാക്കുന്നത്.