കണ്ണൂർ: ഉദ്യോഗസ്ഥനെന്നും മനുഷ്യാവകാശ കമ്മീഷനംഗമെന്നുമൊക്കെ ധരിപ്പിച്ച് നിരവധി പേരിൽനിന്നും പണം തട്ടിയെടുത്ത വീരനെ പിടികൂടാൻ സഹായിച്ചത് വീട്ടമ്മ. ശ്രീകണ്ഠാപുരം നെടുങ്ങോത്തെ കദീജയുടെ പരാതിയിലാണ് തട്ടിപ്പുകളുടെ പരമ്പര സൃഷ്ടിച്ച ചക്കരക്കൽ സ്വദേശി പുളിക്കൻ അബ്ദുള്ള പിടിയിലായത്.

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിരവധിപ്പേരെ തട്ടിപ്പിനിരയാക്കിയെങ്കിലും അബ്ദുള്ളയെ പൊലീസിന് പിടികൂടാൻ ആയിരുന്നില്ല. വീട് വെക്കാൻ ധനസഹായെ നൽകാമെന്ന് പറഞ്ഞ് കദീജയിൽ നിന്നും 28,500 രൂപ അബ്ദുള്ള തട്ടിയെടുത്തിരുന്നു. കദീജയുടെ ബന്ധുവായ അബ്ദുറഹ്മാന് പാസ്‌പ്പോർട്ട് ഉടൻ നൽകാമെന്നും ഭാര്യക്ക് സ്വർണം വാങ്ങി നൽകമെന്നും പറഞ്ഞ് 21,000 രൂപയും വിരുതൻ തട്ടിയെടുത്തിരുന്നു.

തട്ടിപ്പിനിരയായവർ ആരും അബ്ദുള്ളക്കെതിരെ പരാതി നൽകിയിരുന്നില്ല. എന്നാൽ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കണമെന്ന പെൺവാശിയിൽ കദീജ പൊലീസിൽ പരാതി നൽകുകയും അബ്ദുള്ളയുടെ തട്ടിപ്പിന്റെ രീതിയും സ്വഭാവവും രൂപവുമൊക്കെ വിശദീകരിക്കുകയും ചെയ്തു. തട്ടിപ്പുകാരനെ സംബന്ധിച്ച് കദീജ നൽകിയ വിവരപ്രകാരം പൊലീസ് അന്വേഷണം ശക്തമാക്കിയ ഉടൻ അബ്ദുള്ള പിടിയിലാകുകയായിരുന്നു.

പൊലീസ് പിടിയിലായതോടെ അബ്ദുള്ള നടത്തിയ തട്ടിപ്പുകഥകൾ പുറത്തു വന്നിരിക്കയാണ്. തളിപ്പറമ്പ് കുറുമാത്തൂരിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അബ്ദുള്ള ഭംഗിയായി വേഷം കെട്ടിയാണ് തട്ടിപ്പിനിറങ്ങുക.

ഓരോ സ്ഥലത്തും അവസരത്തിനനുസരിച്ച് ഉദ്യോഗപ്പേരു മാറ്റി തട്ടിപ്പിനിറങ്ങുന്ന തന്ത്രമാണ് അബ്ദുള്ള പയറ്റിയിട്ടുള്ളത്. ഒരിടത്ത് പൊലീസെങ്കിൽ മറ്റൊരിടത്ത് മനുഷ്യാവകാശ കമ്മീഷനംഗം എന്ന നിലയിൽ പരിചയപ്പെടുത്തിയാണ് വഞ്ചന തുടരുന്നത്. എസ്.എസ്.എൽ. സി. ബുക്ക്, പാസ്‌പ്പോർട്ട് ശരിയാക്കൽ , സർക്കാരിൽ നിന്നുള്ള ധനസഹായങ്ങൾ തുടങ്ങിയ ആവശ്യങ്ങളുള്ളവരെയാണ് അബ്ദുള്ള വഞ്ചനക്ക് ഇരയാക്കിയിട്ടുള്ളത്. മൂവായിരം രൂപ മുതൽ ഇരുപത്തയ്യായിരം രൂപ വരെ പലരിൽ നിന്നായി തട്ടിയെടുത്തിട്ടുണ്ട്.

എസ്.എസ്.എൽ.സി. പാസാകാത്തവർക്ക് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിലേക്ക് പോകാൻ എസ്.എസ്.എൽ.സി. പാസായ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു തരാമെന്ന് ധരിപ്പിച്ചാണ് പ്രധാനമായും തട്ടിപ്പ് നടത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ വ്യാജരേഖ സമ്പാദിക്കാൻ പണം നൽകിയവർ പരാതിക്കാരായി രംഗത്തു വന്നിട്ടില്ല. സമാനമായ തട്ടിപ്പ് നടത്തിയതിന് കാസർഗോഡ് പൊലീസ് ഇയാൾക്കെതിരെ അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായില്ല.
വളഞ്ഞ വഴിയിലൂടെ സർട്ടിഫിക്കറ്റുകളും രേഖകളും നേടാൻ ലക്ഷക്കണക്കിനു രൂപ നൽകിയവരുണ്ട്. എന്നാൽ ഇവരാരും രംഗത്തുവരാത്തത് അബ്ദുള്ളയുടെ തട്ടിപ്പിന്റെ സാമ്രാജ്യം വിപുലപ്പെടുത്താനായി. തളിപ്പറമ്പ് കുറുമാത്തൂരിൽനിന്നും ശ്രീകണ്ഠാപുരത്തെത്തിയ അബ്ദുള്ളയെ പൊലീസ് പിൻതുടർന്നു പിടികൂടുകയായിരുന്നു. കദീജ എന്ന വീട്ടമ്മയുടെ വ്യക്തമായ നിരീക്ഷണമാണ് അബ്ദുള്ളയെ പിടികൂടാൻ പൊലീസിന് സഹായകമായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ തട്ടിപ്പിന്റെ നിരവധി കഥകൾ അബ്ദുള്ള പറഞ്ഞു കഴിഞ്ഞെന്നാണ് കരുതുന്നത്.