കൊച്ചി : സാമ്പത്തിക വർഷത്തിന്റെ പുനർനിർണയം കേന്ദ്രം നടപ്പാക്കുമെന്ന് സൂചന. കേന്ദ്ര ബജറ്റ് നവംബറിൽ അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹമാണു ശക്തമാകുന്നത്. കലണ്ടർ വർഷം തന്നെ പുതിയ സാമ്പത്തിക വർഷമായി പരിഗണിക്കുന്ന പരിഷ്‌കാരം 2018 ജനുവരി ഒന്നിനു നടപ്പാകുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇതിനുള്ള ചർച്ചകളിലാണ്.

നോട്ട് റദ്ദാക്കലിനും സ്റ്റേറ്റ് ബാങ്കുകളുടെ സംയോജനത്തിനും ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കലിനും പിന്നാലെയെത്തുന്ന ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരത്തിനാണ് ധനമന്ത്രി ഒരുങ്ങുന്നതെന്നാണ് സൂചന. ഏപ്രിൽ ഒന്നിന് ആരംഭിച്ച് അടുത്ത വർഷം മാർച്ച് 31ന് അവസാനിക്കുന്ന വിധത്തിലാണ് നിലവിൽ സാമ്പത്തിക വർഷം. ഈ രീതിക്കു പകരം കലണ്ടർ വർഷം തന്നെ സാമ്പത്തിക വർഷമായി സ്വീകരിക്കാൻ സംസ്ഥാനങ്ങൾ മുൻകയ്യെടുക്കണമെന്ന് ഇക്കഴിഞ്ഞ ഏപ്രിലിൽ ചേർന്ന നീതി ആയോഗ് ഭരണ സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിരുന്നു.

സാമ്പത്തിക വർഷ പരിഷ്‌കരണം സംബന്ധിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി സമർപ്പിച്ച ശുപാർശയും മാറ്റത്തിന് അനുകൂലമാണ്. ഒന്നര നൂറ്റാണ്ടായി പിന്തുടർന്നുവന്ന സമ്പ്രദായം അവസാനിപ്പിച്ചു കലണ്ടർ വർഷം തന്നെ സാമ്പത്തിക വർഷമായി സ്വീകരിക്കുകയാണെന്നു പ്രഖ്യാപിക്കാൻ മധ്യപ്രദേശാണ് ആദ്യം മുന്നോട്ടുവന്നത്. തുടർന്നു ഝാർഖണ്ഡിന്റെ പ്രഖ്യാപനം വന്നു. മാറ്റത്തിനു സമ്മതമാണെന്ന് ആന്ധ്രപ്രദേശ് അറിയിച്ചിട്ടുമുണ്ട്. പരിഷ്‌കാരം ദേശീയതലത്തിൽ നടപ്പാക്കണമെങ്കിൽ അതിനു മുന്നോടിയായി കേന്ദ്ര ബജറ്റ് നവംബറിലെങ്കിലും അവതരിപ്പിക്കണം.

പ്രമുഖരാജ്യങ്ങളിൽ മിക്കവയും കലണ്ടർ വർഷമാണു സാമ്പത്തിക വർഷമായി സ്വീകരിച്ചിട്ടുള്ളത്. ജിഎസ്ടി നടപ്പാക്കിയതു മൂലമുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളിൽനിന്നു ബിസിനസ് സംരംഭങ്ങൾ മോചനം നേടിയിട്ടില്ല. അതുകൊണ്ട് ഇത് ഉടൻ നടപ്പാക്കരുതെന്ന വാദവും സജീവമാണ്. സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾക്കു സുതാര്യത കൈവരുത്താനും സാമ്പത്തിക വർഷത്തിന്റെ പുനർനിർണയം സഹായിക്കില്ലെന്നാണ് ഇവരുടെ പക്ഷം.