- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ നടത്തുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സിനിമ തിയേറ്ററുകൾ അടക്കുകയും ചെയ്യുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള മാർഗം മാത്രം; ഈ നിയന്ത്രണങ്ങൾ 'ഹൃദയത്തെ' തകർക്കും; മാളുകളെ ഒഴിവാക്കുമ്പോൾ പ്രതിഷേധവുമായി ഫിയോക്
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയെ 'സി' കാറ്റഗറിയിൽ ഉൾപ്പെടുത്തി സിനിമ തിയേറ്ററുകൾ അടക്കുന്ന തീരുമാനത്തിനെതിരെ ഫിയോക്ക് പ്രസിഡന്റ് കെ. വിജയകുമാർ. തിരുവനന്തപുരത്തെ ബാറുകളും മാളുകളും പ്രവർത്തിക്കുകയും തിയേറ്റർ മാത്രം അടക്കുകയും ചെയ്യുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടലാണെന്ന് തിയേറ്റർ ഉടമ പറയുന്നു. ലുലുമാൾ അടയ്ക്കാത്തതിനെ ചോദ്യം ചെയ്യുകയാണ് ഫലത്തിൽ ഫിയോക്.
കോവിഡ് സാഹചര്യത്തിൽ ഇങ്ങനെ നിയന്ത്രണം ഏർപ്പെടുത്തുന്നത് സിനിമകൾ തിയേറ്ററിൽ എത്തിക്കാൻ നിർമ്മാതാക്കൾ മടിക്കും. അത് വീണ്ടും തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുമെന്നും വിജയകുമാർ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയെയും ഇത് പ്രതിസന്ധിയിലാക്കുമെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ തിയേറ്ററുകൾ അടച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം അനീതിയാണ്. സിനിമ തിയേറ്ററുകളോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. കാരണം കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാം കൊറോണ എവിടെ നിന്നാണ് പടർന്ന് പിടിക്കുന്നതെന്ന്. പ്രധാനമായും ബാറുകളും മാളുകളുമാണ് കോവിഡ് വ്യാപനം ഇത്രത്തോളം രൂക്ഷമാകാനുള്ള കാരണം എന്ന സത്യം നിലനിൽക്കെ ആരുടെ കണ്ണിൽ പൊടിയിടാനാണ് തിയേറ്ററുകൾ പ്രവർത്തനരഹിതമാക്കുന്നതെന്നാണ് ഫിയോക്കിന്റെ അഭിപ്രായം.
ഒരു ദുരന്ത കാലഘട്ടത്തിന് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമായി വരുകയാണ്. വളരെ കഷ്ടപ്പെട്ടിട്ടാണ് ഒരു സിനിമ റിലീസ് ചെയ്തുകൊണ്ടുവരുന്നത്. അതും 50 ശതമാനം കപ്പാസിറ്റി വെച്ച്. അമ്പത് ശതമാനം മാത്രം പ്രവേശനാനുമതിയുള്ള തിയേറ്ററുകളിൽ നൂറോ നുറ്റമ്പതോ ആളുകൾ സാമൂഹ്യ അകലം പാലിച്ചാണ് ഇരുന്ന് സിനിമ കാണുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ നടത്തുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സിനിമ തിയേറ്ററുകൾ അടക്കുകയും ചെയ്യുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള മാർഗം മാത്രമാണ്. ഒരു മുന്നറിയിപ്പും നൽകാതെയാണ് ഇങ്ങനെയൊരു പ്രഖ്യാപനം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.
മാൾ തൊഴിലാളികളുടെയോ ബാർ തൊഴിലാളികളുടെയോ പരിഗണന തിയേറ്റർ തൊഴിലാളികൾക്ക് കിട്ടുന്നില്ലെന്ന് പറയുന്നത് സങ്കടകരമായ അവസ്ഥയാണ്. സർക്കാർ എല്ലാ വിഭാഗം തൊഴിലാളികളെയും ഒരേ കണ്ണ് കൊണ്ട് കാണണം. അതിൽ വേർതിരിവ് പാടില്ല. സർക്കാർ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് മറ്റുള്ളവരെ കാണിക്കാനുള്ള ഒരു തന്ത്രമായി മാത്രമാണ് ഫിയോക്ക് ഇതിനെ കാണുന്നത്.
തിരുവനന്തപുരത്തെ തിയേറ്ററുകൾ അടക്കുന്നത് ഹൃദയം എന്ന സിനിമയെ പ്രതികൂലമായി ബാധിക്കും. വളരെ പ്രതീക്ഷയോടെയാണ് ആ യുവ നിർമ്മാതാവ് ചിത്രം തിയേറ്ററിൽ എത്തിച്ചത്. അദ്ദേഹം ഒരു തിയേറ്റർ ഉടമ കൂടി ആയതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. കാരണം വിശാഖ് കൂടി റിലീസിൽ നിന്ന് പിന്മാറിയാൽ ഇനി സമീപകാലത്തൊന്നും തിയേറ്ററിൽ സിനിമ റിലീസ് ചെയ്യില്ലെന്ന് മനസിലാക്കിയാണ് അദ്ദേഹം ആ തീരുമാനം എടുത്തത്. ജനങ്ങൾ അത് സന്തോഷത്തോടെ തന്നെ സ്വാഗതം ചെയ്യുകയും ചെയ്തുവെന്ന് ഫിയോക് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ