സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് കാറിൽ കയറി വീട്ടിലേക്ക് വരുകയായിരുന്ന യുവതി ഓട്ടത്തിനിടെ കത്താൻ തുടങ്ങിയ കാറിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രണ്ടേകാൽ കോടി രൂപ വില വരുന്ന മാക് ലാറെൻ സൂപ്പർകാറിനാണ് ലിൻകോളിനിൽ വച്ച് ഓട്ടത്തിനിടയിൽ തീപിടിച്ചത്. എന്നാൽ ഇറങ്ങിയോടിയ യുവതി ജീവൻ പരിഗണിക്കാതെ ഷോപ്പിങ് സാധനങ്ങൾ എടുക്കാൻ തിരിച്ച് വന്നിരുന്നു. ഇതിനെ വിമർശിച്ച് സോഷ്യൽ മീഡിയ സജീവമായി രംഗത്തെത്തിയിട്ടുമുണ്ട്. ലിൻകോളിനിലെ തിരക്കേറിയ റോഡിലുണ്ടായ ഈ തീപിടിത്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ മറ്റ് മോട്ടോറിസ്റ്റുകൾ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും വിലയേറി ആഡംബര സൂപ്പർകാറുകളിലൊന്നാണ് കടുത്ത സുരക്ഷാ ഭീഷണി ഉയർത്തിക്കൊണ്ട് ഇവിടെ കത്തിയിരിക്കുന്നത്. തീപിടിത്തത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.20ന് ഫയർ ക്രൂസ് കുതിച്ചെത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും തീ പൂർണമായം കാറിനെ വിഴുങ്ങിയതിനാൽ വളരെ കുറച്ച് ഭാഗങ്ങൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ബെക്കി ഗാഗെൻ എന്ന 45കാരിയും ഭർത്താവായ ജോൺ എന്ന 59കാരനും ഇവരുടെ മകനായ 10 വയസുകാരൻ ടോമുമായിരുന്നു തീപിടിത്തമുണ്ടായ കാറിൽ സഞ്ചരിച്ചിരുന്നത്. തങ്ങൾ അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇവർ പ്രതികരിച്ചിരിക്കുന്നത്.

വളരെ അടുത്ത് നിന്ന് കറുത്ത പുക ഉയരുന്നത് കാണാമായിരുന്നുവെന്നും തുടർന്ന് വാഹനത്തിന് ചുറ്റും നോക്കിയപ്പോൾ കാറിന്റെ ഒരു കോണിൽ നിന്നും തീ കത്തിപ്പടരുന്നുണ്ടായിരുന്നുവെന്നും അവർ ഞെട്ടലോടെ വെളിപ്പെടുത്തുന്നു. എന്നാൽ തീ കത്തിപ്പടരുന്നതിന് മുമ്പ് സ്ത്രീ ഇതിലെ ഷോപ്പിങ് സാധനങ്ങൾ എടുത്ത് മാറ്റാൻ ശ്രമിച്ചത് ഒരേ സമയം ഞെട്ടലും ചിരിയുമുണ്ടാക്കിയെന്നാണ് നിരവധി ദൃക്സാക്ഷികൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്. കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചിട്ടുണ്ടെന്നും അതിനാൽ ഏത് സമയവും പൊട്ടിത്തെറിക്കാമെന്നും സ്ത്രീ ചുറ്റും കൂടിയവരോട് വിളിച്ച് പറയുകയും ചെയ്തിരുന്നു.

സൗത്ത് യോർക്ക്ഷെയറിലെ ഡോർകാസ്റ്ററിലുള്ള വീട്ടമ്മ തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. അവരും കുടുംബവും ഇതിലൂടെ കടന്ന് പോകുമ്പോൾ തീപിടിത്തം കണ്ട് വണ്ടി നിർത്തുകയായിരുന്നു. തുടർന്ന് ഈ റോഡ് 30 മിനുറ്റോളം അടച്ചിടുകയും ചെയ്തിരുന്നു. അപകടത്തിന്റെ ഫോട്ടോ എടുക്കന്നതിനോട് തനിക്ക് യോജിപ്പില്ലായിരുന്നുവെന്നും എന്നാൽ ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്നാണ് ഫോട്ടോയെടുത്തതെന്നും എന്നാൽ ആളുകൾ ഈ റോഡിൽ നിന്നും അകന്ന് പോകാൻ ഇത് ഉപകരിക്കുമെന്ന് തോന്നിയതിനാൽ ഫോട്ടോയെടുക്കുകയായിരുന്നുവെന്നും അവർ ന്യായീകരിക്കുന്നു.