കോഴിക്കോട് : കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തം അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. ഇത്തവണ ഉണ്ടായ തീപിടിത്തം യാദൃച്ഛികമല്ലെന്നും കത്തിച്ചതാണെന്നും കത്തിച്ച ശേഷം ഒരാൾ ഓടിപ്പോകുന്നതായി കണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി നസിറുദ്ദീൻ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മുൻകാലങ്ങളിലും കോഴിക്കോട് മിഠായിത്തെരുവിൽ നടന്ന തീപിടിത്തങ്ങളിൽ പലതും ആസൂത്രിതമായിരുന്നുവെന്ന സംശയം ശക്തമാകുകയാണ്.

എല്ലാ വർഷവും മിഠായിത്തെരുവിൽ ഉണ്ടാകുന്ന തീപിടുത്തങ്ങൾ അട്ടിമറിയാണെന്നും അതിനാലാണ് അന്വേഷണ റിപ്പോർട്ടുകൾ പുറത്ത് വരാത്തതെന്നും ആണ് വ്യാപാര വ്യവസായ ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ പ്രതികരിച്ചിരിക്കുന്നത്.

ഇത്തവണ ഉണ്ടായ തീപിടുത്തം യാദൃശ്ചികമല്ല, കത്തിച്ചതാണ്.കത്തിച്ചശേഷം ഒരാൾ കടയിൽ നിന്ന് ഓടിപ്പോകുന്നത് കണ്ടതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കടയ്ക്ക് പിറകിൽ ഒഴിഞ്ഞ സ്ഥലമുണ്ടെങ്കിൽ ആ കട കത്തിയിരിക്കും എന്ന അവസ്ഥയാണ്. ഒരു വർഷത്തിനുള്ളിൽ ഇനിയും തീപിടുത്തമുണ്ടാകുമെന്ന സ്ഥിതിയാണ്. അദ്ദേഹം പറഞ്ഞു. ആറുതവണയോളം മിഠായിത്തെരുവിൽ തീപിടുത്തമുണ്ടായിട്ടുണ്ട്. അന്നെല്ലാം അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു.എന്നാൽ ഇതുവരെ ഒരു അന്വേഷണ റിപ്പോർട്ടുകൾ പോലും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 22നാണ് മിഠായിത്തെരുവിൽ മാനാഞ്ചിറ ഭാഗത്ത് രാധ തിയറ്ററിനടുത്തുള്ള മോഡേൺ എന്ന തുണിക്കടയിൽ തീ പടർന്നത്. പിന്നീട് അടുത്തുള്ള അഞ്ചുകടകളിലേക്ക് കൂടീ തീ പടരുകയായിരുന്നു. ആറ് ഫയർ എൻജിനുകൾ എത്തി മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോൾ വ്യാപാരി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റായ നസിറുദ്ദീന്റെ പ്രതികരണവും വരുന്നത്. ഇതോടെ ഇക്കാര്യങ്ങളിൽ ശക്തമായ അന്വേഷണം ഉണ്ടാവുമെന്നും ഉറപ്പാവുകയാണ്. മുൻകാലങ്ങളിലും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും അന്വേഷണങ്ങൾ അട്ടിമറിക്കപ്പെടുകയായിരുന്നു എന്നാണ് സൂചനകൾ.

പഴയ കെട്ടിടങ്ങളുള്ള വ്യാപാര തെരുവാണ് മിഠായിത്തെരുവ്. ഇവിടെ കെട്ടിടങ്ങളുടെ പിന്നിൽ സ്ഥലം ധാരാളമായുണ്ട്. തൊട്ടുതൊട്ട നിലയിലാണ് ഒരോ കടകളും പ്രവർത്തിക്കുന്നത്. തീപിടിത്തമുണ്ടായി കെട്ടിടം പൊളിക്കാൻ കഴിഞ്ഞാൽ കോടികൾ വിലമതിക്കുന്ന പിൻവശത്തെ സ്ഥലംകൂടി ഉപയോഗപ്പെടുത്താമെന്നതും നല്ല വിലയ്ക്ക് വിൽക്കാമെന്നതും ആണ് ഇത്തരം തീപിടിത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് പിന്നിലെന്നാണ് സൂചനകൾ.

മാത്രമല്ല, തീപിടിത്തത്തിന്റെ പേരിൽ വൻതുക നഷ്ടപരിഹാരവും നേടിയെടുക്കാനാകും. ഇത്തരത്തിൽ ഒരുവെടിക്ക് രണ്ടുപക്ഷിയെന്ന നിലയിൽ ആണ് തീപിടിത്തങ്ങൾ സൃഷ്ടിക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. മുമ്പും തീപിടിത്തങ്ങളുണ്ടായപ്പോൾ ഇത്തരം ആക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, സ്റ്റോക്ക് മാറ്റി തീപിടിത്തത്തിന് ദിവസങ്ങൾക്കുമുമ്പ് കളമൊരുക്കാറുണ്ടെന്ന വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. ഇൻഷ്വറൻസ് തട്ടിപ്പ്, ടാക്‌സ് വെട്ടിപ്പ് തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചനകൾ.

പഴകി ദ്രവിച്ച കെട്ടിടങ്ങളും അശാസ്ത്രീയ വയറിംഗുമെല്ലാം കാരണം എപ്പോഴും തീപിടിക്കാമെന്ന നിലയിലാണ് മിഠായിത്തെരുവിലെ കടകൾ പ്രവർത്തിക്കുന്നത്. ചെറിയ ഷോർട്ട് സർക്യൂട്ട്, ഒരു തീപ്പൊരി മതി തീ ആളിപ്പടരാൻ. രക്ഷാ പ്രവർത്തനത്തിനുപോലും സാധിക്കാത്ത വിധം ഇടുങ്ങിയ വഴികളും നൂറുകണക്കിന് കടകളും ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്നു. പല തീപിടുത്തങ്ങൾക്കു പിന്നിലും ദുരൂഹതകൾ ഏറെയാണ്. തെരുവിന് പിറകിലെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് വഴിയുണ്ടാക്കാൻ, ഇൻഷുറൻസ് തട്ടിക്കാൻ തുടങ്ങി പല ആരോപണങ്ങളും അട്ടിമറി സാധ്യതകളും ഓരോ തീപിടുത്തമുണ്ടാകുമ്പോഴും ഉയരാറുണ്ട്.

2015 മെയിൽ ഉണ്ടായ തീപിടിത്തം ആസൂത്രിതമായിരുന്നുവെന്ന ആക്ഷേപം ഉയർന്നതോടെ വിഷയത്തിൽ അന്നത്തെ യുഡിഎഫ് സർക്കാർ രണ്ട് അന്വേഷണങ്ങൾ പ്രഖ്യാപിച്ചിരുന്നു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ റവന്യൂ സംഘവും അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണവുമാണ് പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഇത്തരത്തിൽ മേലിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ കടയുടമകൾ കർശന നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ തീപിടിത്തത്തിനു പിന്നിലെ അട്ടിമറി സാധ്യത അന്വേഷിക്കണമെന്ന് അന്നേ ആവശ്യമുയർന്നെങ്കിലും ഈ രീതിയിലുള്ള അന്വേഷണം വേണ്ടത്ര ഉണ്ടായില്ല. തീപിടിത്തത്തിനു കാരണം ഷോർട് സർക്യൂട്ടല്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് കലക്ടർക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അന്ന് പറഞ്ഞത്.

നവീകരണ പ്രവൃത്തികളോ സുരക്ഷാസജ്ജീകരണങ്ങളോ നടത്താത്ത കടകൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന അഭിപ്രായമാണ് കോർപ്പറേഷനിലെ ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥർ കഴിഞ്ഞതവണ തീപിടിത്തം ഉണ്ടായപ്പോൾ സ്വീകരിച്ചത്. സർക്കാർ നിർദ്ദേശിച്ച നവീകരണങ്ങൾ നടത്തിയെന്നും സുരക്ഷസംവിധാനങ്ങൾ ഒരുക്കിയെന്നും കോർപ്പറേഷനെ തെറ്റിദ്ധരിപ്പിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. സംഭവസ്ഥലം സന്ദർശിച്ച അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണിനോട് ഇവർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

മുൻപ് ഓരോ തവണയും തീപിടുത്തമുണ്ടായപ്പോൾ അടിയന്തരസുരക്ഷാ സംവിധാനം എല്ലാ കടകളിലും ഏർപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതു നടപ്പാക്കാൻ കടയുടമകൾ തയ്യാറായില്ല. മനഃപൂർവ്വം അപകടം വരുത്താനുള്ള സാഹചര്യമുണ്ടാക്കിയ ശേഷം നഷ്ടപരിഹാരത്തിനായി ശ്രമിക്കുന്ന പ്രവണതയാണ് ഉള്ളതെന്നാണ് ഉദ്യോഗസ്ഥർ അന്ന് ആരോപിച്ചത്.

സമാനമായ സ്ഥിതിയിലാണ് ഇപ്പോഴും മിഠായിത്തെരുവിൽ തീപിടിത്തമുണ്ടായതെന്ന വാദം ഇപ്പോഴേ ഉയർന്നുകഴിഞ്ഞു. വൻതോതിൽ സ്‌റ്റോക്ക് കത്തിനശിച്ചുവെന്ന് കാട്ടി നഷ്ടപരിഹാരം നേടാനും ഇൻഷ്വറൻസ് തുക കൈക്കലാക്കാനും ആസൂത്രിത ശ്രമുണ്ടായോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യം. മാത്രമല്ല, വിൽപന നടത്തിയത് കുറച്ചുകാട്ടി നികുതിയിൽ വെട്ടിപ്പ് നടത്താനും കഴിയുമെന്ന സ്ഥിതിയുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും മുൻകാലങ്ങളിലേപ്പോലെ ഇക്കുറിയും ഇത്തരം കാര്യങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും ആവശ്യമുയരുന്നുണ്ട്.