കോഴിക്കോട്: തീയണക്കലും വെള്ളത്തിൽ നിന്നിറങ്ങി രക്ഷപ്പെടുത്തലുമാണ് പലപ്പോഴും ഫയർ‌സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ പ്രധാന പണി. എന്നാൽ അതിനിടയിൽ സ്‌ക്കൂൾ വിദ്യാർത്ഥികളുടെ മോതിര പ്രേമം ഫയർ‌സ്റ്റേഷൻ ഉദ്യോഗസ്ഥർക്കുണ്ടാകുന്ന പുലിവാല് ചില്ലറയൊന്നുമല്ല. പുതിയ ഫാഷൻ ഭ്രമത്തിന്റെ പേരിലാണ് കല്ലുള്ളതും അല്ലാത്തതുമായ മോതിരം അണിയാൻ വിദ്യാർത്ഥികൾ മനസ്സ് വെക്കുന്നത്.

കോഴിക്കോട് ജില്ലയിലെ വടകര ചേലക്കാട് ഫയർ‌സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് വിദ്യാർത്ഥികളുടെ മോതിര പ്രേമം കൊണ്ട് ശരിക്കും വട്ട് പിടിച്ച നിലയിലായത്. മോതിരം കുടുങ്ങിയ നിലയിൽ നിരവധി പേരാണ് ദിനംപ്രതി ഫയർ‌സ്റ്റേഷൻ ഓഫീസിൽ കുതിച്ചെത്തുന്നത്. കഴിഞ്ഞ മാസം മാത്രം 12 വിദ്യാർത്ഥികളാണ് സ്റ്റീൽ മോതിരം കുടുങ്ങി ഫയർ‌സ്റ്റേഷനിൽ എത്തിയത്.

ആയഞ്ചേരിയിലെ അസ്‌ളഹ് എന്ന വിദ്യാർത്ഥിയുടെ മോതിരമാണ് ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം കുടുങ്ങിയത്. ഫയർ‌സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥിയുടെ മോതിരം ഏറെ ശ്രമകരമാണ് ജീവനക്കാർ അഴിച്ചു മാറ്റിയത്. സ്റ്റീൽ മോതിരം ആശുപത്രികളിൽ നിന്നോ സ്വർണ പണിക്കാരിൽ നിന്നോ സാധാരണ അഴിക്കാൻ സാധിക്കാറില്ലെന്നും ചില മോതിരം അഴിക്കാൻ മണിക്കൂറുകളോളം സമയം എടുക്കുന്നതായും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

അത്യാധുനിക സംവിധാനം ഉപയോഗിച്ച് ഫയർ‌സ്റ്റേഷനിൽ നിന്നും മോതിരം അഴിക്കാൻ സാധിച്ചിട്ടിലെങ്കിൽ വിരൽ തന്നെ മുറിച്ച് മാറ്റേണ്ടി വരും. അതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണെമന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.