പാലക്കാട്: ഒരു ഗ്രാമത്തിനാകെ അത്ഭുതവും ഭീതിയും ജനിപ്പിച്ച് പാലക്കാട് ജില്ലയിൽ കിണറുകളിലെ വെള്ളം നിന്നു കത്തുന്നു.എണ്ണയൊക്കെ കത്തുന്നതിന് സമാനമായി പന്തം കൊളുത്തിയത് പോലെയാണ് വെള്ളത്തിന് തീപിടിക്കുന്നത്.കൂറ്റനാട് ടൗണിൽ തണ്ണീർക്കോട് റോഡിന്റെ വടക്കു വശത്ത് 10 വീടുകളിലും സിപിഎം ഏരിയ കമ്മിറ്റി ഓഫിസ്, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെയും കുടിവെള്ള സ്രോതസുകളിൽ ആണ് ഈ അദ്ഭുത പ്രതിഭാസം.

ഇന്ധനത്തിന്റെ രൂക്ഷഗന്ധം വരുന്ന കിണറുകളിൽ തീ കൊളുത്തിയിട്ടാൽ ഏറെ നേരം ആളിക്കത്തും. ശരിക്കും പന്തം കൊളുത്തിയതുപോലെയുള്ള തീ. വെള്ളം കോരിയെടുത്തു തീ കൊളുത്തിയാലും ഇതേ അവസ്ഥയാണ്.പലയിടങ്ങളിലും ആറു മാസത്തിലധികം ആയി ഇത്തരത്തിൽ എണ്ണയുടെ അംശം കാണുകയും പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി സംഭവം സ്ഥിരീകരിക്കുകയും ചെയ്തിരുന്നുവെങ്കിലും പരിഹാരം ഒന്നും ഉണ്ടായില്ല.

ജനങ്ങളുടെ പരാതിയെത്തുടർന്ന് മലിനീകരണ നിയന്ത്രണബോർഡ്, ഭൂജലവകുപ്പ് തുടങ്ങിയ വിഭാഗങ്ങൾ വെള്ളത്തിന്റെ സാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 'കത്തുന്ന എന്തോ ഒന്ന് വെള്ളത്തിലുണ്ട് ' എന്നു മാത്രമാണ് അവർക്ക് ഇപ്പോൾ പറയാൻ കഴിയുന്നത്.എന്നാൽ കാരണം കൃത്യമായി കണ്ടെത്താൻ കഴിയാത്തതിനാൽ തന്നെ ജനങ്ങൾ ആശങ്കയിലുമാണ്.ഈ വെള്ളം കുടിച്ചാൽ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടാകുമോ എന്ന ഭീതിയിലാണു ജനം.തൊട്ടടുത്ത് ഒരു പെട്രോൾ പമ്പ് ഉണ്ട്. അതിൽ നിന്നാണോ ഇന്ധനം ചോരുന്നത് എന്ന സംശയം നാട്ടുകാർ ഉന്നയിക്കുന്നു.

ഒപ്പം കിണറുകളിലെ മണ്ണിന്റെ പരിശോധന നടത്തണമെന്നും ആവശ്യമുയരുന്നു.കത്തുന്ന എന്തോ ഘടകം വെള്ളത്തിലുണ്ടെന്നു മാത്രമാണ് ഈ ഘട്ടത്തിൽ പറയാൻ കഴിയുകയെന്നു മലിനീകരണ നിയന്ത്രണ ബോർഡ് എൻവയേൺമെന്റൽ എൻജിനീയർ എം.എൻ.കൃഷ്ണൻ പറഞ്ഞു. സാംപിളുകൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലാബിലേക്കും കേന്ദ്രബോർഡിന്റെ ബെംഗളൂരുവിലെ ലാബിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാൽ മാത്രമേ കൃത്യമായ കാരണങ്ങൾ ലഭ്യമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വെള്ളത്തിന് തീപിടിക്കാൻ പല കാരണങ്ങളാണ് ചുണ്ടിക്കാട്ടുന്നത്.സമീപത്ത് പെട്രോൾ പമ്പ് ഉണ്ട് എന്നതുകൊണ്ട് ആ സാധ്യത തള്ളിക്കളയാൻ കഴിയില്ല. ടാങ്കുകളിലെ ചോർച്ച മൂലമുള്ള ഉറവ വഴി ഇന്ധനത്തിന്റെ അംശം കിണറുകളിൽ വരാൻ സാധ്യതയുണ്ട്. മഴക്കാലത്തു ചില പെട്രോൾ പമ്പുകളിലെ ടാങ്കിൽ വെള്ളം കലർന്ന് ഇന്ധനത്തിനൊപ്പം വാഹനത്തിലെത്തുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ദീർഘകാലമായി കെട്ടിക്കിടക്കുന്ന ചാണകക്കുഴികൾ ഉണ്ടെങ്കിൽ മീഥെയിൻ വാതകം പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. ചെളികെട്ടിക്കിടക്കുന്നുണ്ടെങ്കിലും മീഥെയിൻ വാതകം ഉണ്ടാകും. പൊട്ടിത്തെറിക്കുമെന്നതിനാൽ ഏറെ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. പെട്രോ കെമിക്കൽ എൻജിനീയർമാരെക്കൊണ്ട് വെള്ളം പരിശോധിക്കുന്നതു നല്ലതാണ്.

നീലയും സ്വർണനിറവുമുള്ള പാട വെള്ളത്തിനുണ്ടെങ്കിൽ അത് ഇന്ധനസാന്നിധ്യമാകും. പക്ഷേ, ഇത്രയും ദൂരത്തിൽ ഇന്ധനസാന്നിധ്യം വരുന്നതെന്താണെന്നു ഗൗരവമായ പഠനം നടത്തേണ്ടി വരുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.അതേസമയം പ്രതിഭാസം കണ്ടെത്തിയ സാഹചര്യത്തിൽ വേനൽ കാലത്ത് കിണർ ശുചീകരണ പ്രവൃത്തിക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

2020ൽ പാലക്കാട് ജില്ലയിലെ തെന്നിലാപുരത്തും ആലപ്പുഴ ജില്ലയിലെ കാവാലത്ത് 2019ലും കിണർ വെള്ളം കത്തുന്ന പ്രതിഭാസം ഉണ്ടായിരുന്നു.