കണ്ണൂർ: 'വെടിക്കെട്ട് ഗംഭീരമാക്കാ'നുള്ള ഉത്സവ കമ്മിറ്റി ഭാരവാഹികളുടെ പ്രേരണയാണ് അപകടസാധ്യതയേറിയ പടക്കനിർമ്മാണത്തിനു വഴിവയ്ക്കുന്നത്. ഈ വർഷം വെടിമരുന്നു പ്രയോഗത്തിന്റെ കണക്കു തീർക്കുമ്പോൾ കരാറുകാരനോട് ഭാരവാഹികൾ പറയുന്ന പല്ലവി ഇങ്ങനെ.

ഈ വർഷത്തെ വെടിക്കെട്ട് തരക്കേടില്ല. അടുത്ത വർഷം കെങ്കേമമാക്കണം. വെടിമരുന്നിന്റെ കരാറ് തനിക്ക് തന്നെ നിലനിർത്താൻ അടുത്ത വർഷം കൂടുതൽ രാസപദാർത്ഥങ്ങൾ ചേർത്ത് വെടിക്കെട്ട് നടത്തും. അതോടെ കരാറുകാരൻ അവർക്ക് പ്രിയങ്കരനാവും. കഴിഞ്ഞ പത്തിലേറെ വർഷങ്ങളായി കേരളത്തിൽ പടിപടിയായി തീവ്രതയ്യാർന്ന കരിമരുന്ന് പ്രയോഗം ആപൽക്കരമായ നിലയിലെത്തിയ സാഹചര്യം ഇതാണ്. പടക്കനിർമ്മാണത്തിന് നിയമാനുസൃതം അനുവദിക്കപ്പെട്ട രാസവസ്തുക്കൾ പൊട്ടാസ്യം നൈട്രേറ്റ്, കാർബൺ, സൾഫർ, ബേരിയം നൈട്രേറ്റ് എന്നിവയാണ്. എന്നാൽ ഇന്ന് ഉപയോഗിക്കുന്ന ഉഗ്ര സ്‌ഫോടനശേഷിയുള്ള പടക്കങ്ങളിലെ മുഖ്യ ചേരുവ പൊട്ടാസ്യം ക്ലോറേറ്റാണ്.

പടക്ക നിർമ്മാണ തൊഴിലാളികൾക്ക് അതിൽ ചേർക്കുന്ന രാസവസ്തുക്കളെക്കുറിച്ച നല്ല അറിവ് വേണമെന്നാണ് ശിവകാശിയിലെ പടക്ക നിർമ്മാതാക്കളുടെ സംഘടന പറയുന്നത്. അക്കാര്യത്തിൽ നല്ല ബോധവൽക്കരണം നടത്തിയ തൊഴിലാളികളെയാണ് ശിവകാശിയിലെ നിർമ്മാണശാലകളിൽ ജോലി ചെയ്യിക്കുന്നത്. നിർമ്മാണ ഘട്ടം മുതൽ വിപണനം വരെ ശാസ്ത്രീയമായ രീതിയിൽ സുരക്ഷാ സംവിധാനത്തോടെ പ്രത്യേക മുറികൾ തിരിച്ചാണ് സജ്ജീകരണമൊരുക്കിയിട്ടുള്ളത്. എന്നാൽ കാതടപ്പിക്കുന്ന സ്‌ഫോടന ശേഷിയുള്ള പടക്കങ്ങൾ കേരളത്തിൽ നിർമ്മിക്കുന്നത് അംഗീകാരമില്ലാത്തവരും അനധികൃതമായി നിർമ്മിക്കുന്നരുമാണ്.

നിർമ്മാതാക്കൾക്കോ തൊഴിലാളികൾക്കോ തങ്ങൾ പടക്കത്തിൽ ചേർക്കുന്ന ചേരുവകളുടെ പേരുപോലും അറിയില്ലെന്നതാണ് സത്യം. പച്ചയും മഞ്ഞയും നീലയും കറുപ്പും നിറത്തിൽ അവരുടെ മുന്നിലെത്തുന്ന വെടിമരുന്ന് അപകടകരമായ രാസവസ്തുവാണെന്ന് അവർക്കറിയില്ല. ശാസ്ത്രീയമായി പടക്കങ്ങളിൽ എത്രവരെ ചേർക്കാമെന്ന കാര്യത്തിലും അവർ അജ്ഞരാണ്. പറവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉപയോഗിച്ച വെടിമരുന്ന് ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതാണെന്നാണ് സൂചന. അതിൽ പൊട്ടാസ്യം ക്ലോറേറ്റ് ഉൾപ്പെടെയുള്ള നിരോധിത രാസവസ്തുക്കളുണ്ട്. ചൈനയിൽ നിന്നും കണ്ടെയ്‌നറുകളിൽ ഒളിച്ചു കടത്തിയതാണ് ഈ രാസവസ്തുക്കളെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ വെടിക്കെട്ട് കരാറുകാർക്ക് ഇവ ലഭിക്കുന്ന ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തിവരുന്നേയുള്ളൂ.

ഒരു തീപ്പെട്ടിക്കകത്തുകൊള്ളുന്ന മരുന്ന് ഉപയോഗിച്ചാണ് മുൻകാലങ്ങളിൽ കതിനയും ഗുണ്ടും നിർമ്മിച്ചിരുന്നതെന്ന് ഒരു പഴയകാല നിർമ്മാതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ഉത്സവ കമ്മിറ്റിക്കാർ ഓരോ വർഷവും കൂടുതൽ ശബ്ദമുള്ള പടക്കം വേണമെന്ന് നിർബന്ധിക്കും. അതനുസരിച്ച് രാസവസ്തുക്കളുടെ അളവിൽ പത്തും ഇരുപതും ഇരട്ടി വർദ്ധന വരുത്തിയാണ് പടക്കം നിർമ്മിക്കുന്നത്. ഇതു മനുഷ്യജീവൻ കൊണ്ടുള്ള പന്താടലാണെന്നതിന് സമമാണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ഉത്സവങ്ങളിൽ ഉപയോഗിക്കുന്ന വെടിമരുന്നിന് പടക്കം എന്നു വിളിക്കാൻ പറ്റില്ല. യുദ്ധരംഗത്ത് ഉപയോഗിക്കുന്ന ബോംബുകൾക്ക് സമാനമാണ് ജനങ്ങൾ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ പ്രയോഗിക്കുന്ന വെടിക്കെട്ട്. അതിൽ അപകടമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ, അദ്ദേഹം പറഞ്ഞു.

ആഘോഷങ്ങൾക്കും ക്ഷേത്രോത്സവങ്ങൾക്കും ചൈനീസ് സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന പടക്കങ്ങളാണ് വ്യാപകമാവേണ്ടത്. കാതടപ്പിക്കുന്ന ശബ്ദത്തിൽനിന്നും മാറി ദൃശ്യഭംഗി നല്കുന്നതിലേക്ക് ജനങ്ങളെ ആകർഷിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കും പോലും പ്രയോഗിക്കാവുന്ന പടക്കങ്ങൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. ശിവകാശിയിലെ പ്രമുഖ കമ്പനികൾ ഉത്പ്പാദിപ്പിക്കുന്ന ഇത്തരം പടക്കങ്ങൾ കണ്ണിനും കാതിനും ഇമ്പമേറുന്നവയാണ്. വർണ്ണ പ്രകാശവും സന്തോഷവും പ്രദാനം ചെയ്യുന്നവയായിരിക്കട്ടെ നമ്മുടെ ആഘോഷങ്ങളും ഉത്സവങ്ങളും.