ലണ്ടൻ: കുഞ്ഞിനു ജന്മം നല്കുന്ന ബ്രിട്ടനിലെ ആദ്യ പുരുഷനാകാനൊരുങ്ങുകയാണ് ഹെയ്ഡൻ ക്രോസ്(20). ഫേസ്‌ബുക്കിൽ നടത്തിയ അഭ്യർത്ഥന കണ്ട് അജ്ഞാതനായ ദാതാവ് നല്കിയ ബീജം ഉപയോഗിച്ച് നാലു മാസം ഗർഭാവസ്ഥയിലാണ് ഹെയ്ഡൻ. പെണ്ണായി ജനിച്ച ഹെയ്ഡൻ ഇപ്പോൾ ഹോർമോൺ ചികിത്സ നടത്തി പുരുഷനാകാനുള്ള തയ്യാറെടുപ്പിലാണ്. പ്രസവത്തിനുശേഷം ശസ്ത്രക്രിയ നടത്തി പൂർണ ആണായി മാറും.

ജോലിയൊന്നുമില്ലാതെ സർക്കാർ നല്കുന്ന തൊഴിലില്ലാവേതനംകൊണ്ടു മാത്രം ജീവിക്കുന്ന ഹെയ്ഡൻ ഒരു കുഞ്ഞു വേണമെന്ന ആഗ്രഹം കൊണ്ടുമാത്രമാണ് ആണാകാനുള്ള ശസ്ത്രക്രിയ നീട്ടിവച്ചിരിക്കുന്നത്. ആണായി മാറി കുറച്ചുകൂടി പ്രായമായ ശേഷം കുഞ്ഞിനെ സ്വന്തമാക്കിയാൽ മതിയെന്നായിരുന്നു ആദ്യം ആഗ്രഹിച്ചിരുന്നത്. ഇതിന്റെ ഭാഗമായി, പുരുഷനായി മാറുന്നതിനു മുമ്പ് തന്റെ അണ്ഡം ശേഖരിച്ച് ശീതീകരിച്ചു സൂക്ഷിക്കാൻ ശ്രമിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഹെയ്ഡൻ അധികൃതരെ സമീപിച്ചെങ്കിലും അതിന്റെ ചെലവായ 4,000 പൗണ്ട് നല്കാനില്ലായിരുന്നു.

നിരാശനായ ഹെയ്ഡൻ ഫേസ്‌ബുക്കിലൂടെ തനിക്ക് ബീജം നല്കണമെന്ന് അഭ്യർത്ഥന നടത്തുകയായിരുന്നു.അജ്ഞാതനായ ദാതാവിന്റെ ബീജം ഒരു പാത്രത്തി ഹെയ്ഡന്റെ വീടുവാതിലിനു മുന്നിൽ വയ്ക്കുകയായിരുന്നു. ആശുപത്രിയിലെത്തി യഥാവിധി ഗർഭധാരണം നടത്താനുള്ള പണം ഇല്ലാതിരുന്നതിനാൽ ഒരു സിറിഞ്ച് ഉപയോഗിച്ചാണ് ഹെയ്ഡൻ ബീജസങ്കലനം നടത്തിയത്.

പെണ്ണിന്റെ ശരീരത്തിൽ ആണിനെ ഒളിപ്പിച്ച വ്യക്തിത്വമായിരുന്നു ഹെയ്ഡന്റേത്. ചെറുപ്പം മുതൽ കൂട്ടുകാരെല്ലാം ആണുങ്ങളായിരുന്നു. ഫുട്‌ബോൾ പോലുള്ള കളികളുമായിരുന്നു താത്പര്യം. ഹോർമോൺ ചികിത്സ ആംഭിച്ചശേഷം ഹെയ്ഡന്റെ മുഖത്ത് രോമങ്ങൾ മുളച്ചുതുടങ്ങിയിട്ടുണ്ട്. ശബ്ദവും പുരുഷന്മാരുടേതു പോലെയായി. പ്രസവിച്ചശേഷം ശസ്ത്രക്രിയ നടത്തി സ്തനങ്ങൾ മുറിച്ചുകളയും. അണ്ഡാശയവും നീക്കം ചെയ്യും. ഇതോടെ പൂർണ ആണായി ഹെയ്ഡൻ മാറും.

യുഎസിലെ അരിസോണ സ്വദേശിയായ തോമസ് ബെയ്റ്റിയാണ് ലോകത്തിൽ ആദ്യമായി പ്രസവിക്കുന്ന പുരുഷൻ. ഹോർമോൺ ചികിത്സയിലൂടെ ഇദ്ദേഹം പുരുഷന്മാരെപ്പോലെ ആയെങ്കിലും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നില്ല. മൂന്നു കുട്ടികൾക്ക് ബെയ്റ്റി ജന്മം നല്കി.