കണ്ണൂർ: പറന്നുയരാൻ തയ്യാറായി നിൽക്കുന്ന രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സർവ്വീസ് പ്രഖ്യാപിച്ചു. കണ്ണൂരിൽ നിന്നും അഗുദാബിയിലേക്കാണ് ആദ്യ സർവ്വീസ് നടത്തുക. എയർ ഇന്ത്യ എക്‌സപ്രെസ് ആണ് കന്നി സർവ്വീസ് നടത്തുക. ഇതിനുള്ള സജ്ജീകരണങ്ങൾ ഉദ്ഘാടനത്തിന് മുൻപ് തന്നെ ഒരുക്കും. ഡിസംബർ ഒൻപതിന് രാവിലെയാണ് ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.

ഉദ്ഘാടന ദിവസം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു യാത്രക്കാരുമായുള്ള ആദ്യ വിമാനം പറത്താൻ തയ്യാറെടുത്ത് എയർ ഇന്ത്യ എക്സ്‌പ്രസ്. അബുദാബിയിലേക്കായിരിക്കും ആദ്യ സർവീസ്. 9ന് രാവിലെ 11ന് കണ്ണൂരിൽ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന തരത്തിലാണ് സർവീസ് ക്രമീകരിക്കുന്നത്. ഇതിനായി എയർഇന്ത്യ എക്സ്‌പ്രസിന്റെ ബോയിങ് 737800 വിമാനം നേരത്തെ കണ്ണൂരിലെത്തിക്കും. യുഎഇ സമയം ഉച്ചയ്ക്ക് 1.30ന് അബുദാബിയിലെത്തും. സമയക്രമം ഡയറക്ടേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പരിഗണനയിലാണ്.

രണ്ടോ മൂന്നോ ദിവസത്തിനകം അംഗീകാരം ലഭിക്കമെന്നാണു കരുതുന്നത്. ഇതു ലഭിച്ചാലുടൻ ടിക്കറ്റ് ബുക്കിങ്ങിനുള്ള ക്രമീകരണം ചെയ്യും. ഒരാഴ്ചയ്ക്കകം ടിക്കറ്റ് ബുക്കിങ് തുടങ്ങാൻ കഴിയുമെന്നാണ് എയർഇന്ത്യ എക്സ്‌പ്രസ് പ്രതീക്ഷിക്കുന്നത്.9ന് അബുദാബിയിൽ നിന്നു കണ്ണൂരിലേക്കും സർവീസുണ്ടാവും. യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8ന് കണ്ണൂരിലെത്തും. ദുബായിലേക്കും ഷാർജയിലേക്കും പ്രതിദിന സർവീസുകളും എയർ ഇന്ത്യ എക്സ്‌പ്രസിനുണ്ടാവും. അബുദാബിയിലേക്ക് ആഴ്ചയിൽ നാലു സർവീസുകളാണ് നടത്താൻ ഉദ്ദേശിക്കുന്നത്.

മസ്‌കത്തിലേക്ക് ആഴ്ചയിൽ മൂന്നു സർവീസുകളുണ്ടാകും. ദോഹയിലേക്ക് ആഴ്ചയിൽ നാലു സർവീസുകളും റിയാദിലേക്കു മൂന്നു സർവീസുകളും ഉണ്ടാവും.എയർ ഇന്ത്യ എക്സ്‌പ്രസ് പുതുതായി വാങ്ങിയ ബോയിങ് 737800 വിമാനങ്ങളിൽ ഒന്ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾക്കു മാത്രമായി ഉപയോഗിക്കുമെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് പ്രതിനിധി അറിയിച്ചു.എയർഇന്ത്യ എക്സ്‌പ്രസിന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള മേഖലയാണ് കണ്ണൂർകാസർകോട് ജില്ലകളെന്നും അവർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും അറിയിച്ചു.