തൃശ്ശൂർ: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ കുതിരാൻ തുരങ്കങ്ങളിൽ ഒന്ന് ഗതാഗതത്തിനായി തുറന്നു. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള തുരങ്കമാണ് തുറന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ ശനിയാഴ്ച രാത്രി ഏഴരയോടെ തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു.

ഉദ്ഘാടന മാമാങ്കങ്ങളും കൊട്ടിഘോഷിക്കലും മന്ത്രിമാരുടെയും നേതാക്കന്മാരുടേയും ചമയക്കാഴ്ചകളുമില്ലാതെയാണ് പൊതുജനങ്ങളുടെ യാത്രാദുരിതത്തിന് ഒരു പരിധിയോളം പരിഹാരമാകുന്നത്. കൊച്ചി കോയമ്പത്തൂർ ദേശീയപാതയിലെ യാത്ര സമയം കുറയും എന്നതാണ് തുരങ്കം തുറക്കുന്നതിലെ പ്രധാന സവിശേഷത.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഗതാഗതം ആരംഭിക്കുന്ന കാര്യം അറിയിച്ചത്. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകുകയായിരുന്നു. പാതയുടെ തൃശ്ശൂർ-പാലക്കാട് ഹൈവേയിലെ ഗതാഗതക്കുരുക്കിന് ഇതോടെ വലിയ പരിഹാരമാകും. സംസ്ഥാനത്തെ ആദ്യ തുരങ്കപാതാണ് കുതിരാനിലേത്.

അതേസമയം നിർമ്മാണത്തുടക്കം മുതൽ നിരവധി വിവാദങ്ങൾക്ക് വഴിവെച്ച കുതിരാൻ തുരങ്കം ഗതാഗതത്തിനായി തുറന്ന വേളയിലും വിവാദത്തിന് സാക്ഷിയായി. സംസ്ഥാന സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തുരങ്കം തുറന്നത്. ഓഗസ്റ്റ് ഒന്ന്, രണ്ട് അല്ലെങ്കിൽ ഓണത്തിന് മുൻപ് ഒരു തുരങ്കം തുറക്കും എന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തിന് പിന്നീട് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ല.

തുരങ്കം സന്ദർശിച്ച ദേശീയപാത ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് കിട്ടുക എന്നത് മാത്രമാണ് അവശേഷിച്ചിരുന്ന ഒരേ ഒരു കാര്യം. അടുത്തയാഴ്ചയോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും റീജണൽ ഓഫീസിന് കൈമാറിയ റിപ്പോർട്ടിന് ഇന്ന് അംഗീകാരം ലഭിക്കുക കൂടി ചെയ്തതോടെയാണ് തുരങ്കം ശനിയാഴ്ച തന്നെ തുറക്കാനുള്ള തീരുമാനമുണ്ടായത്.



കുതിരാൻ വെറുമൊരു തുരങ്കം മാത്രമല്ല. 970 മീറ്റർ നീളമുള്ള സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയ്ക്ക് പ്രത്യേകതകളേറെയാണ്. വീതി കണക്കാക്കിയാൽ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ തുരങ്കങ്ങളിലൊന്നാണ് കുതിരാൻ, 14 മീറ്ററാണ് വീതി.

പാലക്കാട് ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്ക പാതയാണിപ്പോൾ തുറന്നത്. തുരങ്കം യാഥാർഥ്യമായതോടെ ഏകദേശം 1.7 കിലോമീറ്ററോളം ദൂരം ലാഭിക്കാൻ സാധിക്കും. കേരളീയ മാതൃകയിലാണ് തുരങ്കത്തിന്റെ കവാടം. തുരങ്കത്തിനകത്തെ പൊടിപടലങ്ങൾ ഒഴിവാക്കാൻ പത്തോളം ബ്ലോവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ അകത്തുള്ള പൊടിപടലങ്ങൾ തുരങ്കത്തിന് പുറത്തേക്ക് തള്ളിവിടും. വെളിച്ചക്കുറവ് പരിഹരിക്കാൻ 1200 ഓളം എൽഇഡി ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.



തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചാൽ മൊബൈലിന് റെയ്ഞ്ച് ലഭിക്കില്ലെന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ആറോളം ഇടങ്ങളിൽ എമൻജൻസി ലാൻഡ് ഫോൺ സംവിധാനവുമുണ്ട്. വിവിധ സുരക്ഷാ ആവശ്യങ്ങൾക്കായി ധാരാളം സെൻസറുകളും സജ്ജീകരിച്ചിട്ടുണ്ട്. വായുവിന്റെ മർദ്ദ വ്യത്യാസം, ഓക്സിജൻ ലെവൽ എന്നിവയെല്ലാം അളക്കാൻ പ്രത്യേക ഉപകരണങ്ങളും തുരങ്കത്തിനകത്തുണ്ട്. പുറത്തുള്ള കൺട്രോൾ റൂമിനകത്താണ് ഇവയുടെ ക്രമീകരണങ്ങളെല്ലാം നിയന്ത്രിക്കുകയും വിലയിരുത്തുകയും ചെയ്യുക.

ഇടയ്ക്കിടെ മണ്ണിടിച്ചിലുണ്ടാകുന്ന പ്രദേശമാണിത്. അതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ തുരങ്കത്തിന്റെ മുകൾ ഭാഗത്തായി മലയിൽ ഉരുക്കുവല പതിച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള ക്രമീകരണമാണിത്. ഈ ജോലികൾ പൂർണമായും കഴിഞ്ഞിട്ടില്ല. തുരങ്കത്തിനകത്ത് മണ്ണിടിച്ചിലുണ്ടാകുമെന്ന് ആശങ്കപ്പെടുന്ന സ്ഥലങ്ങളിലും അർധവൃത്താകൃതിയിൽ ഉരുക്കുപാളികൾവെച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.

അഗ്‌നി ബാധ തടയാൻ എട്ടോളം വാൽവുകളുള്ള ഫയർ ലൈനും ഇതിനകത്തുണ്ട്. തുരങ്കത്തിനോട് ചേർന്ന് രണ്ട് ലക്ഷം ലിറ്റർ വെള്ളം സൂക്ഷിക്കാൻ കഴിയുന്ന പ്രത്യേക വാട്ടർടാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ നിന്നാണ് ഹൈപ്രഷറോടുകൂടി ഫയർ ലൈനുകൾ വഴി വെള്ളം പമ്പു ചെയ്യാനാവുക. അഗ്‌നി ബാധയുണ്ടാൽ ഈ വാൽവുകൾ തുറന്ന് തീ അണയ്ക്കും.

അപകടമുണ്ടായാൽ ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാൻ തുരങ്കത്തിനകത്ത് മറ്റൊരു ചെറു ഇടനാഴിയുമുണ്ട്. ആദ്യ തുരങ്കത്തെ രണ്ടാം തുരങ്കവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. തുരങ്കത്തിനകത്ത് 540 മീറ്റർ ദൂരം പിന്നിട്ടാൽ ഈ ഇടനാഴിയെത്തും. ഒന്നാമത്തെ തുരങ്കത്തിൽ ഏതെങ്കിലും അപകടങ്ങളോടോ ഗതാഗതക്കുരുക്കോ ഉണ്ടായാൽ ഇതുവഴി രണ്ടാമത്തെ തുരങ്കത്തിലേക്ക് കടക്കാനാകും. എന്നാൽ രണ്ടാമത്തെ തുരങ്കത്തിന്റെ പണി പൂർത്തിയായാൽ മാത്രമേ ഈ ഇടനാഴി ഉപയോഗപ്പെടുത്താനാകു.

10 മീറ്ററാണ് തുരങ്കത്തിന്റെ ഉയരം. രണ്ട് തുരങ്കങ്ങൾ തമ്മിലുള്ള അകലം 24 മീറ്ററും. രണ്ടാം തുരങ്കംകൂടി പൂർത്തിയാകുന്നതോടെ ഗാതാഗത സൗകര്യം ആറുവരിപ്പാതയായി മാറും. കുതിരാൻ തുരങ്ക നിർമ്മാണത്തിനായി പ്രദേശത്തെ കുറ്റൻ പാറകൾ പൊട്ടിച്ചെടുക്കാൻ ആയിരത്തോളം സ്ഫോടനങ്ങളാണ് നടത്തിയത്. ഏകദേശം നാല് ലക്ഷത്തോളം ക്യുബിക് മീറ്റർ കല്ലും പൊടിയും ഇവിടെനിന്നും നീക്കം ചെയ്തു.

ഗതാഗതക്കുരുക്കിന് പരിഹാരമായി കുതിരാൻ തുരങ്കം എന്ന സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക് ചലിച്ച് തുടങ്ങുന്നത് 2004-05 കാലത്താണ്. ഡൽഹിയിൽ ദേശീയപാത അഥോറിറ്റിയുടെ ചീഫ് ജനറൽ മാനേജരായിരുന്ന കന്തസ്വാമിയും പാലക്കാട് പ്രോജക്ട് ഡയറക്ടറായിരുന്ന എം. കൃഷ്ണനുമാണ് കുതിരാനിൽ ഇരട്ടക്കുഴൽ തുരങ്കം എന്ന ആശയം രൂപപ്പെടുത്തിയത്. 2006ൽ വിശദ പദ്ധതിരേഖ തയ്യാറാക്കി.

പക്ഷേ, കുതിരാനിൽ സംരക്ഷിത വനവും വന്യജീവി സങ്കേതവുമുണ്ട്. സ്ഥലമെടുക്കാൻ സുപ്രീംകോടതിയുടെ അനുമതി വേണം. തുല്യമായ സ്ഥലം സർക്കാരിനു വിട്ടു നൽകണം. വനം പോകുന്നതിന് നഷ്ടപരിഹാരം കെട്ടിവെക്കണം. ഇതെല്ലാം പൂർത്തിയാവാൻ വർഷങ്ങളെടുത്തു. 2007ലും 2008ലും ടെൻഡർ ചെയ്തിരുന്നെങ്കിലും ആരും വന്നില്ല.

2010ലാണ് കരാർ ഉറപ്പിച്ചത്. ആറുവരിപ്പാതയുടെ കരാറുകാരായ കെ.എം.സി. കമ്പനി തുരങ്കംപണി പ്രഗതി ഗ്രൂപ്പിന് ഉപകരാർ നൽകുകയായിരുന്നു. രണ്ടും ഹൈദരാബാദിലെ കമ്പനികൾ. അന്തിമാനുമതി കിട്ടിയത് 2013ൽ. പക്ഷേ, അപ്പോഴേക്കും പ്രാദേശിക എതിർപ്പുകൾ ഉയർന്നു. പദ്ധതി മുന്നോട്ടു പോകില്ലെന്നു മനസ്സിലാക്കിയ ദേശീയപാത അഥോറിറ്റി 2015ൽ ഉപേക്ഷിക്കാൻ തീരുമാനിക്കുകയും വിവരം ഗതാഗതമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ, അവസാനവട്ടം ഒരു ശ്രമം കൂടി നടത്താൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതാണ് വഴിത്തിരിവായത്.

അതേവർഷം തന്നെ ആദ്യജോലികൾ ആരംഭിച്ചു. 2016 മെയ് 13ന് ഡ്രില്ലിങ് ജമ്പോസ് എന്ന ഉപകരണങ്ങളുമായി രണ്ടറ്റത്തു നിന്നും പാറ തുരക്കൽ തുടങ്ങി. ആദ്യ പൊട്ടിക്കലിൽതന്നെ പാറക്കഷണങ്ങൾ ദേശീയപാതയിലും സമീപപ്രദേശങ്ങളിലും തെറിച്ചുവീണതോടെ പണി നിർത്തേണ്ടിവന്നു. ജൂണിലാണ് വീണ്ടും തുടങ്ങിയത്.

പാലക്കാട് നിന്നു വരുമ്പോൾ ഇടതുവശത്തുള്ള തുരങ്കം ഫെബ്രുവരി 22നും രണ്ടാം തുരങ്കം ഏപ്രിൽ 21നും കൂട്ടിമുട്ടി. പിന്നീടും പല തടസങ്ങളുമുണ്ടായെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഒടുവിലിപ്പോൾ സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയിലുടെ വാഹനങ്ങൾ സഞ്ചരിച്ചു തുടങ്ങുന്നു. 200 കോടിയാണ് ചെലവ് പ്രതീക്ഷിച്ചതെങ്കിലും 350 കോടിയോളം രൂപയാണ് ഇതുവരെ ചെലവായത്. രണ്ടാം തുരങ്കവും പൂർത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.