- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേര, ചൂര പോലെയുള്ള വലിയ മത്സ്യങ്ങളേക്കാൾ മത്തി, ചൂട പോലെയുള്ള ചെറിയ മീനുകൾ സുരക്ഷിതം; കേടായ മത്സ്യമാണെങ്കിൽ കണ്ണിൽ വെള്ള പാടയുണ്ടാകാം. കണ്ണ് കുഴിഞ്ഞിരിക്കും; നല്ല മത്സ്യത്തിന്റെ കണ്ണുകൾ പുറത്തേക്കു തള്ളി നിൽക്കും; മീൻ മേടിക്കാൻ പോകും മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
പത്തനംതിട്ട: മലയാളികൾ പൊതുവേ മത്സ്യപ്രിയരാണ്. നല്ല മത്സ്യം ലഭിച്ചാൽ അത് ആസ്വദിച്ചു കഴിക്കാൻ ആഗ്രഹിക്കുന്നവർ. എന്നാൽ ഈ ട്രോളിങ് നിരോധന കാലതത് നല്ല മത്സ്യം ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യവുമാണ്. അതുകൊണ്ട് തന്നെ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മത്സ്യം പലപ്പോഴും മലയാളികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും മത്സ്യം വ്യാപകമായി കേരളത്തിലേക്ക് എത്തുന്നുണ്ട്. ഇതിൽ പഴകിയ മത്സ്യങ്ങളും എത്തുന്നു.
അതേസമയം ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും പഴകിയ മത്സ്യം പിടിച്ചെടുക്കുന്നതു തുടർക്കഥയായിട്ടും മത്സ്യ വിൽപനയിൽ കുറവുണ്ടായിട്ടില്ല. എന്തു കൊടുത്താലും കഴിക്കുമെന്ന സ്ഥിതിയിലേക്കാണു മലയാളികൾ പോകുന്നതെന്നു നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. ആരോഗ്യ വകുപ്പിന്റെ റെയ്ഡിൽ നിന്നും പഴകിയ മത്സ്യം വ്യാപകമായി പിടിച്ചെടുത്തിരുന്നു. മത്സ്യം വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിക്കുന്നത്.
കേര, ചൂര പോലെയുള്ള വലിയ മത്സ്യങ്ങളേക്കാൾ മത്തി, ചൂട പോലെയുള്ള ചെറിയ മീനുകളാണു സുരക്ഷിതമെന്നും അധികൃതർ പറയുന്നു. മലയോര മേഖലയിലാണു വരവുമീൻ വിൽപന വ്യാപകം. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ കഴിഞ്ഞിടെ തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്കു വിൽപനയ്ക്കു കൊണ്ടുവന്ന കേടായ 10750 കിലോ ചൂര മത്സ്യമാണു പിടികൂടി നശിപ്പിച്ചത്. ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് വേണമെന്നാണു കണക്ക്. എന്നാൽ കച്ചവടക്കാർ പലരും ഇതു പാലിക്കാറില്ല.
മത്സ്യങ്ങൾ മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ ഫ്രീസ് ചെയ്തു സൂക്ഷിക്കാമെങ്കിലും താപനില വ്യത്യാസപ്പെട്ടാൽ മത്സ്യം കേടാകാം. രാസവസ്തുക്കൾ ചേർന്ന മത്സ്യമാണെങ്കിൽ കറിവയ്ക്കുമ്പോൾ കുമിളകൾ പൊങ്ങി കറിയും കഷ്ണങ്ങളും വെവ്വേറെ കിടക്കും. ഇതു കഴിച്ചാൽ വയറുവേദനയുൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാകും. നല്ല മത്സ്യം എങ്ങനെ തിരിച്ചറിയാമെന്നു ചോദിച്ചാൽ അതിനെയും മറിക്കടക്കുന്ന വിദ്യകളാണു ചില കച്ചവടക്കാർ പയറ്റുന്നതെന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.
മത്സ്യത്തിൽ വിരലുകൊണ്ട് അമർത്തിയാൽ മാംസം താഴ്ന്നു പോകുന്നില്ലെങ്കിൽ പച്ചമത്സ്യമാണെന്ന് ഉറപ്പാക്കാം. ചീത്തയാണെങ്കിൽ വിരൽ താഴ്ന്നു പോകും.
കേടായ മത്സ്യമാണെങ്കിൽ കണ്ണിൽ വെള്ള പാടയുണ്ടാകാം. കണ്ണ് കുഴിഞ്ഞിരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
നല്ല മത്സ്യത്തിന്റെ കണ്ണുകൾ പുറത്തേക്കു തള്ളി നിൽക്കും. കണ്ണുകൾക്കു നല്ല തിളക്കമായിരിക്കും. നല്ല മത്സ്യത്തിന് ദുർഗന്ധമുണ്ടാകില്ല. ചെകിള റോസ് നിറമായിരിക്കും. കേടായ മത്സ്യത്തിൽ െചകിള കാപ്പിപ്പൊടി നിറത്തിലായിരിക്കും. അമോണിയ, ഫോർമലിൻ എന്നിവയുടെ രൂക്ഷ ഗന്ധം അനുഭവപ്പെടുന്ന മീൻ ഒഴിവാക്കുക. മീൻ വൃത്തിയാക്കുമ്പോൾ നട്ടെല്ലിന്റെ ഭാഗത്തുനിന്നു വരുന്ന രക്തം നല്ല നിറത്തോടെയുള്ളതാണെങ്കിൽ മത്സ്യം ഫ്രെഷ് ആണെന്നും ഉറപ്പിക്കാം.
മറുനാടന് മലയാളി ബ്യൂറോ