കോഴിക്കോട്: മീന്മണമില്ലാതെ ചോറുണ്ണുന്നതെങ്ങനെ; മലബാർകാർക്ക് ഒട്ടും പറ്റില്ല. അയക്കൂറയില്ലെങ്കിൽ മത്തിയെങ്കിലും കൂട്ടി ചോറുണ്ണാമെന്ന മലബാറുകാരുടെ മോഹത്തിന് കരിനിഴൽ വീഴ്‌ത്തുകയാണ് കടലമ്മ. പക്ഷിപ്പനി വന്നതോടു കൂടി ചിക്കനോട് താത്പര്യം കുറഞ്ഞവർക്ക് ആശ്വാസം മീനായിരുന്നു. തണുപ്പ് കാലമായതോടുകൂടി വടക്കൻ കേരളത്തിലെ കടലിൽനിന്ന് മത്സ്യലഭ്യത കുറഞ്ഞതോടെ മീനിന്റെ വില ഇരട്ടിയിലധികമായി. മധ്യകേരളത്തിലും മീൻ കിട്ടാനില്ല. ഡിസംബർ, ജനുവരി മാസങ്ങളിൽ സുലഭമായി ലഭിക്കുന്ന പരൽമീനും പൊടിമീനും പോലും ലഭിക്കുന്നില്ല. ഒരു കിലോ മത്തിയുടെ വില 80 രൂപയാണ്. മുൻപിത് 30 രൂപയായിരുന്നു. അയലയ്ക്കാകട്ടെ 80 രൂപയായിരുന്നത് 180 രൂപയായി. അയക്കൂറ, ആവോലി എന്നിവയ്ക്ക് 250തിൽ നിന്ന് 450 രൂപയായി വില വർദ്ധിച്ചു. ഇവയാകട്ടെ പലയിടത്തും കിട്ടാനുമില്ല.

കോഴിക്കോട്, കണ്ണൂർ, കാസർകോട് മേഖലയിലെ മത്സ്യബന്ധനത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്. കൂടിയ വില നൽകി രണ്ടും മൂന്നും ദിവസം പഴക്കമുള്ള മീൻ കഴിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ബംഗളൂരുവിലെ അവസ്ഥ ഇതിലും ഭീകരമാണ്. മെട്രോ നഗരത്തിന് മത്സ്യമെത്തിക്കുന്ന മംഗലാപുരം തീരങ്ങളിലും മീൻ കുറഞ്ഞു. ഇതോടെ ബംഗളൂരു നിവാസികൾ മൂന്നിരട്ടിയും നാലിരട്ടിയും അധികം വില നൽകി മീൻ വാങ്ങുകയാണ്. കേരളതീരങ്ങളിൽനിന്നുള്ള മത്സ്യക്കയറ്റുമതിയും കുറച്ചതോടെ മലയാളികൾ ഉൾപ്പടെയുള്ള ബംഗളൂരു നിവാസികൾ മത്സ്യക്കൊതി തീർക്കാൻ ബുദ്ധിമുട്ടുകയാണ്.

വൻകിട ബോട്ടുകൾ മീൻ കുഞ്ഞുങ്ങളെ പോലും വലയിട്ടു പിടിക്കുന്നതിനാൽ കടലിൽ മത്സ്യസമ്പത്തിന് കുറവ് വന്നതായി നാടൻ മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. രാജ്യത്തിന് അകത്തും പുറത്തും കയറ്റുമതി ചെയ്യുന്നതിനാണ് വൻകിടക്കാർ ഇത്തരത്തിൽ കടൽ കൊള്ളയടിക്കുന്നതെന്നും ഇതിനെതിരെ സർക്കാറും മന്ത്രിയും ഒന്നും ചെയ്യുന്നില്ല. ട്രോളിങ് നിരോധന സമയമല്ലാതിരുന്നിട്ടും ലക്ഷക്കണക്കിന് ചെറുകിട മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്കാണ് നീങ്ങുന്നത്.

മീൻവിലവർദ്ധന ഹോട്ടലുകൾ ആഘോഷമാക്കുകയാണ്. ഒരു നേരം മീൻ കൂട്ടി കഴിക്കാമെന്നു കരുതി കയറുന്നവന്റെ പേഴ്‌സ് കാലിയാക്കിയേ ഹോട്ടലുകാർ വിടാറുള്ളൂ. മത്തിക്കറിക്കുപോലും 100 രൂപയോളം വാങ്ങി ആഘോഷിക്കുകയാണ് ഹോട്ടൽ മുതലാളിമാർ. ജനുവരി 15 മുതൽ 21 വരെ സ്‌കൂൾ കലോത്സവത്തിന് കോഴിക്കോട്ടെത്തി മീൻ കഴിക്കാം എന്നു കരുതുന്നവർ ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും. ബാങ്ക് അക്കൗണ്ടിൽ ബാലൻസ് ഉണ്ടെങ്കിൽ മാത്രം മീൻ കഴിക്കുന്നതായിരിക്കും നല്ലത്.