ആലപ്പുഴ: കടലാക്രമണത്തിൽ എല്ലാം തകർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബം നിശ്ചയിച്ച തീയതിയിൽ മകളുടെ വിവാഹം നടത്താൻ ഉദാരമനസ്‌ക്കരുടെ സഹായം തേടുകയാണ്. അമ്പലപ്പുഴ വണ്ടാനം ശിശുവിഹാറിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി കഴിയുന്ന സിദ്ധാർത്ഥൻ - സതിലേഖ ദമ്പതികളുടെ മകളെ വിവാഹം കഴിച്ച് വിടാനാണ് ഇവർ പൊതുസമൂഹത്തിനോട് സഹായം അഭ്യർത്ഥിക്കുന്നത്. ഇവരുടെ മൂന്ന് മക്കളിൽ മുതിർന്നവളായ സിത്താരയുടെ വിവാഹം നവംമ്പർ 11 കളപ്പുളക്കൽ ഘണ്ടകർണ്ണസ്വാമി ക്ഷേത്രത്തിൽ വെച്ച് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിൽ ബാങ്ക് ലോണുകളോ, മറ്റ് വായ്പകളോ ലഭിക്കുമെന്ന് വിശ്വസിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങരുതേ എന്ന പ്രാർത്ഥനയിലാണ് ഈ കുടുംബമടക്കമുള്ള ശിശുവിഹാറിലെ അന്തേവാസികൾ.

ഇനി രണ്ടാഴ്ച മാത്രമേ ശേഷിക്കുന്നുള്ളു. വസ്ത്രമോ, സ്വർണ്ണമോ ഒന്നും വാങ്ങിയിട്ടില്ല. ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം കടൽ തന്നെ കൊണ്ടുപോയി. ചോദിക്കാവുന്നവരോടൊക്കെ വായ്പ ചോദിച്ചു. കുറച്ച് പണം കിട്ടി. അതാവട്ടെ അമ്പത് പേർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ പോലും തികയില്ല. ആരെങ്കിലും സഹായിച്ചില്ലെങ്കിൽ , എന്ററ മകളുടെ വിവാഹം നടത്താൻ കഴിയില്ല. അഞ്ച് വർഷം മുമ്പ് കടൽ കൊണ്ടുപോയ വീട് വെയ്ക്കാൻ എടുത്ത ബാങ്ക് ലോൺ ഇനിയും അടച്ച് തീർന്നിട്ടില്ല. കണ്ണീരോടെ മത്സ്യത്തൊഴിലാളിയായ സിദ്ധാർത്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കടലിൽ പോകാൻ കഴിയുമായിട്ടല്ല ഇപ്പോൾ പോകുന്നത്. പക്ഷെ മക്കളെ പട്ടിണിക്ക് ഇടാൻ കഴിയില്ലല്ലോ എന്ന് കരുതിയാണ്. കഴിയുന്നവർ സഹായിക്കണം. ഒരു പെൺകുട്ടിയുടെ ജീവിതമാണ്. വിവാഹപെൺകുട്ടിയുടെ പിതാവ് പറയുന്നു. വിധി നിരന്തരം വേട്ടയാടിയതോടെ മാനസികമായി ചെറിയ അസ്വസ്തകളാൽ കഴിയുകയാണ് പെൺകുട്ടിയുടെ മാതാവ്.

അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന വണ്ടാനം ശിശുവിഹാറിലെ ക്യാംപിൽ മാത്രം അഞ്ച് വർഷമായി 13 കുടുംബങ്ങളാണ് കഴിയുന്നത്. അമ്പലപ്പുഴയിൽ വീടും സ്ഥലവും കടലാക്രമണത്തിൽ പൂർണ്ണമായും നഷ്ടപ്പെട്ട് പുനരധിവാസം കാത്ത് കിടക്കുന്നത് 149 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ്. ഇവരിൽ 85 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും, അത് ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ബാക്കിയുള്ളവരുടെ കാര്യങ്ങൾ ഇനിയും അനിശ്ചിതത്വത്തിലാണ്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി ക്യാംപിൽ കഴിയുന്ന അന്തേവാസികളും രാഷ്ട്രീയ വേർതിരിവില്ലാത്ത ചെറുപ്പക്കാരും ചേർന്ന് രൂപപ്പെടുത്തിയ അമ്പലപ്പുഴ അഭയാർത്ഥി സംയുക്ത സമര സമിതി മുൻകൈയെടുത്താണ് സിത്താരയുടെ വിവാഹത്തിനായി ആളുകളിൽ നിന്നും സഹായം സ്വീകരിക്കുന്നതിന്. ഇതിനായി ഇന്ത്യൻ ബാങ്ക് അമ്പലപ്പുഴ ബ്രാഞ്ചിൽ സിത്താരയുടെ മാതാവ് സതിലേഖയുടെയും ബന്ധു സന്ധ്യയുടെയും പേരിൽ ഒരു ജോയിൻ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

സന്ധ്യ , സതിലേഖ
ഇന്ത്യൻ ബാങ്ക് അമ്പലപ്പുഴ ബ്രാ്ഞ്ച്
അക്കൗണ്ട് നമ്പർ: 6683987685
ഐ.എഫ്.എസ്.സി കോഡ്: ഐഡിഐബി000എ177
( IDIB000A177)