ഡൽഹി: മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ പല സ്ഥലത്തും രക്ഷാപ്രവർത്തനത്തിന് എത്താൻ കേന്ദ്ര സേനയ്ക്ക് പോലും കഴിഞ്ഞിരുന്നില്ല. എന്നാൽ അന്ന് പെരുവെള്ളപ്പാച്ചിലിനെ പോലും മറികടന്ന് ആയിരങ്ങളുടെ ജീവൻ രക്ഷിച്ച സംസ്ഥാനത്തിന്റെ സ്വന്ചതം സേനയെ തേടി ഇതാ നോബൽ പുരസ്‌കാരം പോലും എത്താൻ ഉള്ള സാധ്യതയാണ് ഇപ്പോൾ ഉയരുന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേൽ സമ്മാനത്തിന് ശുപാർശ ചെയ്യുമെന്ന് ശശി തരൂർ എം പി. കേരളത്തിലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തിനിടെയുള്ള മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് ശുപാർശ ചെയ്യുകയെന്ന് ശശി തരൂർ പറഞ്ഞു.

സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പുറത്തുനിന്നുള്ള എൻട്രി എന്ന നിലയിൽ ആയിരിക്കും ശുപാർശ ചെയ്യുക എന്നാണ് വിവരം.2018 ഓഗസ്റ്റ് മാസത്തിൽ കേരളത്തിലുണ്ടായ പ്രളയത്തിൽ വലിയ സേവനമാണ് മത്സ്യത്തൊഴിലാളികൾ നടത്തിയത്. വലിയ രീതിയിലുള്ള അനുമോദനങ്ങളാണ് സംസ്ഥാനത്ത് നിന്നും സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത നിന്ന പോലും മത്സ്യത്തൊഴിലാളികളെ തേടി എത്തിയത്. സ്വന്തമാി സേനയുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം എന്ന ഖ്യാതി പോലും കേരളത്തിന്റെ പൊന്നോമനകൾക്ക് ചാർത്തിക്കിട്ടി

സേനാ വിഭാഗങ്ങൾക്ക് പോലും അസാധ്യമായ ഇടങ്ങളിലേക്ക് ബോട്ടുകളുമായി എത്തി ആയിരക്കണക്കിന് പേരെയാണ് പത്തനംതിട്ട, ആലുവ അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത്.കേരളത്തിന്റെ സ്വന്തം സൈനികർ എന്നാണ് അന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇവരുടെ സേവനത്തെ പ്രകീർത്തിച്ചത്. ഇതിനൊപ്പം തന്നെ ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും മത്സ്യത്തൊഴിലാളികളുടെ സേവനത്തെക്കുറിച്ച് പ്രത്യേക ഫീച്ചറുകൾ പ്രസിദ്ധീകരിച്ചിരുന്നു.

മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം കേരളം എക്കാലവും നന്ദിയോടെ സ്മരിക്കുമെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ല.ഒത്തൊരുമയോടെ നിന്നാൽ ഏതു ദുരന്തത്തേയും നേരിടാൻ കഴിയുമെന്നു ലോകത്തെ കാണിക്കുകൊടുക്കുകയായിരുന്നു നമ്മൾ. പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നിന്നു.എല്ലാ സംഘടനകളും ഒന്നിച്ചുനിന്നു. അക്കൂട്ടത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം എടുത്തു പറയേണ്ടതാണ് എന്ന് ഏവരും പ്രശംസിക്കുകയും ചെയ്തിരുന്നു.

പ്രളം നടന്ന ഓഗസ്റ്റ് 15ന് ഉച്ചയ്ക്കുതന്നെ രണ്ടുവഞ്ചികളുമായി മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയിലേക്ക് അയച്ചു. മഴതോരാതെ വൻനാശം വിതയ്ക്കുമ്പോൾ 15ന് രാത്രി കൊല്ലത്ത് കടപ്പുറത്ത് മൈക്ക് അനൗൺസ്മെന്റിലൂടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുവാൻ മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടു. ഉറങ്ങിക്കിടന്ന പലരെയും വീടുകളിലെത്തി ഉണർത്തി.കടലിൽ പോയ മത്സ്യത്തൊഴിലാളികളെ തിരിച്ചുവിളിച്ചു.ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ലോറികൾ പിടിച്ചെടുത്തു വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയിലേക്ക് അയക്കുകയായിരുന്നു.

പിന്നീട് മത്സ്യത്തൊഴിലാളികൾ തന്നെ കാര്യത്തിന്റെ ഗൗരവം മനസിലാക്കി സ്വന്തം നിലയ്ക്ക് നൂറുകണക്കിന് ലോറികളിൽ വള്ളങ്ങളുമായി പ്രളയ സ്ഥലങ്ങളിലേക്കു പോകുകയായിരുന്നു. പത്തനംതിട്ട ജില്ലയിൽ 70 ശതമാനംപേരെയും രക്ഷപ്പെടുത്തിയതു മത്സ്യത്തൊഴിലാളികളാണ്. ബാക്കി 30 ശതമാനമാണു സൈന്യവും മറ്റുള്ളവരും ചേർന്നു രക്ഷപ്പെടുത്തിയത്.എല്ലാ ജില്ലകളിലുമായി 669 വള്ളങ്ങളിൽ 65,000 പേരെയാണു മത്സ്യത്തൊഴിലാളികൾ മാത്രം രക്ഷിച്ചത്.