കൊച്ചി : ശരാശരി മലയാളികൾ ഇന്നും കാണുന്ന സ്വപ്‌നമാണ് ഗൾഫിൽ ഉയർന്ന ശമ്പളത്തിൽ ഒരു ജോലി. ഈ സ്വപ്‌നമാണ് പലരെയും കടക്കെണിയിലേക്കും ചതിക്കുഴികളിലേക്കും ഒടുക്കം ആത്മഹത്യയിലേക്കും നയിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ജോലി കിട്ടിയാൽ കുടുംബം രക്ഷപ്പെടുമെന്ന് കരുതി മുന്നിട്ടറങ്ങുന്ന ചെറുപ്പക്കാരെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത കടൽ കടത്തി ചതിക്കുഴിയിൽ പെടുത്തതും മലയാളികൾ തന്നെയാണ്. കൊടുങ്ങല്ലൂർ ചുള്ളിപ്പറമ്പിൽ ഇസ്മയിലും മകൻ ഇസഹാക്കും സ്വന്തം സ്ഥാപനത്തിലേക്ക് ഉയർന്ന ശമ്പളത്തിൽ റിക്രൂട്ട് ചെയ്ത് ഒമ്പതു ചെറുപ്പക്കാരാണ് കടക്കെണിയിലും ഖത്തർ പൊലീസിന്റെ അറസ്റ്റും ഭയന്ന് കഴിയുന്നത്. ഒമ്പതുപേരിൽ അഞ്ചു പേർ നിസഹായരായി ഖത്തറിൽ കഴിയുകയാണ്.

ഖത്തറിൽ ടെറാ ഹോംസ് ആൻഡ് ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തുന്ന ഇസ്മയിലും മകൻ ഇസാഹാക്കും തങ്ങളുടെ സ്വന്തം സ്ഥാപനത്തിലേക്ക് ഒമ്പതുപേരെയാണ് റിക്രൂട്ട് ചെയ്തത്. ഉയർന്ന ശമ്പളവും വാഗാദനം ചെയ്തു. വിസയ്ക്കായി ഒന്നരലക്ഷം രൂപയാണ് ഇസ്മയിലും മകൻ ഇസഹാക്കും ചേർന്ന് വാങ്ങിയത്. ഖത്തറിൽ എത്തി ജോലിക്കു ചേർന്നെങ്കിലും വാഗ്ദാനം ചെയ്ത് ശമ്പളം ഇവർ നൽകിയില്ല. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഇവരോട് ബാങ്ക് അക്കൗണ്ട് എടുക്കാൻ പറഞ്ഞു. പറഞ്ഞ ശമ്പളം കിട്ടുമെന്ന് പ്രതീക്ഷിച്ച് ഒമ്പതുപേരും ബാങ്ക് അക്കൗണ്ട് എടുത്ത് ഇവർക്ക് നൽകി. ഇനിയാണ് ഇസ്മയിലിന്റെയും ഇസഹാക്കിന്റെയും കാഞ്ഞബുദ്ധി. ഒമ്പതുപേരുടേയും അക്കൗണ്ടിലേക്ക് 22000 ഖത്തർ റിയാൽ നിക്ഷേപിച്ച ശേഷം ഇസ്മയിലിന്റെയും ഇസഹാക്കിന്റെയും അക്കൗണ്ടിലേക്ക് ഈ പണം മാറ്റും. ജീവനക്കാർക്ക് 22000 ഖത്തർ റിയാൽ ശമ്പളമുണ്ടെന്ന് കാണിച്ച് ബാങ്കിൽ നിന്ന് ജീവനക്കാരുടെ പേരിലുള്ള ക്രെഡിറ്റ് കാർഡ് സ്വന്തമാക്കി. ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് ഈ ക്രെഡിറ്റ് കാർഡുകൾ ഇസ്മയിലിന്റെയും ഇസഹാക്കിന്റെയും പേരിലായിരുന്നു. പിന്നീട് ബാങ്ക് അധികൃതർ ഇവരെ അന്വേഷിച്ച് എത്തിയപ്പോഴാണ് തങ്ങൾ ചതിയിൽ പെട്ടിരിക്കുന്ന വിവരം ഇവർ അറിയുന്നത്. ഇസ്മയിലും ഇസഹാക്കും തങ്ങളുടെ സ്ഥാപനത്തിന്റെ ധാരാളം സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് ഇവരുടെ ആരോപണം. കൂടുതൽ ശമ്പളത്തിൽ കരാർ ഉറപ്പിച്ച് കുറഞ്ഞ ശമ്പളത്തിൽ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നൽകുന്ന ഏർപ്പാടും ഇവർക്കുണ്ടായിരുന്നു.

തുച്ഛമായ ശമ്പളം നൽകി ഇവരെ ചതിച്ചതിനെ കുറിച്ച് ചോദിപ്പോൾ ഇരുവരും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവനക്കാർ ഇവരുടെ തട്ടിപ്പ് മനസിലാക്കിയെന്ന് അറിഞ്ഞതോടെ ഇസ്മയിലും ഇസഹാക്കും മുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയെ തുടർന്ന് നാട്ടിൽ നിന്ന് പണ പലിശയ്‌ക്കെടുത്ത് ബാങ്കിലെ കടം വീട്ടി നാട്ടിലെത്തിയ ഏലൂർ സ്വദേശി വൈശാഖാണ് തട്ടിപ്പിനെ കുറിച്ച് പൊലീസിൽ പരാതിപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരും നാട്ടിൽ നിന്നയച്ച പണം കൊടുത്ത് ബാങ്കിലെ കടംവീട്ടി. എന്നാൽ ബാങ്കിലെ ബാധ്യത തീർക്കാൻ കഴിയാതെ അഞ്ചു പേരാണ് ആത്മഹത്യയുടെ വക്കിൽ ഖത്തറിൽ കഴിയുന്നത്. കോഴിക്കോട് സ്വദേശികളായ ഷഫീക്ക് വിളയാട്ട്, മുഹമ്മദ് കാസിം, നൗഫൽ കൊച്ചാലുപറമ്പിൽ, അലിഷാ പുളിക്കൽ, അഷ്‌റഫ് പാറയിൽ എന്നിവരാണ് ബാങ്ക് ബാധ്യത എങ്ങനെ തീർക്കുമെന്ന് അറിയാതെ നട്ടംതിരിയുന്നത്. സംഭവം പുറത്തായതോടെ ടെറാ ഹോംസ് ആൻര് ട്രേഡിങ് കമ്പനിയിലെ വെബ്‌സൈറ്റിലെ ഉൾപ്പെടുത്തിയിരുന്ന ബിസിനസ് പങ്കാളികളുടെ ചിത്രവും പേരും നീക്കം ചെയ്തിട്ടുണ്ട്.

നാട്ടിലെത്തിയ ഏലൂർ എടക്കത്തലത്ത് വൈശാഖ് മോഹൻ എൻ.ആർ.ഐ എസ്‌പിക്ക് പരാതി നൽകി. പരാതിയിലെ ആരോപണം ശരിയാണെന്ന് കണ്ടതോടെ ഏലൂർ പൊലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചു. കേസെടുക്കുെമന്ന് ഉറപ്പായതോടെ ഇസ്മയിലും ഇസഹാക്കും മുങ്ങി. പൊലീസിന്റെ സമ്മർദ്ദത്തെ തുടർന്ന് ഇസാഹാക്ക് സ്റ്റേഷനിൽ എത്താമെന്ന് സമ്മതിച്ചു. സ്റ്റേഷനിൽ എത്തിയ കൂട്ടുപ്രതിയായ ഇസഹാക്കിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. 'ഒമ്പതുപേരെ ചതിച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിൽ ദുരൂഹതയുണ്ട്. ഖത്തറിലെ ബാങ്ക് വായ്പ തിരിച്ചടക്കാനാകാതെ പൊലീസ് നടപടിയെ പേടിച്ചിരിക്കുന്ന അഞ്ചു പേരുടെ കാര്യത്തിൽ അടിയന്തര നടപടി എടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും'വൈശാഖ് മോഹൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

എന്നാൽ പരാതിയിൽ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ഏലൂർ എസ്.ഐ. ആർ.രതീഷ് വ്യക്തമാക്കി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നോർക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി.ജോസഫ്, എംഎ‍ൽഎയായ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. പൊലീസിന്റെയും സർക്കാരിന്റെയും ഭാഗത്ത് നിന്നുള്ള അനുകൂലനടപടിയിലാണ് ഖത്തറിൽ കുടുങ്ങിയ മറ്റ് അഞ്ചുപേരും.