കോതമംഗലം:അതീവസുരക്ഷാമേഖലയായ ഇടമലയാർ ഡാമിൽ കടന്നുകയറി സുരക്ഷാജീവനക്കാരന് നേരെ ആക്രമണം.മുൻസൈനികൻ കൂടിയായ സെക്യൂരിറ്റി ജീവനക്കാരനെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം കഴിഞ്ഞ ദിവസം ആക്രമിച്ചത്. ഇടുക്കി ജില്ലയിലെ മുൻസൈനികരുടെ കൂട്ടായ്മയിൽ പ്രവർത്തിച്ചുവരുന്ന സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരനായ മനോജിനാണ് മർദ്ദനമേറ്റത്.ഈ ഏജൻസിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് നിലവിൽ ഇടമലയാർ പദ്ധതിയുടെ സുരക്ഷ ചുതലക്കാർ.

കൊടിയ മർദ്ദനമാണ് വാഹനത്തിലെത്തിയവരുടെ ഭാഗത്ത്് നിന്നും നേരിടേണ്ടി വന്നതെന്നും ഓടി രക്ഷപെട്ട് വനത്തിൽ ഒളിച്ചതിലാണ് താനിപ്പോഴും ജീവനോടെ ഇരിക്കുന്നതെന്നുമാണ് മനോജിന്റെ വെളിപ്പെടുത്തൽ. ഡാമിലേക്ക് പോകണമെന്നായിരുന്നു കാറിലെത്തിയവരുടെ ആവശ്യം.ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ അതീവ സുരക്ഷമേഖലയായ ഡാം പരിസരത്തേക്ക് കടത്തിവിടില്ലന്ന് മനോജ് വ്യക്തമാക്കിയതോടെയാണ് ആക്രണം തുടങ്ങിയത്.

വാഹനത്തിലെത്തിയവർ കൂട്ടം ചേർന്നായിരുന്നു ആക്രമണമെന്നും കുതറി ഓടി വനത്തിൽ ഒളിക്കുകയായിരുന്നെന്നും ഇവർ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സെക്യൂരിറ്റി പോസ്റ്റിലെത്തി താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതെന്നും മനോജ് മറുനാടനോട് വ്യക്തമാക്കി. വന്നവരുടെ ലക്ഷ്യം എന്തായിരുന്നെന്നോ ഇവർ ഏത് വഴിക്ക് മടങ്ങി എന്ന കാര്യത്തിലോ ഇപ്പോഴും തങ്ങൾക്ക് എത്തും പിടിയുമില്ലന്നാണ് ഡാമിന്റെ സുരക്ഷച്ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നിലപാട്.

സംഭവം സംന്ധിച്ച് വൈദ്യൂതി വകുപ്പധികൃതർ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരു വാഹനത്തിന്റെ നമ്പർ വൈദ്യുത വകുപ്പധികൃതർ നൽകിയിട്ടുണ്ടെന്നും ഇത്് കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്നും എസ് ഐ ബിജുകുമാർ അറിയിച്ചു.'ഞങ്ങൾ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും നിങ്ങൾ പ്രശ്‌നം വഷളാക്കരുത് 'എന്നുമായിരുന്നു മനോജിനെ നേരിൽക്കണ്ട് വിവരങ്ങൾ ശേഖരിക്കാൻ ഇടമലയാറിലെത്തിയ മാധ്യമപ്രവർത്തകരോട് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.മനോജിന്റെ വെളിപ്പെടുത്തൽ ചിത്രീകരിക്കരുതെന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ് സ്ഥലം വിടാനുമായിരുന്നു ഇദ്ദേഹത്തിന്റെ നിർദ്ദേശം.

സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്ന കാലം മുതൽ ഡാമിന് സുരക്ഷ ശക്തമാക്കണമെന്ന് പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.ഡാമും പവർഹൗസും ഉൾപ്പെടുന്ന പ്രദേശം സി സി ടിവി കാമറ നിരീക്ഷണത്തിൽ ആക്കണമെന്നായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ചിന്റെ പ്രധാന നിർദ്ദേശം.എന്നാൽ വൈദ്യുത വകുപ്പ് ഇക്കാര്യത്തിൽ ഇപ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായിട്ടാണ് ഇപ്പോഴത്തെ സംഭവത്തെത്തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ നിന്നും പുറത്ത് വന്നിട്ടുള്ള വിവരം.

കർണ്ണാടക -തമിഴ്‌നാട് വനമേഖലയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇടമലയാർ വനമേഖല വിധ്വംസക പ്രവർത്തകർ താവളമാക്കാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെ വിലയിരുത്തലുകൾ നേരത്തെ നിലവിലുണ്ട്.