ഹൂസ്റ്റണിൽ നിന്നും ഹിത്രോവിലേക്കുള്ള യുണൈറ്റഡ് എയർലൈൻസിന്റെ ബോയിങ് 767-300 വിമാനം അയർലണ്ടിലെ ഷാനൻ എയർപോർട്ടിലേക്ക് വഴി തിരിച്ച് വിട്ട് അടിയന്തിരമായി നിലത്തിറക്കി. ആകാശത്ത് പലതവണ കരണം മറിഞ്ഞതിനെ തുടർന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കാൻ നിർബന്ധിതമായത്. ഇത്തരത്തിൽ ലാൻഡ് ചെയ്യുന്നതിനിടയിൽ നിയന്ത്രണമില്ലാതെ ഈ വിമാനം 4000 അടിയോളം നിലംപതിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ വിമാനം ഇടിച്ചിറക്കിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അയർലണ്ടിന് 300 മൈലുകളോളം തെക്ക് പടിഞ്ഞാറ് മാറിയുള്ള ഈ വിമാനത്താവളത്തിലെ ഇറങ്ങലിനിടയിൽ 23 വിമാനയാത്രക്കാർക്ക് പരുക്കേറ്റിരുന്നുവെന്നാണ് റിപ്പോർട്ട്.

പുലർച്ചെ 4.55നാണ് വിമാനം ഇവിടെ ഇറങ്ങിയിരുന്നത്. മൂന്ന് കുട്ടികളും രണ്ട് ക്രൂ മെമ്പർമാരുമടങ്ങിയ 12 പേരെ ഉടനടി ലിമെറിക്കിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിരുന്നു. മറ്റ് നിരവധി പേരെ എയർപോർട്ട് ടെർമിനലിൽ വച്ച് തന്നെ ചികിത്സിക്കുകയായിരുന്നു. വിമാനം ആകാശത്ത് വച്ച് നിരവധി തവണ മലക്കം മറിഞ്ഞിരുന്നുവെന്നാണ് ഇതിലെ നിരവധി യാത്രക്കാർ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.ഇതിനെ തുടർന്ന് എല്ലാവരും സീറ്റിൽ നിന്നും തെറിച്ച് പോവുകയും തല വിമാനത്തിന്റെ മേൽക്കൂരയിൽ ചെന്നിടിക്കുകയും ചെയ്തിരുന്നു.തുടർന്ന് ഉച്ചത്തിലുള്ള പൊട്ടിത്തെറി കേട്ട് എല്ലാം അവസാനിക്കുകയാണെന്ന് തങ്ങൾ ഭയപ്പെട്ടിരുന്നുവെന്നും യാത്രക്കാരിൽ ചിലർ പറയുന്നു.

വിമാനം രണ്ടാമത് മലക്കം മറിച്ചത് അതിലും ഭീകരമായിട്ടായിരുന്നു. അപ്പോൾ യാത്രക്കാർക്ക് ഒരു റോളർ സ്‌കേറ്ററിൽ അകപ്പെട്ട അനുഭവമായിരുന്നു ഉണ്ടായിരുന്നത്. ഈ മലക്കം മറിച്ചിൽ കുറേ നേരം നീണ്ടു നിന്നതിനാൽ എല്ലാവരും അത്യുച്ചത്തിൽ കരഞ്ഞിരുന്നു. പലയിടങ്ങളിലും ചെന്ന് ശരീരം ഇടിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് കഠിനമായ വേദയും ചതവും തലയ്ക്ക് ചെറിയ പരുക്കുകളും സംഭവിച്ചിട്ടുണ്ട്. ഒരു ക്രൂ മെമ്പറിന്റെ കൈത്തണ്ടയുടെ എല്ല് പൊട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. സീറ്റ് ബെൽട്ടില്ലാതെ ഇരുന്നിരുന്ന ചില യാത്രക്കാർ സീറ്റിൽ നിന്നും എടുത്തെറിയപ്പെടുകയും കൂടുതൽ പരുക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് ഐറിഷ് ഏവിയേഷൻ അഥോറിറ്റി വ്യക്തമാക്കുന്നത്. അപകടത്തിൽ പെട്ട വിമാനത്തിൽ 223 യാത്രക്കാരും 12 ക്രൂ മെമ്പർമാരുമാണുണ്ടായിരുന്നത്. ഇവരെ പരിചരിക്കാനും ആശുപത്രിയിലെത്തിക്കാനും വിമാനത്താവളത്തിലേക്ക് ആംബുലൻസ് ക്രൂസും പാരാമെഡിക്സും കുതിച്ചെത്തിയിരുന്നു.

അപകടത്തിൽ പെട്ട വിമാനമായ യുഎ-880ലെ യാത്രക്കാർക്ക് എല്ലാ വിധ പരിചരണവും പിന്തുയുമേകുമെന്നാണ് യുണൈറ്റഡ് എയർലൈൻസ് പ്രതികരിച്ചിരിക്കുന്നത്. 207 യാത്രക്കാർ മറ്റൊരു വിമാനത്തിൽ ഇന്നലെ വൈകീട്ട് ലണ്ടനിലേക്ക് യാത്ര തുടർന്നുവെന്നും വിമാനക്കമ്പനി അറിയിക്കുന്നു. അപകടത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഒരു അടിയന്തിര സാഹചര്യം നേരിടാൻ തങ്ങൾ ഒരുങ്ങിയിരുന്നുവെന്നാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക് അറിയിച്ചിരിക്കുന്നത്. കൂടുതൽ പേർക്കും പരുക്കേറ്റിരിക്കുന്നത് അവരുടെ തലയ്ക്കും നട്ടെല്ലിനുമാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. വിമാനം ആകാശ ഗർത്തങ്ങളിൽ വീഴുമ്പോഴുള്ള കുലുക്കം കാരണമാണ് ഇത്തരം അവസ്ഥകൾ സംജാതമാകുന്നത്. ഇവ മിക്ക യാത്രക്കാർക്കും പേടിസ്വപ്നമാണ്. ടർബുലൻസ് എന്നാണിത് അറിയപ്പെടുന്നത്. വായുവിന്റെ രണ്ട് മാസുകൾ വ്യത്യസ്തമായ വേഗതയുമായി കൂട്ടി മുട്ടുമ്പോഴാണ് വിമാനം കുലുങ്ങാനിടയാകുന്നത്. ഇത്തരം കുലുക്കങ്ങളുടെ ഫലമായി അടുത്തിടെ നിരവധി വിമാനങ്ങളിലെ യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.