സ്ത്രധാരണത്തിലും പെരുമാറ്റത്തിലും ഇടപെടലുകളിലും അങ്ങേയറ്റത്തെ സൂക്ഷ്മത പുലർത്തുന്ന ജീവനക്കാർ, വൃത്തിയുടെ കാര്യത്തിൽ അതീവ ജാഗ്രത...വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ നാം ഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടിവരാറില്ല. എന്നാൽ, യാത്രക്കാർ അറിയാത്ത ചില രഹസ്യങ്ങൾ ആകാശയാത്രയിലുണ്ടെങ്കിലോ? സോഷ്യൽ മീഡിയ വെബ്‌സൈറ്റായ റെഡിറ്റിൽ വിമാന ജീവനക്കാർ പങ്കുവച്ച രഹസ്യങ്ങൾ അത് വെളിപ്പെടുത്തുന്നതാണ്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിമാനജീവനക്കാർ പലരും പങ്കുവച്ചത്. പലപ്പോഴും വിമാനങ്ങൾ യാത്ര ചെയ്യുന്നത് അവയവമാറ്റ ശസ്ത്രക്രിയക്കുവേണ്ടിയുള്ള അവയവങ്ങളുമായാകാമെന്ന് ഒരു എയർഹോസ്റ്റസ് വെളിപ്പെടുത്തി. ലഗേജുകൾക്കിടെ ചിലപ്പോൾ അവയവങ്ങളുണ്ടാകാം. നിങ്ങളുടെ വളർത്തുമൃഗങ്ങളും അതേ ഇടത്തുതന്നെയുണ്ടാകാം. ചിലപ്പോൾ മൃതശരീരങ്ങളും ഇതിനൊപ്പമുണ്ടാകാമെന്നും അവർ പറയുന്നു.

വിമാനത്തിന്റെ തറ അത്ര വെടിപ്പുള്ളതാകണം എന്നില്ലെന്നാണ് മറ്റൊരാളുടെ വെളിപ്പെടുത്തൽ. മൂത്രവും ഛർദിയുമൊക്കെ വീണ് അഴുക്കുപിടിച്ചതാകാം അത്. യാത്രക്കാർ ഷൂ അഴിച്ചുവെക്കരുതെന്ന അഭ്യർത്ഥനയടെയാണ് മുൻ എയർ ഹോസ്റ്റസിന്റെ വെളിപ്പെടുത്തൽ. ഭക്ഷണം തരുന്ന ട്രേയിൽത്തന്നെ കുട്ടികളുടെ ഉപയോഗിച്ച നാപ്പി വെക്കുന്നതും ചിലരുടെ പതിവാണ്. ഇതൊന്നും യാത്രക്കാരറിയാതെ കൈകാര്യം ചെയ്യുന്നതാണ് ജീവനക്കാരുടെ മിടുക്ക്.

ഒരിക്കൽ രാത്രി വിമാനം പറന്നുകൊണ്ടിരിക്കുന്നതിനിടെ പൈലറ്റിന് എങ്ങോട്ടാണ് യാത്ര ചെയ്യുന്നതെന്ന കാര്യം മറന്നുപോയതായി ഒരു എയർഹോസ്റ്റസ് വെളിപ്പെടുത്തുന്നു. ജീവനക്കാരും പൈലറ്റും ദീർഘയാത്രകൾക്കിടെ ഉറങ്ങാറുണ്ട്. പലപ്പോഴും തലേന്നത്തെ ഹാങ്ങോവർ മാറാൻ വൈകുന്നതാണ് വിമാനങ്ങൾ വൈകാൻ കാരണമെന്നും വേറൊരാൾ എഴുതുന്നു.