കണ്ണൂർ: ചിറക് വിരിക്കാൻ ഒരുങ്ങി നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ ഇന്ന് വിമാനമിറങ്ങും. വിമാനത്താവളത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്തിമപരിശോധന പൂർത്തിയായി. ബുധനാഴ്ച വൈകീട്ടോടെയാണ് രണ്ടു ദിവസത്തെ പരിശോധന പൂർത്തിയാക്കി വിദഗ്ധസംഘം മടങ്ങിയത്. റൺവേയിൽ യാത്രാവിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച രാവിലെ നടക്കും. 189 പേർക്കിരിക്കാവുന്ന എയർഇന്ത്യ എക്സ്‌പ്രസ് ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിന് കണ്ണൂരിലെത്തുന്നത്.

രാവിലെ ഒൻപതിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിമാനം 9.45-ഓടെ വിമാനത്താവളത്തിലെ റൺവേയിലിറങ്ങും. പലതവണ ലാൻഡിങ് നടത്തിയാണ് പരീക്ഷണപ്പറക്കൽ നടത്തുക. ആദ്യമായാണ് കണ്ണൂർ വിമാനത്താവളത്തിൽ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്.

വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺടോൾ സ്റ്റേഷനും അനുബന്ധ സംവിധാനങ്ങളുമാണ് ഡി.ജി.സി.എ. സംഘം രണ്ടാം ദിവസം പരിശോധിച്ചത്. ഡി.ജി.സി.എ. അസി. ഡയറക്ടർ വി.സന്താനത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡൽഹിയിലെത്തി വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോർട്ട് കൈമാറും. റിപ്പോർട്ട് പരിഗണിച്ച് ഈമാസം തന്നെ കണ്ണൂർ വിമാനത്താവളത്തിന് ലൈസൻസ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ ആദ്യം മുതൽ വിമാനത്താവളത്തിൽനിന്ന് സർവീസുകൾ തുടങ്ങാൻ കഴിയും.

ഡി.ജി.സി.എ. പരിശോധനപൂർത്തീകരിച്ചതോടെ കണ്ണൂർ വിമാനത്താവളം രാജ്യത്തെ വാണിജ്യ വിമാനത്താവളങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിക്കും. കാലിബ്രേഷൻ വിമാനം ഉപയോഗിച്ച് എയർപോർട്ട് അഥോറിറ്റി നടത്തിയ പരിശോധനകളെ തുടർന്ന് തയ്യാറാക്കിയ ഇൻസ്ട്രമെന്റ് അപ്രോച്ച് നടപടി അനുസരിച്ചാണ് വിമാനം ലാന്റിങ് നടത്തുക.. ഇൻസ്ട്രമെന്റ് ലാന്റിങ് സിസ്റ്റം ഡോപ്ലർ വെരിഹൈ ഫ്രീക്വൻസി ഓംമ്നി റെയ്ഞ്ച് ്ന്തരീക്ഷ വിഞ്ജാന വിഭാഗം സഞ്ചമാക്കിയ മെറ്റ് പാർക്ക്, ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്റെ കാര്യക്ഷമത എന്നിവയും ഡി.ജി.സി.എ സംഘം വിലയിരുത്തി.

പരിശോധയോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനസർവ്വീസ്ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. കേരളപ്പിറവി ദിനത്തിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ഉത്ഘാടനം നടത്താനും ശിശുദിനത്തിൽ സർവ്വീസ് ആരംഭിക്കാനുമുള്ള ഒരുക്കത്തിലാണ് അധികൃതർ. എന്നാൽ എയർ ഇന്ത്യ സർവ്വീസിന്റെ ഷെഡ്യൂൾ പുറത്ത് വിട്ട് ഒന്നാമതായി രംഗത്ത് ഇറങ്ങിയിരിക്കയാണ്. ഒക്ടോബർ 29 ന് പ്രാവർത്തികമാവത്തക്ക ഷെഡ്യൂൾ എയർ ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു. എന്നാൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല. അന്തിമാനുമതി ലഭിച്ചാൽ ദിവസങ്ങൾക്കകം ഷെഡ്യൂൾ തീയ്യതിയും സമയവും തീരുമാനിക്കാമെന്നാണ് അവർ ലക്ഷ്യമിടുന്നത്. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവ്വീസുകളുടെ കാര്യത്തിലും തീരുമാനമാകും. ആദ്യഘട്ടത്തിൽ അബുദാബി, ദുബായ്, ഒമാൻ, മസ്‌ക്കറ്റ്, ഷാർജ, റിയാദ്, ദമാം, എന്നീ ഏഴ് നഗരങ്ങളിലേക്കാണ് വിമാന സർവ്വീസ് നടത്തുക. ദിവസം മൂന്ന് സർവ്വീസെങ്കിലും ഉണ്ടാകും.

എയർ ഇന്ത്യക്ക് പുറമേ ജറ്റ് എയർവേസ്, ഇൻഡിഗോ എന്നീ വിമാന കമ്പനികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ റൺവേ, പാസഞ്ചർ ടെർമിനൽ, കസ്റ്റംസ് പരിശോധനാ സംവിധാനം, സുരക്ഷാ സംവിധാനം എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇൻസ്ട്രമെന്റ് ലാന്റിങ് സിസ്റ്റം, എയർപോർട്ട് ഇക്കണോമിക് റഗുലേറ്റ് അഥോറിറ്റി, ബ്യൂറോ ഓഫ് സിവിൽ എവിയേഷൻ സെക്യൂരിറ്റി എന്നീ പരിശോധനയെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു.