- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ 27 വരെ റിമാന്റിൽ; ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച; പ്രതിഷേധിച്ചവരെ പിടിച്ചുതള്ളിയ ഇപിയുടേതും സമാനമായ കുറ്റം; ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്തേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിന് പിടിയിലായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 27 വരെ റിമാൻഡ് ചെയ്തത്. ഇരുവരുടേയും ജാമ്യാപേക്ഷയിൽ കോടതി ബുധനാഴ്ച വിധി പറയും.
അതേ സമയം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കഴുത്തിൽ ആഞ്ഞുതള്ളിമാറ്റിയ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും നിയമമനുസരിച്ച് ഒരേ കുറ്റമാണ് ചെയ്തതെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത പൊലീസിന് ഇ.പി.ജയരാജനെതിരെയും ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കേണ്ടിവന്നേക്കുമെന്നാണ് സൂചന.
പൊലീസ് അതിനു തയാറായില്ലെങ്കിൽ കേന്ദ്ര ഏജൻസികളെയും കോടതിയെയും സമീപിക്കാം. കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയാലും കേസെടുക്കേണ്ടിവരും.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ പിടിച്ചുതള്ളി മർദിച്ച എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നാട്ടിൽ രണ്ടു നീതിയാണോ ഉള്ളതെന്നും പ്രതിഭാഗം അഭിഭാഷകൻ മൃദുൾ ജോൺ മാത്യു ചോദിച്ചു. വധശ്രമം നടന്നു എന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കില്ല. പ്രതികൾക്കു വിമാനത്തിനുള്ളിൽ മാരകായുധങ്ങളുമായി കയറാൻ സാധിക്കില്ല.
പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.ഇപി ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ആശുപത്രിയിലാകുമായിരുന്നു.പ്രതികളെ റിമാൻഡ് ചെയ്യണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധശ്രമെന്ന് പ്രതിഭാഗം ചോദിച്ചു.
വധശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇ പി ജയരാജന്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകൻ വാദിച്ചു.പ്രതികളെ പുറത്തു വിട്ടാൽ തെറ്റായ സന്ദേശമെന്ന് പ്രോസിക്യുഷൻ വാദിച്ചപ്പോൾ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിൽ അടയ്ക്കുന്നതാണ് തെറ്റായ സന്ദേശമെന്ന് പ്രതിഭാഗം വാദിച്ചു. വാദപ്രതിവാദങ്ങൾ ഒന്നര മണിക്കൂറോളം നീണ്ടു. തുടർന്നാണ് പ്രതികളെ 27 വരെ റിമാൻഡ് ചെയ്തത്
രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിച്ച് 'നിന്നെ ഞങ്ങൾ വച്ചേക്കില്ല' എന്ന് ആക്രോശിച്ചു കൊണ്ട് മുഖ്യമന്ത്രിക്കു നേരെ പ്രതികൾ പാഞ്ഞടുത്തതായാണ് വലിയതുറ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. അങ്ങനെ പറഞ്ഞതു കൊണ്ട് മാത്രം വധശ്രമത്തിനു കേസ് എടുക്കാനാകില്ല. സുരക്ഷാ വീഴ്ച ഉണ്ടായാൽ പരാതി പറയേണ്ട വിമാനത്താവള അധികൃതരോ വിമാനക്കമ്പനിയോ പരാതി നൽകിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
മുഖ്യമന്ത്രിയെ ആക്രമിച്ചതിനാൽ അതീവ പ്രാധാന്യത്തോടെ പരിഗണിക്കേണ്ട കേസാണിതെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകും. കണ്ണൂരിൽനിന്ന് കയറുമ്പോൾ തന്നെ പ്രതികൾ ഗൂഢാലോചന നടത്തി. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി പരിക്കു പറ്റി ആശുപത്രിയിലാകുമായിരുന്നു. ഗൗരവമുള്ള കേസായി പരിഗണിച്ച് പ്രതികളെ റിമാൻഡ് ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധം കേരളത്തിൽ രാഷ്ട്രീയ വിവാദമാണെങ്കിൽ, കേന്ദ്ര ഏജൻസികൾ ഏറെ ഗൗരവത്തോടെയാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നത്. നിസാരമായ കേസല്ല ഇതെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യാന്തരതലത്തിൽ രൂപീകരിച്ച നിയമവ്യവസ്ഥകളുണ്ടെന്നും വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് അൺലാഫുൾ ആക്ട്‌സ് എഗൈൻസ്റ്റ് സേഫ്റ്റി ഓഫ് സിവിൽ ഏവിയേഷൻ ആക്ട് രൂപീകരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളുൾപ്പെടുത്തിയ വാർഷിക റിപ്പോർട്ടുകൾ ഇന്ത്യ ഐസിഎഒയ്ക്കു കൈമാറാറുണ്ട്.
നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് ബിസിഎഎസ് (ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി) ആണ്. 1994 ലെ നിയമഭേദഗതി അനുസരിച്ച്, വിചാരണ വേളയിൽ ദേശവിരുദ്ധപ്രവർത്തനങ്ങൾ തെളിഞ്ഞാൽ വിമാനം തട്ടിയെടുക്കുന്നവർക്ക് വധശിക്ഷവരെ ലഭിക്കാം. തീവ്രവാദസംഘടനകൾ ഉൾപ്പെടുന്ന കേസുകളിലാണ് ഇത്തരം കടുത്ത ശിക്ഷയുള്ളത്. മറ്റുള്ള കേസുകളിൽ കുറ്റത്തിന്റെ സ്വഭാവം അനുസരിച്ചാണ് ശിക്ഷവിധിക്കുന്നത്. ഒരു വർഷംവരെ തടവോ പിഴ ശിക്ഷയോ യാത്രാവിലക്കോ ലഭിക്കുന്ന കേസുകളുണ്ട്.
നിയമം അനുസരിച്ച്, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായ വിവരം തിങ്കളാഴ്ച തന്നെ വിമാനത്താവള അധികൃതർ ബിസിഎഎസിനെയും വ്യോമയാന മന്ത്രാലയ അധികൃതരെയും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയെയും അറിയിക്കണം. സംഭവം ഉണ്ടായി ഒരു മണിക്കൂറിനുള്ളിൽ റിപ്പോർട്ടു നൽകണമെന്നാണ് നിയമം. ബിസിഎഎസ് വ്യോമയാന മന്ത്രാലയവുമായും എയർപോർട്ട് അഥോറിറ്റിയുമായും ചർച്ച ചെയ്ത് ഒരു കമ്മിറ്റി രൂപീകരിക്കും.
ഇതിന്റെ റീജനൽ ഓഫിസ് ചെന്നൈയിലുണ്ട്. കമ്മിറ്റി ഉദ്യോഗസ്ഥർ ഉടനെ വിമാനത്താവളത്തിലെത്തി പരിശോധന നടത്തും. ഇത്തരം പരിശോധന തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്നതായാണ് വിവരം. വിമാനത്തിനുള്ളിലെ സംഘർഷത്തിന്റെ വിവരം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ (എടിസി) അറിയിച്ചിട്ടുണ്ടെങ്കിൽ റെക്കോർഡ് ചെയ്യപ്പെട്ട സന്ദേശം സീൽ ചെയ്തു മാറ്റി വയ്ക്കും. വിവരങ്ങൾ ബന്ധപ്പെട്ട ഏജൻസികൾക്ക് ഉടനടി കൈമാറും.
മറുനാടന് മലയാളി ബ്യൂറോ