കൊച്ചി: കേരളം ആകാംക്ഷയോടെ കാത്തിരുന്ന എ.ആർ റഹ്മാൻ ഷോ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഒലിച്ചുപോയതിന്റെ രോഷം സോഷ്യൽ മീഡിയയിൽ വ്യാപകമാവുകയാണ്. 500 രൂപ മുതൽ 5900 രൂപ വരെ ടിക്കറ്റ് സ്വന്തമാക്കി പ്രിയ ഗായകനെ കാത്തിരുന്നവർക്ക് നിരാശ മാത്രം നൽകാനെ പരിപാടി സംഘടിപ്പിച്ചവർക്കായുള്ളൂ. വിശാലമായ വയലിൽ ഒരുക്കിയ വേദി തന്നെയാണ് പരിപാടിയുടെ തകർച്ചയ്ക്ക് കാരണം. മഴ പെയ്തതോടെ ഇവിടെ വെള്ളം കയറുകയായിരുന്നു.

മലയാള ചാനൽ റേറ്റിംഗിൽ മുന്നേറ്റത്തിലാണ് ഫ്‌ളവേഴ്‌സ് ചാനൽ. മനോരമയുടെ മഴവില്ലിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മൂന്ന് സ്ഥാനത്ത് ഫ്‌ളവേഴ്‌സ് എത്തി. സ്റ്റേജ് ഷോയിലും ഈ നേട്ടം തുടരാനെന്ന മോഹവുമായാണ് റഹ്മാൻ ഷോ നടത്താൻ തീരുമാനിച്ചത്. അതിവേഗം ടിക്കറ്റുകളെല്ലാം വിറ്റ് പോയി. റഹ്മാൻ ആവേശത്തിലേക്ക് മലയാളി എത്തുകയും ചെയ്തു. ഇതിനിടെയാണ് വില്ലനായി മഴ എത്തിയത്. യഥാർത്ഥത്തിൽ ഫ്‌ളവേഴ്‌സിനെ മറയാക്കി നിലം നികത്താനുള്ള ആസൂത്രിത നീക്കമാണ് പൊളിയുന്നത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നീക്കമാണ് ഇതോടെ ചർച്ചയാകുന്നത്. പരിപാടി പൊളിഞ്ഞെങ്കിലും ഏക്കറു കണക്കിന് നിലം നികത്താൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

കൊച്ചിയിൽ ഇത്രയും വലിയൊരു ഷോ നടത്തുമ്പോൾ എന്തുകൊണ്ടാണ് തൃപ്പൂണിത്തുറയിലെ ഒരു ഇടുങ്ങിയ സ്ഥലത്തെ വയലിൽ തന്നെ വേദിയൊരുക്കിയത് എന്ന ചിന്തയായിരുന്നു ഷോ കാണാനെത്തിയ എല്ലാവരുടെയും മനസ്സിൽ. ഇതിന് പിന്നിൽ വലിയൊരു റിയൽ എസ്റ്റേറ്റ് മാഫിയയുടെ കറുത്ത കൈകളായിരുന്നു. ഷോയുടെ മറവിൽ നിലം നികത്തി കരഭൂമിയാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇനി കഥയിലേക്ക് വരാം. തൃപ്പൂണിത്തുറ ഇരുമ്പനത്തെ 26 ഏക്കൽ നെൽപ്പാടം  മെഡിക്കൽ ടെസ്റ്റ് ആശുപത്രിയുടേതാണ്.

വാങ്ങിയിട്ടിട്ട് വർഷങ്ങളായി. അന്നത്തെ കാലത്ത് സെന്റിന് 1000 രൂപ നിരക്കിൽ വാങ്ങിയതാണ്. ഇന്ന് സ്ഥലത്തിന്റെ മതിപ്പു വില കോടികളാണ്. കാരണം തൊട്ടടുത്തു തന്നെയാണ് സിനിമാ താരങ്ങൾ താമസിക്കുന്ന ചോയ്‌സ് ഫ്‌ളാറ്റും സ്‌ക്കൂളും. ഈ വയൽ നികത്തിയാൽ നിരവധി ഗുണങ്ങളാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക്. ഇതിനോട് ചേർന്നാണ് മെഡിക്കൽ ട്രസ്റ്റ് നേഴ്‌സിങ്ങ് സ്‌ക്കൂൾ. ഇവിടെ മെഡിക്കൽ കോളേജ് സ്ഥാപിക്കാനായിട്ടായിരുന്നു അന്ന് വാങ്ങിയത്. നിലം കരഭൂമിയായാൽ മെഡിക്കൽ കോളേജും വ്യാപാര സ്ഥാപനങ്ങളും നിർമ്മിക്കാം. വേണമെങ്കിൽ മറിച്ചു വിൽക്കുകയുമാവാം.

ഏതാനം നാളുകൾക്ക് മുൻപ് ഇവിടം നികത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് എ.ആർ റഹ്മാൻ ഷോ ഇവിടെ നടത്തി നെൽവയൽ കരഭൂമിയാക്കാം എന്ന ഗൂഢാലോചന നടന്നത്. മുൻസിപ്പാലിറ്റിയിൽ നിന്നും പബ്ലിക്ക് പെർഫോർമൻസ് റൈറ്റ് പ്രകാരം ലൈസൻസ് വാങ്ങുകയും അതിന്റെ മറവിൽ നിലം നികത്തുകയുമായിരുന്നു. എം സാന്റും പാറക്കഷ്ണങ്ങളും ഗ്രാവലും ഉപയോഗിച്ചാണ് നികത്തിയത്. നിലം നികത്തുന്നത് ശ്രദ്ധയിൽപെട്ട പലരും പൊലീസിനെയും ഉന്നതാധികാരികളെയും വിവരമറിയിച്ചിട്ടും ഒരു നടപടിയും കൈക്കൊണ്ടില്ല. ഷോ ദിവസമായ ഇന്നലെ കനയന്നൂർ തഹസിൽദാർ സ്റ്റോപ് മെമോ നൽകിയത്. ഇത്രയും ദിവസം കൊണ്ട് 12 ഏക്കറോളം സ്ഥലം നികത്തിയിരുന്നു.

കേരളത്തിനകത്തും പുറത്തും നിന്നും ഉച്ചയോടെ തന്നെ റഹ്മാൻ ആരാധകർ സ്ഥലത്തെത്തിയിരുന്നു. ഇവിടേക്ക് എത്തുവാനായി ഇടുങ്ങിയ വഴികളിലൂടെ വേണം യാത്ര ചെയ്യുവാനായി. കൂടാതെ റെയിൽവേ ഗേറ്റും ഉണ്ട്. 25000 ആളുകളെയും ഇടുങ്ങിയ വഴിയിലൂടെയാണ് മൈതാനത്തിനുള്ളിലേക്ക് കയറ്റിയത്. ഇവിടെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചില്ല എന്നതാണ് മറ്റൊരു കാര്യം. ഏതെങ്കിലും തരത്തിലൊരു അപകടമുണ്ടായാൽ ആളുകൾക്ക് പെട്ടെന്ന് രക്ഷപെടാൻ കഴിയില്ല. രക്ഷാ പ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ് റെസ്‌ക്യൂ ടീമിനും കടന്നു ചെല്ലാൻ കഴിയുമായിരുന്നില്ല. ഇങ്ങനെ ഏറെ പ്രതിസന്ധികളുള്ള സ്ഥലത്ത് വലിയൊരു ഷോ സംഘടിപ്പിച്ചത് തികഞ്ഞ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് തന്നെ ഉറപ്പിക്കാം. ആരുടെ സമ്മർദ്ദത്തിലാണ് ഉദ്യോഗസ്ഥർ അനുമതി നൽകിയത് എന്ന കാര്യം കണ്ടെത്തേണ്ടിയിരിക്കുന്നു.

കലൂർ സ്റ്റേഡിയത്തിൽ 25000 പേരെ ഉൾക്കൊള്ളിച്ച് ഗംഭീര ഷോ നടത്താനുള്ള സജ്ജീകരണങ്ങൾ ഉണ്ടായിരുന്നു. തൃപ്പൂണിത്തുറയിൽ മുടക്കിയതിന്റെ നാലിലൊന്ന് ചെലവ് മാത്രമേ ഇവിടെയുണ്ടാവുമായിരുന്നുള്ളൂ. അങ്ങനെയായിരുന്നുവെങ്കിൽ ഷോ വൻ വിജയമായിത്തീർന്നേനെ. മഴ പെയ്തതോടെ കാണികൾ കയറി നിൽക്കാൻ ഇടമില്ലാതെ വലഞ്ഞു. പലരും ഫ്‌ളക്‌സ് ബോർഡുകളും കസേരകളും മറ്റും കലയ്ക്ക് മുകളിൽ പിടിച്ചു. ഒട്ടുമിക്കവരും മഴയിൽ നനഞ്ഞു കുളിച്ചു. മഴ പെയ്തതോടെ നികത്തിയ മണ്ണ് കുഴഞ്ഞ് ചെളിയായി. സ്‌റ്റൈലായി എത്തിയവരൊക്കെ ചേറും മണ്ണും പുരണ്ടാണ് തിരികെ പോയത്. ഷോ നടക്കുമോ ഇല്ലയോ എന്നതിനെ പറ്റി യാതൊരറിയിപ്പും കാണികൾക്ക് നൽകിയില്ല.

പ്രോഗ്രാം ഓർഗനൈസറോട് വിവരം ചോദിച്ചപ്പോൾ തട്ടിക്കയറുകയാണുണ്ടായത്. ഇതോടെ കാണികൾ ഇയാളെ കൈയേറ്റം ചെയ്തു. പൊലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്. ഷോ കാണാനെത്തിയവരുടെ ബൈക്കുകളിൽ ഇരുന്ന ഹെൽമറ്റുകൾ മോഷണം പോയതായും പരാതി ഉയർന്നു. അതേ സമയം ഷോ ഉടൻ മറ്റൊരു ദിവസം നടത്തുമെന്നും പണം റീഫണ്ട് ചെയ്തു തരാമെന്നും ഫ്‌ളവേഴ്‌സ് ചാനൽ ഫെയ്‌സ് ബുക്കിലൂടെ അറിയിട്ടുണ്ട്.