കൊച്ചി: ന്യൂസ് ചാനലിൽ ശബരിമല വിവാദകാലത്ത് നേട്ടമുണ്ടാക്കിയത് ജനം ടിവിയാണ്. റേറ്റിംഗിൽ ആദ്യം നാലാമത് എത്തിയ ജനം ഇത്തവണ രണ്ടാം സ്ഥാനത്തുമെത്തി. മലയാളത്തിലെ എന്റർടെയിന്മെന്റ് ചാനൽ റേറ്റിംഗിലും ഈ സമയം വലിയ മാറ്റമുണ്ടായി. ബാർക് റേറ്റിങ് അനുസരിച്ച് ഫ്‌ളവേഴ്‌സ് ചാനലാണ് നേട്ടമുണ്ടാക്കുന്നത്. ഏഷ്യാനെറ്റിന്റെ കുത്തക നിലനിൽക്കുമ്പോഴും ഫ്‌ളവേഴ്‌സ് ഏവരേയും ഞെട്ടിക്കുന്ന തരത്തിലാണ് മുന്നേറുന്നത്. ശബരിമല വിഷയത്തിൽ പ്രേക്ഷകരെടുത്ത നിലപാടാണോ ശ്രീകണ്ഠൻ നായരുടെ ചാനലിന് ഗുണകരമായതെന്ന വിലയിരുത്തലാണ് ഈ ഘട്ടത്തിൽ സജീവമാകുന്നത്.

ഒക്ടോബർ മാസം 20 മുതൽ 26 വരെയുള്ള റേറ്റിംഗാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇതിൽ 294003 ഇപ്രംഷനുമായി ഏഷ്യാനെറ്റ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് 91773 ഇംപ്രഷനുമായി ഫ്‌ളവേഴ്‌സ്. മഴവിൽ മനോരമയ്ക്ക് മൂന്നാം സ്ഥാനത്തുള്ള 90104 ഇപ്രഷനാണ്. സൂര്യ ടിവി 79966 ഇപ്രഷനുമായി ഏറം പിന്നിലായി. അഞ്ചാംസ്ഥാനത്ത് ഏഷ്യാനെറ്റ് മൂവീസും. പ്രോഗ്രാമുകളിൽ ആദ്യ അഞ്ച് സ്ഥാനത്തും ഏഷ്യാനെറ്റിലെ സീരിയലുകളാണ്. വാനമ്പാടിയും നീലക്കുയിലും കസ്തൂരിമാനും കറുത്ത മുത്തും സീതാകല്യാണവും ഒന്നു മുതൽ അഞ്ച് സ്ഥാനങ്ങളിൽ.

മലയാളത്തിലെ പ്രമുഖ ചാനലുകളെ പിന്തള്ളിയാണ് ന്യൂസിൽ ജനം ടിവി ബാർക്ക് റേറ്റിഗിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. ഈ ആഴ്ചത്തെ മററ്റിംഗിലാണ് ജനം ടിവി രണ്ടാം സ്ഥാനത്ത് എത്തിയത്. ശബരിമല തുലാംമാസ പൂജയ്ക്കു നടതുറന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ജനം ടിവിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. മലയാളത്തിലെ മുൻനിര ചാനലുകളായ മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും മറികടന്നു കൊണ്ടാണ് ജനം ടി വി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് പിന്നിലായി ഇടം പിടിച്ചത്. ശബരിമല വിഷയം ദേശീയതലത്തിൽ വിഷയമായി കത്തി നിന്ന സമയത്ത് ജനം ചാനൽ നൽകിയ വാർത്തകളാണ് അവർക്ക് ചാനൽ രംഗത്ത് കുതിപ്പിന് വഴിമരുന്നിട്ടത്. ശബരിമല യുവതി പ്രവേശന വിഷയം എത്രമേൽ മലയാളി സമൂഹം ശ്രദ്ധയോടെ വീക്ഷിച്ചു എന്നതിന്റെ തെളിവു കൂടിയാണ് റേറ്റിംഗിൽ സംഘപരിവാർ അനുകൂല ചാനൽ നടത്തിയ മുന്നേറ്റം.

ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരൊയ വാർത്തകളായിരുന്നു തുടർച്ചയായി ജനം ടി വി നൽകിവന്നത്. തങ്ങളാണ് സത്യം പ്രചരിപ്പിക്കുന്നതെന്ന വിധത്തിൽ വ്യാപക പ്രചരണം നടത്തിയ ജനം ടിവി നൽകിയ വാർത്തകളും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ എഡിറ്റോറിയൽ സമീപനമാണ് സൈബർലോകത്ത് വിമർശനത്തിന് ഇടയാക്കിയത്. ടെലിവിഷൻ കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട റിപ്പോർട്ടാണ് ബാർക്കിന്റേത്. നേരത്തെ മീഡിയ വൺ ചാനലിനും താഴെ ആയിരുന്നു ജനം ടിവിയുടെ സ്ഥാനം. ആ സ്ഥാനത്തു നിന്നുമാണ് ഇപ്പോൾ ജനം ടിവി കുതിപ്പു നടത്തിയത്. സമീപകാലം വരെ അഞ്ചാം സ്ഥാനത്തായിരുന്നു ജനം ടിവിയുടെ സ്ഥാനം. ഇതിന് സമാനമാണ് ഫ്‌ളവേഴ്‌സിന്റെ കാര്യത്തിലും ഉണ്ടാകുന്നത്. നേരത്തെ ഒരിക്കൽ ഫ്‌ളവേഴ്‌സ് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. പിന്നീട് മനോരമ മുന്നിലേക്ക് കുതിച്ചു. ഇതാണ് വീണ്ടും മാറി മറിയുന്നത്.

മലയാളത്തിലെ പത്രങ്ങളിൽ ഒന്നാം സ്ഥാനത്താണ് മനോരമ. ചാനൽ രംഗത്തേക്ക് മനോരമ എത്തിയതും ഒന്നാം നമ്പർ ലക്ഷ്യമിട്ട്. എന്നാൽ ഈ ലക്ഷ്യത്തിലേക്ക എത്താൻ ഇനിയും മനോരമയ്ക്ക് ആയില്ല. ന്യൂസ് ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിൽ. വിനോദ ചാനലിലും കുത്തക ഏഷ്യാനെറ്റിന് തന്നെ. അതിനിടെ ഇത്തവണ കൂടുതൽ ഞെട്ടിക്കുന്ന ബാർക് റേറ്റിംഗാണ് മനോരമയെ സംബന്ധിച്ച്. വിനോദ ചാനലുകളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് മനോരമയുടെ മഴവിൽ മനോരമ ചാനൽ. നേട്ടമുണ്ടാക്കുന്നത് ശ്രീകണ്ഠൻ നായരുടെ ഫ്ളവേഴ്സും.

മനോരമയിൽ നിന്ന് മാറിയ ശേഷമാണ് ശ്രീകണ്ഠൻ നായർ ഫ്ളവേഴ്സുമായെത്തുന്നത്. ഗോകുലം ഗോപാലനാണ് ചെയർമാൻ. സോഷ്യൽ മീഡിയയിലും ഫ്ളവേഴ്സിന്റെ കോമഡി പ്രോഗ്രാമുകൾ വൈറലാണ്. സോഷ്യൽ മീഡിയയിൽ നേടിയ മുൻതൂക്കം ബാർക് റേറ്റിംഗിലും പ്രതിഫലിക്കുന്നതാണ് ഈ ആഴ്ചത്തെ റേറ്റിങ് വ്യക്തമാക്കുന്നത്. കോടികൾ മുടക്കി പരിപാടികൾ എടുക്കുന്ന അമൃതയും ഏറെ പിന്നിലാണ്. അവർക്ക് തിരിച്ചുവരാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. കോമഡിയും മറ്റ് റിയാലിറ്റി ഷോകളുമാണ് ഫ്ളവേഴ്സിനെ മൂന്നാമത് എത്തിക്കുന്നത്.

മലയാളിയുടെ സ്വീകരണമുറിയിൽ കാഴ്ചയുടെ ഒരു പുതിയ വസന്തം തീർക്കുമെന്ന വാഗ്ദാനവുമായാണ് 'ഫ്‌ളവേഴ്‌സ് ' ടിവി എത്തിയത്. നാടിന്റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളെ ഇന്ന് നിലവിലുള്ള ടെലിവിഷൻ ചാനലുകൾ അവഗണിക്കുന്നുവെന്ന ഗവേഷണഫലങ്ങളുടെ പശ്ചാത്തലത്തിലാണ് യുവാക്കൾക്കുകൂടി നിരവധി അവസരങ്ങൾ തുറന്നിടുന്ന പരിപാടികൾ ഫ്‌ളവേഴ്‌സ് അവതരിപ്പിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതക്കൊപ്പം, യുവതലമുറയുടെ ആശയാഭിലാഷങ്ങൾക്ക് പിന്തുണയേകാനും 'ഫ്‌ളവേഴ്‌സ് 'എന്നും മുന്നിലാകുമെന്ന് ചാനൽ എംഡി ആർ ശ്രീകണ്ഠൻ നായർ വ്യക്തമാക്കിയിരുന്നു.

മലയാള ടെലിവിഷനിൽ ഇന്നേവരെ കിട്ടില്ലാത്തത്ര വലുപ്പത്തിൽ വൈവിധ്യപൂർണമായ പരിപാടികളാണ് 'ഫ്‌ളവേഴ്‌സ് 'പ്രേക്ഷകർക്കായി ഒരുക്കിയതും. ഇതാണ് ചുരുങ്ങിയ നാളുകൾ കൊണ്ട് ഫ്ളവേഴ്സിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുന്നത്.