കൊച്ചി: ന്യൂസ് ചാനലിൽ ശബരിമലയിലെ ആട്ടചിത്തരക്കാലത്ത് നേട്ടമുണ്ടാക്കിയത് ജനം ടിവിയാണ്. റേറ്റിംഗിൽ വലിയ മുന്നേറ്റവുമായി രണ്ടാം സ്ഥാനത്താണ് ജനം ടിവി. മലയാളത്തിലെ എന്റർടെയിന്മെന്റ് ചാനൽ റേറ്റിംഗിലും ഈ സമയം വലിയ മാറ്റമുണ്ടായി. ബാർക് റേറ്റിങ് അനുസരിച്ച് ഫ്ളവേഴ്സ് ചാനലാണ് നേട്ടമുണ്ടാക്കുന്നത്. ഏഷ്യാനെറ്റിന്റെ കുത്തക നിലനിൽക്കുമ്പോഴും ഫ്ളവേഴ്സ് ഏവരേയും ഞെട്ടിക്കുന്ന തരത്തിലാണ് മുന്നേറുന്നത്.

നവംബർ മാസം 3 മുതൽ 9 വരെയുള്ള റേറ്റിംഗാണ് പുറത്തു വന്നത്. ഇതിൽ 291001 ഇപ്രംഷനുമായി ഏഷ്യാനെറ്റ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് 103536 ഇംപ്രഷനുമായി ഫ്ളവേഴ്സ്. സൂര്യ ടിവി 85540 ഇപ്രഷനുമായി മൂന്നാമതാണ്. നാലാം സ്ഥാനത്തുള്ള മഴവിൽ മനോരമയ്ക്ക് 84807 ഇപ്രഷനാണ്. അഞ്ചാംസ്ഥാനത്ത് ഏഷ്യാനെറ്റ് മൂവീസും. പ്രോഗ്രാമുകളിൽ ആദ്യ അഞ്ച് സ്ഥാനത്തും ഏഷ്യാനെറ്റിലെ സീരിയലുകളാണ്. വാനമ്പാടിയും കസ്തൂരിമാനും നീലക്കുയിലും കറുത്ത മുത്തും സീതാകല്യാണവും ഒന്നു മുതൽ അഞ്ച് സ്ഥാനങ്ങളിൽ.

മലയാളത്തിലെ പ്രമുഖ ചാനലുകളെ പിന്തള്ളിയാണ് ന്യൂസിൽ ജനം ടിവി ബാർക്ക് റേറ്റിഗിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരൊയ വാർത്തകളായിരുന്നു തുടർച്ചയായി ജനം ടി വി നൽകിവന്നത്. സമീപകാലം വരെ അഞ്ചാം സ്ഥാനത്തായിരുന്നു ജനം ടിവിയുടെ സ്ഥാനം. ഇതിന് സമാനമാണ് ഫ്ളവേഴ്സിന്റെ കാര്യത്തിലും ഉണ്ടാകുന്നത്. നേരത്തെ ഒരിക്കൽ ഫ്ളവേഴ്സ് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. പിന്നീട് മനോരമ മുന്നിലേക്ക് കുതിച്ചു. ഇതാണ് വീണ്ടും മാറി മറിയുന്നത്. 43 ആഴ്ചയിൽ ഫ്‌ളവേഴ്‌സ് രണ്ടാമത് എത്തിയിരുന്നു. എന്നാൽ 44-ാം ആഴ്ചയിൽ മഴവിൽ മനോരമ രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു. ഇത് തുടരാൻ മനോരമയ്ക്ക് 45-ാം ആഴ്ചയിൽ കഴിയുന്നില്ല. നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകായണ് അവർ. സിനിമകളുടെ കരുത്തിലാണ് സൂര്യ ഇത്തവണ മനോരമയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളുന്നത്.

മലയാളത്തിലെ പത്രങ്ങളിൽ ഒന്നാം സ്ഥാനത്താണ് മനോരമ. ചാനൽ രംഗത്തേക്ക് മനോരമ എത്തിയതും ഒന്നാം നമ്പർ ലക്ഷ്യമിട്ട്. എന്നാൽ ഈ ലക്ഷ്യത്തിലേക്ക എത്താൻ ഇനിയും മനോരമയ്ക്ക് ആയില്ല. ന്യൂസ് ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിൽ. വിനോദ ചാനലിലും കുത്തക ഏഷ്യാനെറ്റിന് തന്നെ. അതിനിടെ ഇത്തവണ കൂടുതൽ ഞെട്ടിക്കുന്ന ബാർക് റേറ്റിംഗാണ് മനോരമയെ സംബന്ധിച്ച്. വിനോദ ചാനലുകളിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് മനോരമയുടെ മഴവിൽ മനോരമ ചാനൽ. നേട്ടമുണ്ടാക്കുന്നത് ശ്രീകണ്ഠൻ നായരുടെ ഫ്‌ളവേഴ്‌സും.

മനോരമയിൽ നിന്ന് മാറിയ ശേഷമാണ് ശ്രീകണ്ഠൻ നായർ ഫ്‌ളവേഴ്‌സുമായെത്തുന്നത്. ഗോകുലം ഗോപാലനാണ് ചെയർമാൻ. സോഷ്യൽ മീഡിയയിലും ഫ്‌ളവേഴ്‌സിന്റെ കോമഡി പ്രോഗ്രാമുകൾ വൈറലാണ്. സോഷ്യൽ മീഡിയയിൽ നേടിയ മുൻതൂക്കം ബാർക് റേറ്റിംഗിലും പ്രതിഫലിക്കുന്നതാണ് ഈ ആഴ്ചത്തെ റേറ്റിങ് വ്യക്തമാക്കുന്നത്. കോടികൾ മുടക്കി പരിപാടികൾ എടുക്കുന്ന അമൃതയും ഏറെ പിന്നിലാണ്. അവർക്ക് തിരിച്ചുവരാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. കോമഡിയും മറ്റ് റിയാലിറ്റി ഷോകളുമാണ് ഫ്‌ളവേഴ്‌സിനെ മൂന്നാമത് എത്തിക്കുന്നത്.

മലയാളിയുടെ സ്വീകരണമുറിയിൽ കാഴ്ചയുടെ ഒരു പുതിയ വസന്തം തീർക്കുമെന്ന വാഗ്ദാനവുമായാണ് 'ഫ്ളവേഴ്സ് ' ടിവി എത്തിയത്. നാടിന്റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളെ ഇന്ന് നിലവിലുള്ള ടെലിവിഷൻ ചാനലുകൾ അവഗണിക്കുന്നുവെന്ന ഗവേഷണഫലങ്ങളുടെ പശ്ചാത്തലത്തിലാണ് യുവാക്കൾക്കുകൂടി നിരവധി അവസരങ്ങൾ തുറന്നിടുന്ന പരിപാടികൾ ഫ്ളവേഴ്സ് അവതരിപ്പിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതക്കൊപ്പം, യുവതലമുറയുടെ ആശയാഭിലാഷങ്ങൾക്ക് പിന്തുണയേകാനും 'ഫ്ളവേഴ്സ് 'എന്നും മുന്നിലാകുമെന്ന് ചാനൽ എംഡി ആർ ശ്രീകണ്ഠൻ നായർ വ്യക്തമാക്കിയിരുന്നു.

മലയാള ടെലിവിഷനിൽ ഇന്നേവരെ കിട്ടില്ലാത്തത്ര വലുപ്പത്തിൽ വൈവിധ്യപൂർണമായ പരിപാടികളാണ് 'ഫ്ളവേഴ്സ് 'പ്രേക്ഷകർക്കായി ഒരുക്കിയതും. ഇതാണ് ചുരുങ്ങിയ നാളുകൾ കൊണ്ട് ഫ്‌ളവേഴ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുന്നത്.