തിരുവനന്തപുരം: കെ- റെയിലിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെ ബദൽ നിർദ്ദേശവുമായി കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് അത്തരമൊരു നിർദ്ദേശം മുന്നോട്ടു വെച്ചത്. നാല് മണിക്കൂർ കൊണ്ട് കാസർകോട് നിന്നും തിരുവനന്തപുരത്ത് എത്താമെന്നതാണ് കെ റെയിലിന്റെ പ്രധാന ആകർഷണമായി സർക്കാർ പറയുന്നത്. എന്നാൽ കെഎസ്ആർടിസിയുടെ ടൗൺ ടു ടൗൺ സർവീസ് പോലെ വിമാന സർവ്വീസ് നടത്തിയാൽ പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലേ എന്ന് കെ സുധാകരൻ ചോദിച്ചു.

അഞ്ചു മണിക്കൂർ കൊണ്ട് കാസർകോട് നിന്നും തിരുവനന്തപുരത്ത് എത്തുക എന്നത് ആരും ആഗ്രഹിക്കുന്ന സങ്കൽപ്പമാണ്. നല്ല സൗകര്യമാണ്. പക്ഷെ ആ സൗകര്യം ലഭിക്കുമ്പോൾ കൊടുക്കേണ്ടി വരുന്ന വിലയെക്കുറിച്ചാണ് നമ്മുടെ മുന്നിലുള്ള ആശങ്ക. പദ്ധതിയുടെ ചെലവ് സർക്കാർ കണക്കുകൂട്ടിയിരിക്കുന്നത് 64,000 കോടി രൂപയാണ്. എന്നാൽഒരു ലക്ഷത്തി മുപ്പത്തി മൂവായിരം കോടി രൂപ ചെലവു വരുമെന്നാണ് നീതി ആയോഗിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

നിശ്ചിത കാലയളവിനുള്ളിൽ പണി തീർത്താലാണ് ഈ തുക ചെലവാകുന്നത്. കാലയളവ് നീണ്ടാൽ തുക പിന്നെയും കൂടും. അസംസ്‌കൃത വസ്തുക്കളുടെ വില കാലാകാലങ്ങളിൽ വർധിക്കുകയാണ്. ഇപ്പോൾ 1500 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചതെങ്കിൽ, പദ്ധതിച്ചെലവ് വർധിച്ചാൽ മൂവായിരമോ, 3500 ഓ ആയി ഉയർന്നേക്കാമെന്ന് സുധാകരൻ പറഞ്ഞു. 1500 രൂപയ്ക്ക് ദിവസവും 80,000 പേർ യാത്ര ചെയ്യുമെന്ന് പറയുന്നത് തന്നെ വൻ വിഡ്ഢിത്തമാണ്. കെ സുധാകരൻ പറഞ്ഞു.

കെ റെയിലിന് ബദലായി മറ്റൊരു സർവീസ് സുധാകരൻ മുന്നോട്ടുവെച്ചു. വിമാനത്താവളത്തിന്റെ കാര്യത്തിൽ ഇന്ത്യാരാജ്യത്ത് ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് കേരളം. അഞ്ചു എയർപോർട്ടാണ് സംസ്ഥാനത്തുള്ളത്. അതിർത്തിയിൽ മംഗലാപുരത്തും കോയമ്പത്തൂരും എയർപോർട്ടുണ്ട്. ജില്ലാ തലത്തിൽ എയർലിങ്ക് എളുപ്പത്തിൽ സ്ഥാപിക്കാൻ കഴിയും. മൂന്നു മണിക്കൂർ കൊണ്ട് മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തെത്താൻ സാധിക്കുന്ന എയർ ലിങ്ക് നിലവിലുണ്ട്.

എല്ലാമണിക്കൂറിലും ഓരോ ദിശയിലും വിമാനങ്ങൾ ഉണ്ടെന്ന് കരുതുക. അത്, തൊട്ടടുത്ത എയർപോർട്ടിൽ അരമണിക്കൂർ ലാൻഡ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാൾ പത്തരയാകുമ്പോൾ തിരുവനന്തപുരത്ത് എത്തും. ഹെഡ് ക്വാർട്ടേഴ്സ് ബന്ധിപ്പിച്ചു കൊണ്ടുള്ള ബസ് സർവീസ് പോലെ വിമാനസർവീസിൽ പുതിയ സിസ്റ്റം ഉണ്ടാക്കണം. നമുക്ക് ഈ പദ്ധതിക്ക് ഫ്‌ളൈ ഇൻ കേരള എന്ന് പേരിടാമെന്ന് സുധാകരൻ നിർദ്ദേശിച്ചു.

13 വർഷം മുമ്പ് താൻ ദക്ഷിണാഫ്രിക്കയിൽ പോയപ്പോൾ അവിടെ ഇത്തരത്തിൽ സർവീസ് ഉണ്ടായിരുന്ന കാര്യം സുധാകരൻ ചൂണ്ടിക്കാട്ടി. നമ്മൾ ചെന്ന് ടിക്കറ്റെടുക്കുന്നു, നേരെ ചെന്ന് ബസിൽ കയറുന്ന പോലെ വിമാനത്തിൽ കയറുന്നു. അഡ്വാൻസ് ബുക്ക് ചെയ്യേണ്ട, അപ്പപ്പോൾ ടിക്കറ്റെടുക്കാം. ഇനി റിസർവേഷൻ ഉണ്ടെങ്കിലും അഥവാ ലേറ്റ് ആയാൽ പണം നഷ്ടപ്പെടില്ല. തൊട്ടടുത്ത വിമാനത്തിൽ കയറാം. ഈ സിസ്റ്റത്തിൽ തന്നെ നമുക്കും ഇവിടെ സർവീസ് നടത്താനാകും. അത്തരമൊരു സാധ്യത നിലനിൽക്കേ എന്തിനാണ് ഇത്തരത്തിലൊരു അപകടകരമായ പദ്ധതി നടപ്പാക്കുന്നതെന്ന് സുധാകരൻ ചോദിച്ചു.

ആളുകൾ ആശ്രയിക്കുന്ന സിസ്റ്റമായി ഇതു മാറുമ്പോൾ അതനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകും. ചെറിയ ചെരിയ നഗരങ്ങളെ എയർപോർട്ടുമായി ബന്ധിപ്പിച്ച് ബസ് സർവീസുകൾ ആരംഭിക്കാം. നിലവിലെ കെ റെയിൽ പദ്ധതിക്ക് 1,33,000 കോടി രൂപയാണെങ്കിൽ ഫ്‌ളൈ ഇൻ കേരള പദ്ധതിക്ക് പരമാവധി ആയിരം കോടി രൂപയേ ചെലവു വരികയുള്ളൂ എന്നും സുധാകരൻ പറയുന്നു. പറക്കും കേരളമെന്നും കേരളത്തിലൂടെ പറക്കാമെന്നും അർത്ഥമാക്കുന്നു ഫ്‌ളൈ ഇൻ കേരള എന്ന പ്രയോഗം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ബദൽ നിർദ്ദേശത്തെക്കുറിച്ച് പ്രതിപക്ഷം പലവട്ടം പറഞ്ഞു. സർക്കാർ കേട്ട ഭാവം പോലും നടിക്കുന്നില്ല. കെ റെയിലിന് പിന്നിൽ ഉറച്ചുനിൽക്കുന്നവർക്ക് ഒരു രഹസ്യ അജണ്ടയുണ്ട്. ഇതിന് പിന്നിൽ അടിച്ചുമാറ്റാനുള്ള കമ്മീഷനാണ് രഹസ്യ അജണ്ടയെന്ന് കെ സുധാകരൻ ആരോപിച്ചു. പിണറായി വിജയൻ ഇതിൽ ഡോക്ടറേറ്റ് കിട്ടിയ ആളാണെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ അപമാനിക്കുന്നു എന്നൊന്നും തോന്നേണ്ട, ഒരു യാഥാർത്ഥ്യം പറഞ്ഞതാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. പൊതു സമൂഹത്തിന് മുന്നിൽ കെ റെയിലിന് ബദലെന്ന ആശയത്തിന് പൊതു സ്വീകാര്യത കൊണ്ടു വരാനാണ് കോൺഗ്രസിന്റെ നീക്കം.