വത്തിക്കാൻ: സ്വവർഗാനുരാഗികൾക്ക് അംഗീകാരം നൽകണമെന്ന ആവശ്യത്തിന് വത്തിക്കാൻ സിനഡിൽ അംഗീകാരമില്ല. എന്നാൽ വിവാഹ ബന്ധം വേർപെടുത്തിയ ദമ്പതിമാരുടെ കാര്യത്തിൽ മയമുള്ള സമീപനം സ്വീകരിക്കാൻ റേമിൽ മൂന്നാഴ്ച നീണ്ട സിനഡിൽ ധാരണയായി. സഭയ്ക്ക് പുറത്ത് വിവാഹ മോചിതരായ ശേഷം പുനർ വിവാഹം കഴിച്ചവർക്ക് വിശുദ്ധ കുർബാനയടക്കമുള്ള കൂദാശകൾ ഉപാധികളോടെ നൽകാനാണ് തീരുമാനം.

ഇരുപതു ദിവസം നീണ്ട സിനഡ് ഇന്നലെ 270 സിനഡ് പിതാക്കന്മാരും ഒരുമിച്ചു നടത്തിയ പ്രാർത്ഥനയോടെ സമാപിച്ചു. സഹോദരസഭകളുടെ പതിനാലു പ്രതിനിധികളും പതിനേഴു ദമ്പതികളും പതിനേഴു വ്യക്തികളും പങ്കെടുത്തു. സിനഡിനെ ഫ്രാൻസിസ് മാർപാപ്പ ആറു പ്രാവശ്യം അഭിസംബോധന ചെയ്തു. പൊതുസമ്മേളനത്തിൽ സിനഡിന്റെ ഇറ്റാലിയൻ ഭാഷയിലുള്ള അവസാന പ്രമേയം വായിച്ചു. 248 ഭേദഗതികൾ അവസാന പ്രമേയത്തോടു കൂട്ടിച്ചേർത്തു. ഉച്ചകഴിഞ്ഞ് നടന്ന പതിനെട്ടാമത് പൊതുസമ്മേളനത്തിൽ 94 ഖണ്ഡികകളുള്ള അവസാന പ്രമേയം വോട്ടിനിട്ടു പാസാക്കി.

സഭയിൽ കാലാനുസൃത പരിഷ്‌കരണങ്ങൾ വേണമെന്ന വാദം പൂർണമായി അംഗീകരിക്കാൻ സിനഡ് തയ്യാറായില്ലെന്നാതാണ് വസ്തുത. സ്വവർഗാനുരാഗികളോട് അനുകമ്പയാകാം. എന്നാൽ അവരെ അംഗീകരിക്കുന്നത് വിശുദ്ധ ഗ്രന്ഥത്തിനും ക്രൈസ്തവ മൂല്യങ്ങൾക്കും വിരുദ്ധമാകുമെന്ന് ഒരു വിഭാഗം ശക്തമായി വാദിച്ചു. ഇത് അംഗീകരിക്കപ്പെട്ടു. പുരുഷന് സ്ത്രീയോട് തോന്നുന്ന ആകർഷണം പുരുഷനോട് തന്നെ തോന്നുന്ന സ്ഥിതിയെ സ്വാഭാവികമായി തന്നെ പരിഗണിക്കണമെന്ന് മറുപക്ഷവും വാദത്തിന് ഭൂരിപക്ഷ പിന്തുണ കിട്ടിയില്ല. ഇതോടെയാണ് സ്വവർഗാനുരാഗികൾക്ക് അംഗീകരം നൽകുന്നത് സഭയുടെ മൂല്യ സങ്കല്പങ്ങൾ തകിടം മറിക്കുമെന്ന വാദം അംഗീകരിക്കപ്പെട്ടത്.

സ്ത്രീകൾക്ക് സഭയിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്ന നിർദ്ദേശവും തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച സിനഡിന്റെ സമാപന സമ്മേളനത്തിൽ തീരുമാനങ്ങൾ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ചേക്കും. പിന്നീടാകും ഇതു സംബന്ധിച്ച വിശദ രേഖ പ്രസിദ്ധപ്പെടുത്തുക. പാപ്പയുടെ നേതൃത്വത്തിലുള്ള സമാപന ദിവ്യബലി ഞായറാഴ്ച ഇന്ത്യൻ സമയം 2.30 ന് നടക്കും.