തിരുവനന്തപുരം: കിംസ് മാനേജ്‌മെന്റ് പിരിച്ചുവിട്ട ഗ്യാസ്‌ട്രോഎൻഡോളജിസ്റ്റ് ഡോ.ഷേണായി കിംസിനെതിരെ ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി നൽകിയ വാർത്ത ശരിവച്ച് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ.യുടെ കുറ്റപ്പെടുത്തൽ. മറുനാടൻ മലയാളി നൽകിയ വാർത്ത ദൗർഭാഗ്യകരമെന്ന് വിശദീകരിച്ചാണ് പത്രക്കുറിപ്പ്. എന്നാൽ ഡോക്ടർ ഷേണായിയും കിംസുമായി തൊഴിൽ തർക്കം ഉണ്ടായിരുന്നുവെന്നും ഇതേ തുടർന്ന് തൊഴിൽപരമല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നുവെന്നും ഐഎംഎയുടെ വാർത്താകുറിപ്പിലുണ്ട്.

കിംസ് മാനേജ്‌മെന്റും ഡോക്ടറും നടത്തിയ ആരോപണങ്ങളിൽ ഐ.എം.എ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണെന്നും പത്രക്കുറിപ്പ് വിശദീകരിക്കുന്നു. മറുനാടൻ മലയാളി നൽകിയ വാർത്തയെ നിഷേധിക്കാതെ ദൗർഭാഗ്യമെന്ന് വിശേഷിപ്പിച്ചതിലൂടെ വാർത്തയുടെ സത്യാവസ്ഥ ശരിവയ്ക്കുകയാണ് ഈ പത്രകുറിപ്പ്. ഡോ.ഷേണായി പിരിച്ചു വിട്ടുകൊണ്ട് കിംസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.സഹദുള്ളയുടെ ഇ-മെയിലും അതിന് ഡോ.ഷേണായി നൽകിയ മറുപടിയുമാണ് മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചത്. ഇതുമൂലം അപകീർത്തിയുണ്ടായെന്നാണ് കിംസ് ആശുപത്രിയുടെ വിശദീകരണം.

കിംസ് ആശുപത്രിയിൽ നടന്ന മരണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മറുപടി കത്തിലൂടെ ഡോ.ഷേണായി ഉന്നയിച്ചിരുന്നത്. കിംസിനെ കുറിച്ചുള്ള വിവാദം അനാവശ്യമെന്ന തലക്കെട്ടോടു കൂടിയാണ് ഐ.എം.എ പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. എന്നാൽ ഡോക്ടർമാർ തമ്മിലുള്ള ആരോപണങ്ങൾ സംഘടന ഇടപെട്ട് പിൻവലിപ്പിക്കുകയും ഒത്തുതീർപ്പിലെത്തുകയും ചെയ്തുവെന്ന് പത്രക്കുറിപ്പിൽ അവകാശപ്പെടുന്നു. പ്രമുഖമായ ആശുപത്രി എങ്ങനെയാണ് കച്ചവടം കൊഴുപ്പിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മറുനാടൻ വാർത്ത. ഇത് സൈബർലോകത്ത് വൻചർച്ചയാവുകയും ചെയ്തു.

യാഥാർത്ഥത്തിൽ ആരോഗ്യ രംഗത്തെ കള്ളക്കളികളാണ് ഡോക്ടറുടേയും ആശുപത്രി മാനേജ്‌മെന്റിന്റേയും ഇമെയിലുകളിൽ ഉള്ളത്. ശക്തമായ നടപടികൾ ആശുപത്രിയ്‌ക്കെതിരെ എടുക്കാൻ പോന്ന ആരോപണമാണ് ഡോക്ടർ ഷേണായി നടത്തിയിരിക്കുന്നത്. എന്നാൽ അതൊന്നും ചെയ്യാതെ എല്ലാം ഒത്തുതീർപ്പാക്കാൻ ഉന്നതരും ഡോക്ടർമാരുടെ സംഘടനയും ശ്രമിച്ചു. വെറുമൊരു തൊഴിൽ പ്രശ്‌നത്തിനപ്പുറമുള്ള പ്രസക്തി ഡോക്ടറുടെ മെയിലിനുണ്ട്. മെയിലിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ ഡോക്ടർക്കെതിരെ കിംസ് ആശുപത്രി നടപടി സ്വീകരിക്കുകയായിരുന്നു വേണ്ടത്. എന്നാൽ ഒത്തുതീർപ്പിന് വഴങ്ങിയതോടെ ഇ മെയിലിലെ ആരോപണങ്ങൾ ശരിവയ്ക്കുക കൂടിയാണ് ആശുപത്രി ചെയ്തിരിക്കുന്നത്. എന്താണ് ഒത്തു തീർപ്പെന്ന് വിശദീകരിക്കേണ്ട ബാധ്യത ഐഎംഎയ്ക്കുമുണ്ട്. അവരും അത് രഹസ്യമാക്കി വയ്ക്കുകയാണെന്നാണ് ലഭിക്കുന്ന സൂചന.

ഇതിനൊപ്പം സോഷ്യൽ മീഡിയയിലുയർന്ന ഗൗരവ സൗഭാവത്തോടെയുള്ള ആക്ഷേപങ്ങളിൽ ഐഎംഎ പ്രതികരിക്കുന്നുമില്ല. ആതുര ശുശ്രൂഷാ മേഖലയിലെ എത്തിക്‌സിന് വിരുദ്ധമായ പലതും നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഇ-മെയിലാണ് കിംസ് മാനേജ്‌മെന്റിന് ഡോക്ടർ ഷെണായി അയച്ചത്. ഇക്കാര്യത്തിൽ ഗൗരവതരമായ അന്വേഷണം നടത്തുകയാണ് വേണ്ടത്. എന്നാൽ അതുണ്ടായില്ല. സ്വാധീനം ഉപയോഗിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തുവെന്നാണ് ഐഎംഎയുടെ പത്രക്കുറിപ്പും വ്യക്തമാക്കുന്നത്. ഗൗരവ സ്വഭാവത്തോടെയുള്ള പലതും സ്വകാര്യ ആശുപത്രികളിൽ നടക്കുന്നുണ്ടെന്ന് ഈ പത്രക്കുറിപ്പും വ്യക്തമാക്കുന്നു. ഇത്തരം ഇടപെടലുകളാണോ രോഗികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ഐഎംഎ നടത്തേണ്ടതെന്നതാണ് ഉയരുന്ന ചോദ്യം.

ഡോക്ടർ ഷേണായിയുടെ ഇമെയിലുമായി ബന്ധപ്പെട്ട വാർത്ത വന്ന ഉടൻ കിംസിൽ നിന്നും ആദ്യം എത്തിയത് അനുനയിപ്പിക്കുന്ന കോളുകൾ ആയിരുന്നു. എന്നിട്ടും വാർത്ത മാറാതെ വന്നതോടെ മന്ത്രിമാരുടെ അടക്കമുള്ള ഓഫീസിൽ നിന്നും സമ്മർദ്ദനമുണ്ടായി. ഈ അനുനയ ശ്രമങ്ങളിൽ ഒന്നും വഴങ്ങാതെ വന്നതോടെ ഭീഷണിയുടെ സ്വരത്തിലായിരുന്നു പിന്നീടുള്ള ഫോൺകോളുകൾ. പ്രൈവറ്റ് നമ്പരുകളിൽ നിന്നും വിളിച്ചു കിംസിനെ തൊട്ടാൽ നീ വിവരം അറിയും എന്ന പേരിൽ എഡിറ്റർക്കും റിപ്പോർട്ടർക്കുമാണ് ഭീഷണികോളുകൾ എത്തിയത്. മാനേജ്‌മെന്റിലെ ചില പ്രമുഖരും ഭീഷണി സ്വരത്തിൽ സംസാരിച്ചു. എന്നാൽ ഭീഷണിപ്പെടുത്തി വാർത്ത പിൻവലിക്കാനാവില്ലെന്ന് മനസിലായതോടെ കിംസ് അധികൃതർ പൊലീസിനെ ഉപയോഗിക്കാനായിരുന്നു ശ്രമം. സൈബർ പൊലീസിൽ വാർത്തയുമായി ബന്ധപ്പെട്ട പരാതി നൽകുകയുമുണ്ടായി.

മറുനാടൻ മലയാളിയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനു ശേഷം നിരവധി ആരോപണങ്ങളാണ് കിംസിനെതിരെ സോഷ്യൽ മീഡിയകളിലൂടെ വന്നത്. കിംസ് ആശുപത്രിയിൽ ചികിത്സയിൽ സംഭവിക്കുന്ന കാര്യങ്ങൾ എങ്ങനെയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പ്രതികരണങ്ങൾ. ആതുരസേവന രംഗത്തെ എങ്ങനെയാണ് ആശുപത്രികൾ കച്ചവടമാക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായ പ്രതികരണങ്ങളും.കിംസിനെതിരെ ഉയർന്ന പല ആരോപണങ്ങളെയും ശരിവയ്ക്കുന്ന തരത്തിലുള്ള കമന്റുകളായിരുന്നു സോഷ്യൽ മീഡിയകളിൽ. ഈ പ്രതികരണങ്ങളൊന്നും മറുനാടൻ കണ്ടുപിടിച്ചതല്ല. മറുനാടൻ മലയാളിയുടെ വായനക്കാരുടെ അനുഭവങ്ങളാണ് ഈ വാർത്തയ്ക്ക് അനുബന്ധമായി അവർ രേഖപ്പെടുത്തിയത്.

കിംസിൽ ചികിത്സയിൽ കഴിഞ്ഞ പലരുടേയും ബന്ധുക്കൾ മറുനാടൻ മലയാളി വാർത്തയുമായി പങ്കുവച്ച അനുഭവങ്ങൾ ഇങ്ങനെയാണ്. കിംസിലെ ചികിത്സയെ കുറിച്ചോ സൗകര്യങ്ങളെ കുറിച്ചോ അല്ല ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. കിംസിൽ ജോലി ചെയ്തിരുന്ന ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ.ഷേണായിയെ പുറത്താക്കി കൊണ്ടുള്ള കിംസ് സി.എം.ഡി ഡോ.സഹാദുള്ളയുടെ ഇമെയിലും അതിന് ഡോ.ഷേണായി കാര്യകാരണം സഹിതം ഡോ.സഹാദുള്ളയ്ക്ക് നൽകിയ മറുപടിയെ കുറിച്ചുമാണ് വാർത്ത നൽകിയത്. ഡോ.ഷേണായി ഇപ്പോൾ കിംസിൽ ജോലി ചെയ്യുന്നില്ല എന്നത് വാസ്തവം ആണ്.

ഡോ.ഷേണായിയുടെ ഇമെയിലിലെ ആരോപണങ്ങൾ കിംസ് മാനേജ്‌മെന്റ് നിഷേധിച്ചിട്ടുമില്ല. ജൂലൈ 4നാണ് ഡോ.സഹാദുള്ളയുടെ ഔദ്യോഗിക മെയിൽ ഐഡിയിൽ നിന്ന് ഡിസ്മിസൽ ലെറ്റർ അയയ്ക്കുന്നത്.