തിരുവനന്തപുരം: ബീറ്റ്‌റൂട്ടിന്റെ രുചിയും നിറവും മാടി വിളിക്കുന്ന മസാലദോശ, കട്‌ലറ്റ്, നെയ്‌റോസ്റ്റ്, മട്ടൻ ഓംലറ്റ്, ആവി പറക്കുന്ന കാപ്പി, ചായ..നാവിൽ കൊതിയൂറുന്ന വിഭവങ്ങളുമായി മലയാളിയുടെ ടേസ്റ്റ് ബഡാണ് ഇന്ത്യൻ കോഫി ഹൗസ്. ഏ.കെ.ജിയുടെ സ്വപ്‌നത്തിൽ വിരിഞ്ഞ പാവപ്പെട്ട തൊഴിലാളികൾക്ക് വേണ്ടിയുള്ള സ്ഥാപനം.

തൊഴിലാളികളുടെ സഹകരണസംഘമുണ്ടാക്കി ഇന്ത്യയൊട്ടാകെ പടർന്ന് പന്തലിച്ച കോഫീഹൗസ് ശൃംഖല. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ കോഫീഹൗസ് ഉണ്ട്. കേരളത്തിൽ മാത്രം വിവിധ സ്ഥലങ്ങളിലായി കോഫീഹൗസിന് അമ്പതിലധികം ശാഖകളുണ്ട്. അതിലൊന്നാണ് തിരുവനന്തപുരത്ത് സ്പെൻസർ ജംഗ്ഷന് സമീപമുള്ളത്.

70 കളിലും, 80 കളിലും തുടങ്ങി ഇന്നോളം ചായച്ചർച്ചകളുടെ കേന്ദ്രം .ഒരുകപ്പ് കാപ്പി കുടിച്ച് ലോകകാര്യങ്ങൾ പറയാൻ ഇവിടെയെത്തുന്ന ബുദ്ധിജീവികളുടെ എണ്ണം എത്രയോ!അഭിനയ പ്രതിഭയായി മാറിയ മോഹൻലാലും സംവിധാനരംഗത്ത് തന്റേതായ പാതവെട്ടിയ പ്രിയദർശനും അവരുടെ കൂട്ടുകാരുമൊക്കെ എത്രയോ സിനിമകൾ ഇവിടെയിരുന്ന് സ്വപ്നം കണ്ടിട്ടുണ്ട്. രാഷ്ട്രീയം, പത്രപ്രവർത്തനം തുടങ്ങിയവ ചർച്ച ചെയ്ത് ജനപ്രതിനിധികളും മന്ത്രിമാരുമായവരെത്രയോ പേർ.

ആവിപറക്കുന്ന ചൂട് കോഫി നുകർന്ന് പുറത്തെ മഴ നോക്കിയിരുന്ന് കവിതയും കഥകളും എഴുതി പില്ക്കാലത്ത് പ്രശസ്തിയിലേക്ക് ഉയർന്ന എഴുത്തുകാരും നിരവധി. നഗരത്തിലെപല കോഫിഹൗസുകളിൽ ഏറ്റവും നല്ല ഭക്ഷണം വിളമ്പുന്ന കേന്ദ്രം. ഇങ്ങനെയൊക്കെയാണെങ്കിലും രണ്ടുമാസമായി അടഞ്ഞുകിടക്കാനാണ് ഈ കേന്ദ്രത്തിന്റെ ദുർവിധി.

ഇടക്കാലത്ത് ശുചിത്വത്തിന്റെ പേരുപറഞ്ഞ് ഭക്ഷ്യസുരക്ഷാവകുപ്പ് റെയ്ഡ് നടത്തി പൂട്ടിച്ചിരുന്നു. പിന്നീട് കുറ്റങ്ങളും കുറവുകളും പരിഹരിച്ച് നവീകരിച്ച് വീണ്ടും തുറന്നു. എന്നാൽ ഏറ്റവുമൊടുവിൽ രണ്ടുമാസം മുമ്പ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇവിടെ കയറിയിറങ്ങി പരിശോധിച്ച് കുറ്റങ്ങളും കുറവുകളും കണ്ടെത്തി വീണ്ടും പൂട്ടാൻ നിർദ്ദേശിച്ചു.

വൃത്തി ഹീനമായ പരിസരവും,പൊട്ടിയ ടൈൽസും, ഡ്രൈനേജുമാണ്, ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ കണ്ടെത്തിയ കുറ്റങ്ങൾ.എന്നാൽ കോഫി ഹൗസ് പൂട്ടിയതിനു പിന്നാലെ ഒന്നര ലക്ഷം രൂപ മുടക്കി , കോഫി ഹൗസ് അധികൃതർ , കുറവുകൾ പരിഹരിച്ചു. എന്നിട്ടും ഇതുവരെ കോഫി ഹൗസ് തുറക്കാൻ അനുമതി ഉണ്ടായില്ല,

ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ നേരിട്ട് പലതവണ ചർച്ചകൾക്ക് വിളിച്ചെങ്കിലും, ഭക്ഷ്യ സുരക്ഷാ വകുപ്പ് മുഖം തിരിച്ചുനിൽക്കുകയാണെന്ന് കോഫി ഹൗസ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഇരുപത് ദിവസം മുൻപും ആരോഗ്യ മന്ത്രി ചർച്ചക്ക് വിളിച്ചിരുന്നു. തുറക്കാനുള്ള അനുമതി ജോയിൻ കമ്മീഷണർക്ക് നൽകുകയും ചെയ്തു.

എന്നാൽ, രണ്ടുമാസത്തിലേറെയായി അടച്ചിരിക്കുന്ന കോഫീഹൗസ് തുറക്കാനുള്ള മന്ത്രിയുടെ നിർദ്ദേശത്തിന് പുല്ലുവിലയാണ് ഉദ്യോഗസ്ഥർ കല്പിച്ചിരിക്കുന്നത്. ബിൽഡിങ് പെർമിറ്റിൽ അപാകതയുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അധികാരത്തിനപ്പുറത്തെ കാര്യമാണിത്.സ്പെൻസർ ജംഗ്ഷന് സമീപമുള്ള ഈ കോഫീഹൗസ് ഇവിടെ സ്ഥാപിതമായിട്ട് അഞ്ച് ദശാബ്ദത്തിലധികമായി.

ഒരുകാലത്ത് തിരുവനന്തപുരം നഗരത്തിലുള്ളവരുടെ രുചിഭേദങ്ങൾ നിശ്ചയിച്ചിരുന്നത് ഈ കോഫീഹൗസാണ്. എഴുപതുകളിലും എൺപതുകളിലും യൂണിവേഴ്സിറ്റി കോളേജിലും എം.ജി കോളേജിലും ആർട്സ് കോളേജിലും പഠിച്ചിരുന്ന യുവാക്കളുടെ ഹരമായിരുന്നു ഇവിടം. അമ്പത് പൈസയുമായി രാവിലെ ഇവിടെ കയറിയാൽ പിന്നെ പോകുന്നത് വൈകുന്നേരമായിരിക്കും. ഒരു കോഫിയും വിൽസ് സിഗരറ്റുമായി ഇരിക്കുന്ന പലരും വൈകുന്നേരമാകുന്നത് അറിയാറേയില്ല. 

കോഫിഹൗസിന് സമീപത്ത് തന്നെ വൃത്തിഹീനമായ പല ഹോട്ടലുകളും ഉള്ളപ്പോൾ അതൊന്നും കണ്ടില്ലെന്ന് നടിക്കാതെ, സ്‌പെൻസർ ജംഗ്ഷനിലെ കേന്ദ്രത്തെ മാത്രം ടാർജറ്റ് ചെയ്യുന്നതിൽ ആർക്കും പ്രതിഷേധമില്ലെന്നാണോ? പതിവായി സൊറ പറയാനെത്തുന്നവരെങ്കിലും ഒന്ന് ശബ്ദമുയർത്തേണ്ടതല്ലേ?