കൽപ്പറ്റ: വയനാട്ടിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ ഹോട്ടലിലെ പരിശോധനയിൽ നിന്നും കണ്ടെത്തിയത് പഴകിയ ഭക്ഷണം. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ കമ്പളക്കാട് ക്രൗൺ ഹോട്ടലിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. സാമ്പിളുകൾ പരിശോധനയ്ക്കയക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. തിരുവനന്തപുരത്ത് നിന്നെത്തിയ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിലായിരുന്നു പരിശോധന.

കമ്പളക്കാട്ടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നാണ് വിനോദസഞ്ചാരികൾ വ്യക്തമാക്കിയത്. ഒമ്പത് പേരെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 29 പേരടങ്ങുന്ന ഒരു സംഘത്തിൽ എല്ലാവർക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.

അതേസമയം, കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച കേസിൽ ഐഡിയൽ കൂൾ ബാറിന്റെ പാർട്ണർ അഹമ്മദ് അറസ്റ്റിലായി. കടയിലെ രണ്ട് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടയുടമയായ പിലാ വളപ്പിൽ കുഞ്ഞഹമ്മദിനെ കേസിൽ നാലാം പ്രതിയാക്കി.

സംസ്ഥാനത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശം. ഹോട്ടലുകൾ, ബേക്കറികൾ, ഫാസ്റ്റ് ഫുഡ് വിൽപ്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ലൈസൻസോടെയാണോ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പരിശോധനകളും നടക്കും. ഗുണമേന്മയുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്നും ജാഗ്രത വേണമെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ചെറുവത്തൂരിലെ ഐഡിയൽ ഫുഡ്‌പോയിന്റിൽനിന്ന് ഷവർമ കഴിച്ച പ്ലസ് വൺ വിദ്യാർത്ഥിനി ദേവനന്ദ(16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഷവർമ കഴിച്ച മറ്റു 17 വിദ്യാർത്ഥികളെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ദേവനന്ദയടക്കമുള്ളവർ ഷവർമ കഴിച്ചത്.

ഞായറാഴ്ച രാവിലെയോടെ കുട്ടികൾക്ക് ഛർദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടു. രാവിലെ പത്തുമണിയോടെ രോഗലക്ഷണമുള്ളവർ ചെറുവത്തൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിത്തുടങ്ങി. ഇവർക്ക് പ്രാഥമിക ചികിത്സനൽകി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുമാറ്റി. അവിടെവച്ചായിരുന്നു ദേവനന്ദയുടെ മരണം.